2016 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഭൂഗർഭ ജലം: താഴുന്ന ജലനിരപ്പും ഉയരുന്ന വെല്ലുവിളികളും

ചിത്രം കടപ്പാട്: www.twdb.texas.gov
നിജസ്ഥിതിയും ആശങ്കകളും 

ഭൂമുഖത്ത് മനുഷ്യവാസം സാധ്യമാക്കിത്തീർക്കുന്നതിൽ ജലത്തിന്റെ ലഭ്യതയ്ക് അവിഭാജ്യമായ സ്ഥാനമാണുള്ളത്. സർവ്വ സസ്യ-ജന്തുജാലങ്ങളുടെയും ഉല്പത്തിയും നിലനിൽപ്പും ഭാവിയുമെല്ലാം ജലത്തിന്റെ ലഭ്യതയെ ആശ്രയിച്ചാണെന്നത് അവിതർക്കമായ വസ്തുതയാണ്. മനുഷ്യരാശിയുടെ ഇന്നോളമുണ്ടായിട്ടുള്ള വികാസത്തിനും പുരോഗതിയ്ക്കും ജലത്തിന്റെ ലഭ്യതയും വിനിയോഗവുമായും ഇഴപിരിയാത്ത ബന്ധമുണ്ട്. കൃഷിയ്ക്കും അനുബന്ധ ജലസേചനത്തിനും ഊർജ്ജോത്പാദനത്തിനും മത്സ്യബന്ധനത്തിനും മറ്റ് ജീവസന്ധാരണ പ്രക്രിയകൾക്കുമൊക്കെയായി മനുഷ്യൻ ജലസ്രോതസുകളെ  ആശ്രയിച്ചുപോരുന്നു. അതില്തന്നെയും നാമൊക്കെയും ശുദ്ധജലത്തിനായി വലിയൊരു പങ്കും കിണറും കുഴൽക്കിണറും മറ്റുമായി ഭൂഗർഭജലത്തിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ കുടിവെള്ള സ്രോതസിന്റെ 80 ശതമാനവും ജലസേചനത്തിന്റെ 60 ശതമാനവും ഭൂഗർഭജലത്തെ ആശ്രയിച്ചാണ്. പ്രതിവർഷം 230 ക്യുബിക് കിലോമീറ്റർ വ്യാപ്തിയുണ്ട് ഒരാണ്ടിലെ ഇന്ത്യയുടെ ഭൂഗർഭജല വിനിയോഗമെന്ന് ലോക ബാങ്കിന്റെ ജലവിഭവ പഠന സംഘം  കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ മൊത്തം ഉപഭോഗത്തിന്റെ നാലിലൊന്നിനെക്കാൾ കൂടുതലാണ് ഈ ഉപഭോഗം. 

ആസൂത്രണ കമ്മീഷൻ അതു നിലനിന്നിരുന്ന അവസാന കാലത്ത്  നടത്തിയ പഠനങ്ങളിൽനിന്ന് വെളിവാകുന്നത് ഇന്ത്യയുടെ പലഭാഗങ്ങളിലും ഭൂഗർഭജലവിതാനം പ്രതിവർഷം 4 സെന്റിമീറ്ററോളം താഴുന്നുവെന്നാണ്.ഇത്തരത്തിൽ അനുസ്യൂതം തുടർന്നുപോരുന്ന ഭൂഗർഭജല ആശ്രയത്വം ഭാവിയെപ്പറ്റി കടുത്ത ആശങ്കകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ നാലാം ഗ്ലോബൽ എൻവിറോണ്മെന്റല് ഔട്ട്ലുക് റിപ്പോർട് പ്രകാരം 2025 ആകുമ്പോഴേയ്ക്കും ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ ഭൂഗര്ഭജലത്തിന്റെ ഊറ്റിയെടുക്കൽ നിലവിൽ വലിച്ചെടുക്കുന്നതിനേക്കാൾ  50 ശതമാനവും വികസിത രാജ്യങ്ങളിൽ 18 ശതമാനവും  ഉയരുമെന്നു പ്രതിപാദിക്കുന്നു. ഇത്തരമൊരു ലോകസാഹചര്യത്തിൽ ജലവിഭവ ചൂഷണത്തിന്റെ പതാകവാഹകരായിത്തന്നെ മലയാളി സമൂഹവും ചേർന്നു പോകുന്നുണ്ട് എന്നത് അവിതർക്കമായ കാര്യമാണ്.  

