ലോക സമാധാനത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ വിവിധ ദൗത്യങ്ങളിൽ പ്രവർത്തിക്കുകയും നിയമവാഴ്ചയുടെ സ്ഥാപനത്തിനും മനുഷ്യാവകാശ സംരക്ഷണ ദൗത്യങ്ങളിലും ക്രിയാത്മകമായ പങ്കുവഹിക്കുകയും ചെയ്ത ശ്രീ വി.പി. മധുസൂദനൻ നായർ, ഇക്കഴിഞ്ഞ ജൂലൈ 22 ആം തീയതി ഹൃദയസംബന്ധിയായ അസുഖത്തെ തുടർന്ന് അന്തരിച്ചു. അരക്ഷിതമായ സാമൂഹ്യ-രാഷ്ട്രീയ ഇടങ്ങളിൽ ആധുനികലോകം കെട്ടിപ്പടുക്കുന്ന പ്രയത്നത്തിൽ പങ്കാളിയായിക്കൊണ്ട് സാർത്ഥകമായ ജീവിതദൗത്യം നിറവേറ്റിപോന്ന ആ പ്രതിഭാധനനെപ്പറ്റിയാണ് ഈ കുറിപ്പ്.
അക്കാദമിക് പശ്ചാത്തലം
1958 മെയ്മാസം മാസം പത്താം തീയതി തെക്കൻ തിരുവിതാംകൂറിന്റെ ഭാഗമായ, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് ആണ് അദ്ദേഹത്തിൻറെ ജനനം. അദ്ദേഹത്തിന്റെ ജീവിതപാത പരിശോധിച്ചാൽ തുടർച്ചയായ പഠനപ്രവർത്തനങ്ങളിൽ മികവോടെ അദ്ദേഹം ഏർപ്പെട്ടിരുന്നതായി മനസ്സിലാക്കാം. അറിവാർജ്ജിക്കാനുള്ള ത്വര കൈവശമാക്കിയ ഏതൊരാളെയും പ്രചോദിപ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളമുള്ള അക്കാദമിക് പ്രവർത്തനങ്ങൾ. 1978-ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1982-ൽ കേരള സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ബിരുദവും പൂർത്തിയാക്കി. തുടർന്ന് 1985-ൽ കേരള ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് 1988-ൽ അന്താരാഷ്ട നിയമത്തിൽ എൽ.എൽ.എം. ബിരുദവും കൈവശമാക്കി. ഒരു പഠിതാവെന്ന നിലയിൽ വൈവിധ്യപൂർണ്ണമായ വിജ്ഞാന ശാഖകളിൽ ചേക്കേറിയിരുന്ന അദ്ദേഹത്തെ തേടി ഉന്നതഗവേഷണത്തിനുള്ള തമിഴ്നാട് സർക്കാരിന്റെ സ്കോളർഷിപ്പും എത്തി. ആ സ്കോളർഷിപ്പോടെ അദ്ദേഹം ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് 1989-91 കാലഘട്ടത്തിൽ എം.ഫിൽ ബിരുദവും കരസ്ഥമാക്കി. തുടർന്ന് ലെക്ചർഷിപ്പിനുള്ള യുജിസി യോഗ്യതപരീക്ഷകൂടി പാസ്സായ ശേഷം 1992-ൽ ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. നാഷണൽ ലോ സ്കൂളിലെ ചുരുങ്ങിയ അധ്യാപക ജീവിതകാലത്തും വിവിധങ്ങളായ പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി മുഴുകിയിരുന്നു.
അന്താരാഷ്ട്ര ദൗത്യസംഘങ്ങളിൽ
1993-ൽ ഐക്യരാഷ്ട്രസഭയുടെ കംബോഡിയൻ ട്രാൻസിഷൻ അതോറിറ്റിയുടെ ദൗത്യങ്ങളിൽ ഹ്യൂമൻ റൈറ്റ്സ് ലോയർ ആയിട്ടാണദ്ദേഹം തന്റെ അന്താരാഷ്ട്ര ദൗത്യങ്ങളിൽ ഇടപെടൽ ആരംഭിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ തന്നെ ചരിത്രത്തിൽ ഒരു രാജ്യത്തിൽ ഇത്രയേറെ ഭരണനിർവ്വഹണരംഗത്ത് നേരിട്ട് ഇടപെടുകയും തെരെഞ്ഞെടുപ്പ് പ്രക്രിയയ്യുടെ ചുക്കാൻ പിടിക്കുകയും ചെയ്ത മറ്റൊരു ദൗത്യം അതിനുമുൻപ് ഉണ്ടായിട്ടുണ്ടാകാൻ ഇടയില്ല. അത്തരമൊരു ദൗത്യത്തിന്റെ ഭാഗമായുള്ള അദ്ദേഹത്തിന്റെ സേവനകാലഘട്ടത്തിൽ കംബോഡിയയിലെ കോടതികളുടെയും ജയിലുകളുടെയും പ്രവർത്തനങ്ങളെ നിരീക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം അദ്ദേഹം നിർവ്വഹിച്ചു പോന്നു. ജയിലുകളിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ പറ്റിയുള്ള അന്വേഷണത്തിന് അദ്ദേഹം മേൽനോട്ടം വഹിക്കുകയും ചെയ്തുപോന്നു
കംബോഡിയൻ പട്ടാളത്തിനും പോലീസ് സേനയ്ക്കും മറ്റു ഗവൺമെന്റിതര സംഘടനകൾക്കും മനുഷ്യാവകാശത്തെ സംബന്ധിച്ചും നിയമവാഴ്ചയെ സംബന്ധിച്ചും പരിശീലനം നൽകുക എന്നതും അദ്ദേഹത്തിൻറെ കർത്തവ്യമായി നിലക്കൊണ്ടു.