ജനജീവിതത്തിന്റെ പരിസരങ്ങളും അവകാശങ്ങളും  

ഇത്തരത്തിൽ അതിശീഘ്രം താഴ്ന്നു വരുന്ന ജലനിരപ്പിന്റെ ആശങ്കകളോടൊപ്പംതന്നെ ലഭ്യമായ ഭൂഗർഭ ജലവിഭവത്തിന്മേലുള്ള മലിനീകരണവും അതിഭീതിതമായ വെല്ലുവിളി ഉയർത്തുന്നു. കാർഷിക മേഖലയിലുപയോഗിക്കുന്ന രാസത്വരകങ്ങളും കീടനാശിനികളും വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങളും മറ്റു ഖരമാലിന്യങ്ങളുമെല്ലാം ഈ മലിനീകരണത്തിന് കാരണമാകുന്നു. തണ്ണീർത്തടങ്ങളുംവയൽനിലങ്ങളിലുമെല്ലാം നഗരവത്ക്കരണത്തിന്റെ ഭാഗമായി വൻതോതിൽ മാലിന്യങ്ങൾ പുറന്തള്ളുന്നതും ഭൂഗർഭജലസഞ്ചയത്തിലേയ്ക് മാലിന്യങ്ങൾ വന്നുചേരുന്നതിനിടയാക്കുന്നു. ഇതൊക്കെയും ശുദ്ധജല ലഭ്യതയ്ക്കുള്ള വ്യക്തിയുടെ അവകാശങ്ങൾക്കുമേലാണ് വിഘ്നം തീർക്കുന്നത്. രാഷ്ട്രീയാധികാരങ്ങളിൽനിന്ന് അകലംപാലിക്കപ്പെട്ട്  പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ആവാസഭൂമികകളിൽ തുടർന്നുപോരുന്ന ഖനനപ്രക്രിയകൾ നൈസർഗ്ഗികമായ ഭൂജല സംഭരണത്തിന്റെ ഘടനയെത്തന്നെ മാറ്റം വരുത്തുമെന്നും വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആദിവാസികളുടെയും അവരധിവസിക്കുന്ന വനഭൂമികളുടെയും സ്വാഭാവിക ജൈവത നഷ്ട്ടപ്പെടുത്തുന്നതിൽ അധികാരികൾക്ക് യാതൊരു സങ്കോചവും ഇന്നേവരെ ഉണ്ടായിട്ടില്ല എന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ താഴ്ന്ന ജലവിതാനവും മലിനീകരണവും മനുഷ്യവാസത്തെയും ജൈവവ്യവസ്ഥയെയും എല്ലാത്തലത്തിലും പ്രതികൂലമായി ബാധിക്കുന്നു. കുടിവെള്ള ക്ഷാമം, ആരോഗ്യപ്രശ്നങ്ങൾ, അഭയാർത്ഥി പ്രശ്നങ്ങൾ, വനനശീകരണം, ജൈവവൈവിധ്യത്തിന്റെ ശോഷണം,  സമ്പദ്ഘടനയുടെ തകർച്ച എന്നിങ്ങനെ സാമൂഹ്യ അധഃസ്ഥിതാവസ്ഥയുടെ സർവ്വമണ്ഡലങ്ങളേയും ബാധിക്കുമാറ് ഈ വെല്ലുവിളിതീവ്രമായിക്കൊണ്ടിരിക്കുന്നു. ശുദ്ധമായ കുടിവെള്ളത്തിനുള്ള അവകാശം പരമപ്രധാനമായ മനുഷ്യാവകാശമാണെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തിയിട്ടുള്ളതാണ്. ഇന്ത്യയുടെ സുപ്രീംകോടതിയും ശുദ്ധമായകുടിവെള്ളത്തിനുള്ള അവകാശം മൗലികമായ അവകാശങ്ങളുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നിലയ്ക് അവകാശസംരക്ഷണത്തിന്റെ മാനങ്ങളും കൂടി ജലസംരക്ഷണത്തിനു വന്നുചേരുന്നു. 

മലയാളിയുടെ അതിരുകൾക്കുള്ളിൽ 

ഒരു പതിറ്റാണ്ടിലേറെ പഴക്കത്തോടെ കേട്ടു തഴമ്പിച്ച വർത്തമാനങ്ങളും പ്ലാച്ചിമടയിലെതുൾപ്പെടെയുള്ള   അനുഭവങ്ങളുടെ  പാഠപുസ്തകവും പേറുന്ന മലയാളിക്ക് ഇന്നും ഭൂജലവിനിയോഗത്തിന്റെ ബാലപാഠങ്ങളുടെ പരീക്ഷയിൽ വിജയപ്രതീക്ഷയില്ല.  കേന്ദ്ര ഭൂജല ബോർഡിന്റെ സ്ഥിതിവിവരകണക്കു പ്രകാരം കേരളത്തിന്റെ ഭൂജലവിതാനത്തിന്റെ പിൻവാങ്ങൽ  തോത് 71.26 % ആണ്. കേരളത്തിലെ 606 കിണറുകൾ പഠനവിധേയമാക്കിയതിൽ 434 കിണറുകളിലും ജലനിരപ്പിന്റെ താഴ്ച പ്രകടമായതായും ഭൂജലബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. സുമാർ 3000 മില്ലി മീറ്റർ മഴ ലഭ്യമാകുന്നതും ഭൗമോപരിതലജലാശയങ്ങൾ ഒട്ടുമിക്കയിടങ്ങളിലും ഉള്ളതുമായ കേരളത്തിൽ ഇങ്ങനെകണ്ടുവരുന്ന പ്രവണത ഒട്ടും ആശാവഹമല്ല.ഇതിനൊക്കെ ഇടയിലാണ് ആഗോളതാപനത്തിന്റെയും കാലാവസ്ഥവ്യതിയാനത്തിന്റെയുമൊക്കെ ഉച്ചസൂര്യന്മാർ ഭീതിവിതയ്ക്കുന്നത്. ഇക്കഴിഞ്ഞ വേനൽക്കാലം മലയാളിക്കു വിട്ടുതന്ന വരൾച്ചയുടെ പാഠങ്ങൾ  ഉൾക്കൊണ്ടില്ലെങ്കിൽ വലിയ പാരിസ്ഥിതിക വെല്ലുവിളികൾക്കും ജൈവാവസ്ഥയുടെ ശോഷണത്തിനും നമ്മൾ വിധേയരാകും എന്നത് തീർച്ചയാണ്. വേനലിൽ പെട്ടന്ന് നേരിട്ട വരൾച്ചയെ മറികടക്കാൻ ഒട്ടുമിക്കയിടങ്ങളിലും വ്യക്തികളോ സർക്കാർ  സ്ഥാപനങ്ങളോ ദൂരങ്ങളിൽ നിന്നും ജലം  ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തിപ്പോന്നു. മറ്റുള്ളവർ കുഴൽക്കിണർ ഒരു പ്രതിവിധിയായിക്കണ്ട് അതിനെ ആശ്രയിക്കുകയാണുണ്ടായത്. എന്നാൽ വലിയ തോതിൽ കുഴൽക്കിണറുകൾ പ്രത്യക്ഷപെട്ടതോടെ സമീപങ്ങളിലെ കിണറുകളിലെയും മറ്റും ജലനിരപ്പ് പിൻവാങ്ങിത്തുടങ്ങിയാതായിക്കാണാം. പാലക്കാടുപോലുള്ള ജില്ലകളിൽ ഇതിന്റെ  ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ട്. 

നൂറ്റിയന്പതും ഇരുന്നൂറും മീറ്ററുകൾ താഴ്ചയിൽനിന്ന് കുഴൽക്കിണറുകളിലൂടെ വെള്ളം ഊറ്റിയെടുക്കുന്നതോടെ ചുറ്റുവട്ടത്തുള്ള കിണറുകൾ ഉൾപ്പെടെ ഒട്ടനവധി  ജലസ്രോതസുകൾക്ക് നിലനില്പില്ലാതെയാവുകയാണ്. അതിലുപരിയായി ഭൗമാന്തർഭാഗത്തെ ആഴങ്ങളിൽ വിശേഷിച്ചു പാറരൂപങ്ങളിൽനിന്നും വലിച്ചെടുക്കുന്ന വെള്ളത്തിൽ ഉയർന്നതോതിൽ അതിസാന്ദ്രതാലോഹങ്ങളുടെ സാന്നിദ്ധ്യം ഉള്ളതായി  ശാസ്ത്രീയമായി തെളിയിപ്പെട്ടിട്ടുണ്ട്.  ആഴ്‌സെനിക്, കാഡ്മിയം, ലെഡ്,  ഫ്ലൂറൈഡുകൾ  ഇത്യാദി രാസമൂലകങ്ങളുടെ സാന്നിദ്ധ്യം കൂടി ചേർന്ന ഈ വെള്ളത്തിന്റെ ഉപയോഗം ക്യാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകുന്നതായി ശാസ്ത്രലോകം ശരിവയ്ക്കുന്നു. സെപ്റ്റിടാങ്കിന്റെ സാന്നിധ്യത്തെയും കോളിഫോം ബാക്റ്റീരിയയെയുംപറ്റി മാത്രം ആശങ്കപ്പെട്ടിരുന്ന കാലം അതിക്രമിച്ച് അതിതീവ്രമായ ഒരുപറ്റം ചോദ്യങ്ങൾക്കുമുന്പിൽ ഇന്ന് മലയാളി നിലകൊള്ളുന്നു. 

അതിജീവനത്തിന്റെ പോംവഴികൾ 

ചിത്രം കടപ്പാട്: ഡെക്കാ ഹെറാൾഡ്
കൃത്യമായ മഴവെള്ള സംഭരണ പ്രവർത്തനങ്ങളിലൂടെയും മേൽമണ്ണിന്റെ  പ്രകൃതി-സൗഹൃദ ഉപയോഗക്രമത്തിലൂടെയും നല്ലൊരു പങ്ക് ഭൂഗർഭ ജലശേഖരണം സാധ്യമാണ്. മഴക്കുഴികൾ നിർമ്മിച്ചും തോടുകളിലും ചാലുകളിലും തടയണകൾ  തീർത്തും ഒക്കെ ചെറിയ ചുവടുകൾ വെയ്‌ക്കേണ്ടതുണ്ട്. ഇടതൂർന്ന സസ്യവിതാനങ്ങൾക്ക് മണ്ണിലേക്കുള്ള മഴവെള്ളത്തിന്റെ വരവിനെയും മറ്റും നിയന്ത്രിക്കാൻ  ശേഷിയുണ്ട്. വീട്ടുമുറ്റത്തും വഴിയോരത്തും പുറമ്പോക്കിലും എല്ലാം നടീൽ പ്രവർത്തനങ്ങളും വനവത്കരണവും ഒക്കെ ഊർജ്ജിതമാക്കി മണ്ണൊലിപ്പ് തടയലും ജലസ്രോതസുകളെ പുഷ്ടിപ്പെടുത്തലും കാര്യക്ഷമമാക്കേണ്ടതുണ്ട്. ജനങ്ങളുടെയും സർവ്വ ജീവജാലങ്ങളുടെയും  ശുദ്ധജലത്തിനുള്ള അവകാശത്തിന്റെയും അതിജീവനത്തിന്റെയും  പ്രശ്നമാകയാൽ ജനകീയവും  വികേന്ദ്രീകൃതവുമായ പദ്ധതി ആവിഷ്ക്കരണവും ഇടപെടലും കാല-ദേശ ഭേദങ്ങൾക്കനുസൃതമായി ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതുണ്ട്.   തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന ചില പദ്ധതികൾ ഈ പ്രവർത്തനത്തിന് ഏറെ സഹായകരമാണ്. എന്നാൽ  ഭരണഘടനാപരമായും പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി നിയമ പ്രകാരവുമെല്ലാം നിക്ഷിപ്തമായ അധികാരങ്ങളുപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൈവിധ്യപൂർണ്ണമായ തനതു പരിപാടികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. വാർഡ് തലത്തിൽ കുടുംബങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രവർത്തനങ്ങളിലൂന്നിയ ബോധവൽക്കരണം സാധ്യമാക്കേണ്ടതുണ്ട്. ജനകീയമായ ഇടപെടലോടെയും സഹകരണത്തോടെയും ഇതൊരു പ്രസ്ഥാനമായി മുന്നേറണം . ഒഴിഞ്ഞ പറമ്പുകളിലും ഉയർന്ന പ്രദേശങ്ങളിലും ഒക്കെ അതാതു പ്രദേശത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പരമാവധി മഴവെള്ളം ശേഖരിക്കാനാകണം. മണ്ണിടിച്ചിലിന്റെയും ഉരുള്പൊട്ടലിന്റെയും സാധ്യതകളെപ്പറ്റിയും കെട്ടിടങ്ങളുടെയും സുരക്ഷയെപ്പറ്റിയുമുള്ള ധാരണയുടെ അടിസ്ഥാനത്തിൽ  ആകണം സ്ഥലങ്ങൾ നിശ്ചയിക്കേണ്ടത്.അത്തരം മേഖലകൾ നിശ്ചയിക്കാനും മറ്റും ശാസ്ത്രപ്രചാരകരും വിദ്യാർത്ഥികളുമടങ്ങുന്ന കർമ്മസേന തന്നെ തദ്ദേശസ്ഥാപനങ്ങൾക്ക് രൂപീകരിക്കാവുന്നതാണ്. 
 ഗാർഹികാവശ്യങ്ങൾക്കുൾപ്പെടെ സ്ഥാപിക്കപ്പെടുന്ന കുഴൽക്കിണറുകൾക്ക് ലൈസൻസിങ് ഏർപ്പെടുത്തണം. വെള്ളത്തിന്റെ ഗുണനിലവാരവും ജലനിരപ്പും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് തക്കതായ ഇടപെടലുകൾ ബന്ധപ്പെട്ട സർക്കാർ-സർക്കാരിതര സംവിധാനങ്ങളുമായി സഹകരിച്ച് നടപ്പിൽ വരുത്തേണ്ടതാണ്. ശുദ്ധജല ലഭ്യത എല്ലാ വീടുകളിലും ഉറപ്പുവരുത്തുകയും വേണം. ജനസാന്ദ്രതകൂടിയ പ്രദേശങ്ങളിൽ ജലപുനരുപയോഗത്തിനുള്ള ശുദ്ധീകരണപ്ലാന്റുകൾ സ്ഥാപിക്കപ്പെടുന്നത് വഴി ടോയ്‌ലറ്റ്  ഫ്ലെഷിങിനും അടുക്കളത്തോട്ടവും പൂന്തോട്ടവും നനയ്ക്കാനും വാഹനങ്ങൾ കഴുകാനും മറ്റുമായി ഇതേ വെള്ളംതന്നെ  ഉപയോഗിക്കാവുന്നതുമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാനാവശ്യമായ സാമ്പത്തിക വിഹിതം ഉറപ്പുവരുതാനാവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള ഉത്തരവാദിത്വവും സർക്കാരുകൾക്ക് ഉണ്ട്.വ്യക്തികളുടെ  ജല പാദമുദ്ര (വാട്ടർ ഫൂട്പ്രിൻറ്)  പരമാവധി കുറയ്ക്കുക എന്ന നിലയിലേയ്ക് സമൂഹത്തെക്കൊണ്ടെത്തിക്കാനുതകുന്ന വിദ്യാഭാസപ്രവർത്തനങ്ങൾ ഇതിൽ ഉൾചേരേണ്ടതുമുണ്ട്. 

തണ്ണീർതടങ്ങളുടെയും വയൽനിലങ്ങളുടെയും സംരക്ഷണവും നൈസർഗ്ഗികമായ നിലനിൽപ്പും  ഉറപ്പുവരുത്തുന്നതിനോടൊപ്പം അതിന്റെ പാലകരായ് നിലകൊള്ളുന്ന ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇവ്വിധം സമഗ്രമായ വിഭവ-പാലന വികാസ സാധ്യതകൾക്ക് ഉതകുംവിധം ഭരണകൂടത്തിന്റെ നയങ്ങൾ  പരിഷ്‌ക്കരിക്കേണ്ടതുണ്ട്. രാഷ്ട്രീയപാർട്ടികൾ ഇതൊരു മുഖ്യ അജണ്ടയായിക്കണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. എന്തുകൊണ്ടും സാമ്പത്തികവും പാരിസ്ഥിതികവുമായ വിഭവങ്ങളുടെ ചൂഷണത്തിനെതിരെയുള്ള സമരരൂപങ്ങൾ  ക്രിയാത്മകമായും പ്രതിരോധാത്മകവമായും പരിഷ്‌ക്കരിക്കേണ്ടതുണ്ട്. ജലസ്രോതസുകളുടെ പരിരക്ഷയിലും  അതിന്മേലുള്ള അവകാശത്തിലും ഏവർക്കും തുല്യമായ പങ്കാണുള്ളതെന്നും അത്തരമൊരു തിരിച്ചറിവിലൂന്നിയ പ്രവർത്തനങ്ങൾകൊണ്ട് ഭാവിതലമുറയ്ക്കൂടി അവകാശപ്പെട്ട പ്രകൃതിവിഭവങ്ങൾ കാത്തുകൊള്ളാനായാൽ മാത്രമേ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നത് ഇനിയും വിസ്മരിച്ചുകൂടാ.

2016 ഓഗസ്റ്റ് 6, ശനിയാഴ്‌ച

മത്സ്യബന്ധനം: ഉപജീവനത്തിന്റെ ചങ്ങലകളും കടലതിരിന്റെ രാഷ്ട്രീയവും

                                                                                                                    
മത്സ്യബന്ധനതൊഴിലാളികൾ അയൽരാജ്യങ്ങളുടെ സമുദ്രാതിർത്തികൾ  ലംഘിക്കുന്നുവെന്ന കാരണത്താൽ പലഘട്ടങ്ങളിലും രാജ്യങ്ങൾ അവരെ പിടികൂടുകയോ തടവിലാക്കുകയോ ചെയ്യാറുണ്ട്. താരതമ്യേന അടുത്തടുത്ത തീരങ്ങളുള്ളതും മുഖ്യ ഭൂമികയിനിന്ന് വേർതിരിക്കുന്ന കടലുകളിൽ ദ്വീപുകൾ നിലനിൽക്കുന്നതുമായ രാജ്യങ്ങളുടെ സമുദ്രാതിർത്തികളിലുമാണ്  അടിയ്ക്കടി ഈ പ്രശ്നം ഉണ്ടാകാറുള്ളത്.  ഇന്ത്യ-ശ്രീലങ്ക ബന്ധത്തിനിടയിലെ ഒരു സുപ്രധാന പ്രശ്നമായി മത്സ്യബന്ധന തൊഴിലാളികളുടെ തടവിലാക്കൽ മാറാറുണ്ട്. 

 എന്നാൽ കഴിഞ്ഞ മെയ് 27ന് സമുദ്രാതിർത്തി ലംഘിച്ചുവെന്ന  കാരണത്താൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കു പടിഞ്ഞാറേ ഭാഗത്തെ ബ്രിട്ടീഷ് ദ്വീപ് പ്രദേശമായ ഡീഗോ ഗാർഷ്യയുടെ സമുദ്രാതിർത്തി ലംഘിക്കപ്പെട്ടതിന്റെ പേരിൽ  6 മലയാളികളടങ്ങുന്ന 19 അംഗ സംഘത്തെ  അറസ്റ് ചെയ്യുകയുണ്ടായി.തുടർന്നു ഒരു മാസത്തോളമായി കേന്ദ്ര-കേരള സർക്കാരുകൾ നടത്തിവന്ന ഇടപെടലുകളുടെ ഫലമായി വിടുതൽ നേടുകയും ചെയ്തു. ഇന്ത്യയുടെ തെക്കേ മുനമ്പിൽനിന്ന് സുമാർ 1100 മൈൽ അകലെ ആഴക്കടലിലേയ്ക്  മത്സ്യസമ്പത്തിന്റെ ജീവനോപാധി തിരയാൻ ചെറുയാനത്തിന് വഴികാട്ടിയതോ വഴിപിഴപ്പിച്ചതോ എന്ത് എന്നതാണ് ഏറെ പ്രസക്തമായുയരുന്ന ചോദ്യം. ഇങ്ങനെ തുടരെ തുടരെയുണ്ടാകുന്ന തടവിലാക്കലുകളും  മോചനവുമല്ലാതെ ഇതോടനുബന്ധിച് മത്സ്യബന്ധന മേഖല നേരിടുന്ന യഥാർത്ഥ പ്രശനങ്ങളുടെ ആഴങ്ങളിലേയ്ക് നാം ഇനിയും ഇറങ്ങി ചെല്ലേണ്ടതുണ്ട്. 

                                                                                                                                                            (ചിത്രം കടപ്പാട് :www.socialnews.xyz)

ഇന്ത്യയുടെ എക്സ്ക്ലൂസിവ് എക്കണോമിക് സോൺ (EEZ) നുമപ്പുറത്ത്‌ പുറം കടലിലേയ്ക് മത്സ്യസമ്പത്ത് തേടി അലയേണ്ട സാഹചര്യം എങ്ങനെ സംജാതമായി? നവ ലിബറൽ സാമ്പത്തിക നയങ്ങളുടെയും ലോക വ്യാപാര സംഘടന കരാറിന്റെയും മറ്റും അടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളിലെ വൻകിട ട്രോളറുകൾക്കും ഫാക്ടറി ഷിപ്പുകൾക്കും ഇന്ത്യൻ സമുദ്രാതിർത്തിയ്ക്കുള്ളിൽ നിന്നു പോലും മത്സ്യ വേട്ട സാധ്യമാക്കിയത് നമ്മുടെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. 1990 കളുടെ തുടക്കം മുതൽ അനുവർത്തിച്ചു പോന്ന ഈ നയം മാറി മാറി വന്ന യു.പി.എ-എൻ.ഡി.എ   സർക്കാരുകൾ അതേപടി തുടർന്നുവെന്നു മാത്രമല്ല പൂർവ്വാധികം ശക്തിയോടെ എക്കാലവും പരിപോഷിപ്പിച്ചു. ഇത്തരത്തിൽ ഇന്ത്യയുടെ മത്സ്യസമ്പത്ത് കൊള്ളയടിക്കപ്പെട്ട് വിദേശങ്ങളിലേയ്ക്  കയറ്റിയയക്കപ്പെടുന്ന സ്ഥിതിവിശേഷം രൂപപ്പെട്ടു. അനന്തരം കേരളത്തിലേതുൾപ്പെടെ ഇന്ത്യയിലെ ചെറുകിട മത്സ്യബന്ധനത്തെയും തൊഴിലാളികളെയും ഇന്ത്യയിലെ മത്സ്യവിപണിയെയും സാരമായി ബാധിച്ചു. 

തീരദേശവാസികളുടെ വരുമാനവും അന്നവും, സമൂഹത്തിന്റെയാകെ ഭക്ഷ്യ സംസ്കാരത്തിന്റെയും ആരോഗ്യത്തിന്റെയുമൊക്കെ കടയ്ക്കൽ കത്തിവെയ്ക്കുന്ന നയങ്ങളായാണ് കേന്ദ്ര സർക്കാരിന്റെ ഈ നിലപാടുകൾ തുടർന്നു പോരുന്നത്. 1982 ലെ അന്തർദേശീയ സമുദ്രനിയമ (United Nations Convention on Law of the Seas-UNCLOS) ത്തിലെ വ്യവസ്ഥകൾ പ്രകാരം തീരത്തുനിന്നുള്ള 200 നോട്ടിക്കൽ മൈൽ ദൂരം ഇന്ത്യയുടെ EEZ ആണ്. പ്രസ്തുത ഉടമ്പടിപ്രകാരം തന്നെ EEZ പ്രദേശത്തെ എല്ലാ വിഭവങ്ങളുടെമേലും സാമ്പത്തികവും അല്ലാത്തതുമുൾപ്പെടെ, നമ്മുടെ രാജ്യത്തിനു പരമാധികാരം നിലനിൽക്കുന്നുണ്ട്. അങ്ങനെയിരിക്കെത്തന്നെയാണ് അന്തർദേശീയ സാമ്പത്തിക-വ്യാപാര ബന്ധങ്ങളുടെ പേരുപറഞ്ഞും ഉദാരവൽക്കരണ നയങ്ങളെ പിൻപറ്റിയും 12  നോട്ടിക്കൽ മൈൽ വരെയുള്ള 'ടെറിട്ടോറിയൽ സീ' (UNCLOS-ൽ നിർവചിക്കപ്പെട്ടത്) വരെ വിദേശ ട്രോളറുകൾക്ക് മത്സ്യബന്ധനത്തിനു അനുവാദം നൽകിപ്പോന്നത്. 'ടെറിട്ടോറിയൽ സീ'  യഥാർത്ഥത്തിൽ ഒരു രാജ്യത്തിന്റെ കരഭൂമിയുടെ തുടർച്ചയെന്നോണമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ അതു സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശവുമാണ്.അതായത് യഥാർത്ഥത്തിൽ രാജ്യത്തിനു അധികാരമുള്ള സമുദ്രപ്രദേശത്തിന്റെ 188 നോട്ടിക്കൽ മൈൽ പ്രദേശവും (തുറസ്സായ കടൽ പ്രദേശങ്ങൾ ആണ് ഇവിടെ പ്രതിപാദ്യം. EEZ ന്റെ പരിധിക്കുള്ളിൽ വച്ചു തന്നെ മറ്റൊരു രാജ്യത്തിന്റെ അധികാര പരിധി തുടങ്ങുകയാണെങ്കിൽ അവിടെ വരെ) വിദേശ ട്രോളിംഗ് കമ്പനികൾക്ക് കൊള്ളയടിക്കാൻ വിട്ടു നൽകിയിരിക്കുകയാണ്. 

ഇത്തരത്തിൽ വൻകിട യന്ത്രവല്കൃത യാനങ്ങളിൽ മത്സ്യസമ്പത്തുക്കൾ തൂത്തുവാരിയെടുത്തു പോകുമ്പോൾ ചെറുകിട മത്സ്യ ബന്ധനത്തിനും തീരത്തോടടുത്ത പ്രദേശങ്ങളിൽ മത്സ്യ ലഭ്യതയ്ക്കുള്ള സാധ്യതയും പാടെ അവസാനിക്കുകയാണ്. ഇതു തൊഴിലാളികളെയാകെത്തന്നെ ആഴക്കടലിന്റെ  പുതിയ മേച്ചിൽപുറങ്ങൾ തേടാൻ നിർബന്ധിതരാകുന്നു. അവിടെയും സ്ഥിതി മെച്ചമല്ലതാനും. ഒരു ഭാഗത്തു സംസ്ഥാനം ചെറു ബോട്ടുകളുടെ ട്രോളിംഗ് നിരോധിക്കുകയും മറുഭാഗത് വൻകിട വിദേശക്കപ്പലുകൾ മത്സ്യക്കൊയ്ത് നടത്തുകയും ചെയ്യുമ്പോൾ തന്നെ ഈ ട്രോളിംഗ് നിരോധനം അർത്ഥ പൂർണ്ണമല്ലാതാകുന്നു. ഇതിനുപുറമെയാണ് ആഗോളാടിസ്ഥാനത്തിലുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെയും സമുദ്രമലിനീകരണത്തിന്റെയുമൊക്കെ ഫലമായുള്ള ബാധ്യതകളും നമ്മുടെ കടൽസമ്പത്തും മത്സ്യ ബന്ധന മേഖലയും പേറുന്നത്. ആഗോളപ്രതിഭാസമായി സമുദ്രങ്ങളെ പിടികൂടിയ വർധിക്കുന്ന അമ്ലത്വവും സമുദ്രോഷ്മാവും തീരങ്ങളിലും ആഴക്കടലിലും പുറന്തള്ളുന്ന ഖര-രാസ-അജൈവ മാലിന്യങ്ങലും ഒക്കെ കൂടിചേർന്ന് സമുദ്ര ജൈവാവസ്ഥയെ (Marine Ecosystem) ശുഷ്ക്കിപ്പിക്കുന്നു. കേരളം പോലുള്ള പ്രദേശങ്ങളിൽ കടലിലേയ്ക് നദികളിൽ നിന്നുള്ള നീരൊഴുക്കിന്റെ വ്യതിയാനവും മത്സ്യസമ്പത്തിന്റെ ഇടിവിനു കാരണഭൂതമായിട്ടുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

ഉദാരവത്കരണ കാലത്തെ ആദ്യകാല കോൺഗ്രസ്സ് സർക്കാരുകളുടെ നിലപാടുകലിന്മേൽ അന്നുതന്നെ ഉയർന്നു വന്ന എതിർപ്പുകൾ അഭിസംബോധന ചെയ്യാനായിതന്നെ 1995-ല്‍ ആഴക്കടൽ മത്സ്യ ബന്ധന നയപരിശോധിക്കാനായി നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശയാനങ്ങൾക്ക് അനുസ്യൂതം മത്സ്യസമ്പത് വേട്ടയ്ക് അനുമതി നൽകുന്ന പെർമിറ്റുകൾ നിയമവിധേയമായി റദ്ദു ചെയ്യണമെന്നും മറ്റുള്ളവയ്ക് പെര്മിറ്റി കാലാവധി അവസാനിക്കുന്നമുറയ്ക്ക്  പുതുക്കിനല്കാതിരിക്കാനും സർക്കാരിനോട് ശുപാർശ ചെയ്യുതു. എന്നാൽ ഇതിനെയാകെ അവഗണിക്കുന്ന നിലപാടാണ് പിന്നീടുള്ള സർക്കാരുകൾ കൈക്കൊണ്ടത്. രണ്ടാം യു.പി.എ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി  തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ കാര്യപ്രാപ്തിയും സാങ്കേതിതികവും കൈവരിക്കുംവരേയ്ക്കും വിദേശയാനങ്ങൾക്ക് യഥേഷ്ടം സമ്പത് കൊള്ള ചെയ്തുകൊള്ളാം എന്നും പറഞ്ഞു വയ്ക്കുന്നു. 

ഇതിന്റെയെല്ലാം ഭാരം ഏറ്റുവാങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ മനസ്ഥിതിയും ജീവിത സാഹചര്യങ്ങളും പുഷ്ടിപ്പെടുത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ഭരണഘടനാപരമായും ഇതര നിയമവ്യവസ്ഥപ്രകാരവുമെല്ലാം ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് പരിരക്ഷ ലഭിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് നിയമപരിരക്ഷകളോ സഹായപദ്ധതികളുടെ ലഭ്യതയോ വേണ്ടുംവിധം ലഭ്യമാകാതെയുണ്ട്. ഒരു കാറ്റിലോ കടൽക്ഷോഭത്തിലോ ഒക്കെ വേരറ്റുപോകാവുന്ന കൂരകളിൽ അധിവസിക്കുന്ന മഹാഭൂരിഭാഗം മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ ഇനിയും ചവിട്ടിയരയ്ക്കാൻ ഭരണകൂടത്തെ അനുവദിച്ചുകൂട. ലഭ്യമാകുന്ന മത്സ്യത്തിന്റെ മൂല്യം ഇന്ധനത്തിന്റെ ചിലവോ ബോട്ടുടമയുടെയോ ഇടനിലക്കാരെന്റെയോ ഒക്കെ ലാഭവിഹിതങ്ങളിൽ ചെന്നുപെട്ടിട്ടുമാണ് വാങ്ങുന്നവന്റെമേൽ വിലക്കനം തീർക്കുന്നത്. ഇതിനൊരറുതി വരുത്താൻ മത്സ്യ മാർക്കറ്റിംഗ് രംഗത്ത് സർക്കാർ കാര്യക്ഷമമായ് ഇടപെടണം. സഹകരണ മേഖലയിൽ മത്സ്യബന്ധനത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനുതകുന്ന നയരൂപീകരണത്തിന് ഭരണകൂടത്തിന് കഴിയണം.

                                                                                                                                                   (ചിത്രം കടപ്പാട് :www.greenpeace.org)

തീരദേശങ്ങളും കടലും മലീമസമാകാതെ അതിന്റെയൊക്കെ കാവലാളുകളായ് തീർന്ന്  സ്വന്തം ഉപജീവനത്തിന് കടലമ്മയെ നെഞ്ചേറ്റി ജീവിക്കുന്ന ഒരു ജനതയുടെ പൊക്കിൾക്കൊടി ബന്ധത്തെയാണ് സർക്കാർ നയങ്ങൾ കോര്പറേറ്റ് ണാധികാരത്തിന്റെ വെറ്റിലക്കൊടികളി കൊണ്ടുചെന്നു കെട്ടുന്നത്. മുരാരി കമ്മിറ്റിയുടെ പ്രസക്തമായ ശുപാർശകൾ അടിയന്തരമായി നടപ്പാക്കുകതന്നെ വേണം. സമഗ്രമായ ഒരു സമുദ്രജൈവാവസ്ഥ നിർണ്ണയത്തിനുള്ള(Ecological Assessment of Marine Ecosystem) നടപടികൾ കാലവിളംബം കൂടാതെ അക്കാദമിക് സമൂഹവുമായി ചേർന്ന് നടപ്പാക്കുവാൻ സർക്കാരുകൾ മുന്നിട്ടിറങ്ങണം. 

മത്സ്യത്തൊഴിലാളികളെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് അവരുടെകൂടി പങ്കാളിത്തത്തോടെ തീരങ്ങളുടെയും കടലിന്റെയുമുൾപ്പെടെ അവരുടെ ആവാസവ്യവസ്ഥയുടെ പാരിസ്ഥിതികസംരക്ഷണത്തിന് ജാഗ്രത സമിതികൾ രൂപീകരിക്കേണ്ടതുണ്ട്. തീരദേശപരിപാലന നിയമം മത്സ്യതൊഴിലാളികളുടെ ജൈവ മേഖല എന്ന നിലയ്ക്ക് കൂടി പൊളിച്ചെഴുതണം. മത്സ്യബന്ധനത്തിനുള്ള തൊഴിലാളികളുടെ കീഴ്വഴക്ക അവകാശത്തിനു (Customary Right) വിധേയമായിക്കൊണ്ട് മാത്രമേ വിദേശകമ്പനികൾക്ക് ഈ മേഖലയിൽ എന്തെങ്കിലും വിധത്തിലുള്ള കടന്നു കയറ്റത്തിന് വഴിതുറക്കാവൂ. ഈ പരിതസ്ഥിതിയിൽ ജനജീവിതത്തിനും ജൈവസമ്പത്തിനും സംരക്ഷണം നല്കുവാനുള്ള ഉത്തരവാദിത്വമേറ്റെടുക്കുകയും പ്രകൃതി വിഭവങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗത്തിനനുസൃതമായ നിലപാടുതറകളിൽ  ഉറച്ചു നിൽക്കുകയുമാണ് രാഷ്ട്രീയ നേതൃത്വം ചെയ്യേണ്ടത്.