കമ്പോഡിയയിലെ യു എൻ ട്രാന്സിഷൻ അതോറിറ്റിയുടെ കീഴിലെ മനുഷ്യാവകാശ വിഭാഗം ഡയറക്ടർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യും വിധമായിരുന്നു അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ എന്നത് മനുഷ്യാവകാശത്തെപ്പറ്റിയുള്ള യു എൻ നയങ്ങളെ വലിയ ഉത്തരവാദിത്വത്തോടെ എക്സിക്യൂട്ട് ചെയ്യുന്ന ചാലകഘടകമായി അദ്ദേഹം വർത്തിച്ചു എന്നതിന്റെ തെളിവാണ്.
1993-ൽ കമ്പോഡിയയിൽ യു എൻ ട്രാന്സിഷണൽ അതോറിറ്റിയുടെ ദൗത്യം അവസാനിച്ച ശേഷം 1995-96 കാലഘട്ടത്തിൽ അദ്ദേഹം ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷണറും യു,എൻ പ്രൊജക്റ്റ് സർവീസും നേരിട്ട് കംബോഡിയയിൽ നടത്തിപ്പോന്ന ജുഡീഷ്യൽ മെൻറ്റർ പ്രോഗ്രാമിൽ ജുഡീഷ്യൽ കൺസൾട്ടന്റ ആയി ചുമതല വഹിച്ചു. തിരഞ്ഞെടുപ്പ് നടക്കുകയും അനന്തരം രൂപപ്പെട്ട ഭരണഘടനയ്ക്കനുസൃതമായും സമാധാനത്തിനും നിയമവാഴ്ചയ്ക്കും വിധേയമായതുമായ ഒരു ജുഡീഷ്യൽ സിസ്റ്റം രൂപപ്പെടുത്തി നിലനിർത്തുക എന്ന ചുമതലയിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നത്.
അക്കാലഘട്ടത്തിൽ കംബോഡിയയിലെ പ്രൊവിൻഷ്യൽ ന്യായാധിപന്മാർക്കും പ്രോസിക്യൂട്ടർമാർക്കും സുസ്ഥിരമായ ജുഡീഷ്യൽ സംവിധാനം നിലനിർത്തുന്നതിനനുസൃതമായ ഉപദേശം നൽകുക എന്ന ഉത്തരവാദിത്വം അദ്ദേഹം നിർവഹിച്ചു. ഉദ്യോഗസ്ഥർക്കും പോലീസ് സേനയ്ക്കും ആവശ്യമായ പരിശീലനം നൽകുക, ചുമതലയിലുണ്ടായിരുന്ന പ്രൊവിൻസുകളിൽ മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങൾ അദ്ദേഹം നിറവേറ്റി.
ജുഡീഷ്യൽ കൺസൽട്ടൻറ് ആയിരുന്ന അദ്ദേഹം 1997-98 കാലഘട്ടത്തിൽ പ്രസ്തുത പരിപാടിയിൽ ജുഡീഷ്യൽ മെൻറ്റർ ആയി സേവനമനുഷ്ഠിച്ചു. ജനാധിപത്യവും നിയമവാഴ്ചയും സംരക്ഷിക്കുന്നതിനായി കംബോഡിയയിലെ യു.എൻ. ഏജൻസികളുടെ തന്നെ ഒരു തനതു പദ്ധതി ആയിരുന്നു ജുഡീഷ്യൽ മെന്റർ സംവിധാനം. ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും പോലീസിനും ഉൾപ്പെടെ നിയമ വ്യവസ്ഥയെ സംബന്ധിച്ച വിവിധങ്ങളായ പരിശീലന പരിപാടികളിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ അദ്ദേഹത്തിനായി. സ്വതന്ത്രമായ ജുഡീഷ്യറി കംബോഡിയയിൽ കെട്ടിപ്പടുക്കുന്നതിൽ യുഎൻ ദൗത്യത്തിന്റെ ഭാഗമായ അദ്ദേഹത്തിൻറെ പങ്ക് വിലമതിക്കാനാവാത്തതാണ്. പ്രൊവിൻഷ്യൽ കോടതിസംവിധാനങ്ങളിൽ, കോടതിമുറികളേയും വ്യവഹാര രേഖകളുടെ ഉപയോഗസംവിധാനത്തെപ്പറ്റിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരുവപ്പെടുത്തിയെടുക്കുന്നതിനു അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. പ്രാദേശിക ഭരണസംവിധാനങ്ങളും പോലീസ്-സൈനിക സംവിധാനങ്ങളുമായും സഹകരിച്ചും ഏകോപിപ്പിച്ചുംകൊണ്ട് സ്വതന്ത്രമായ ഒരു ഒരു നീതിന്യായവ്യവസ്ഥ കംബോഡിയയിൽ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പങ്കുവച്ചു.
കമ്പോഡിയൻ ദൗത്യത്തിന് ശേഷം അദ്ദേഹം 1998 മുതൽ 2002 വരെയുള്ള കാലഘട്ടത്തിൽ ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിനെ ചുമതലകളുടെ ഭാഗമായാണ് പ്രവർത്തിച്ചത്. ജുഡീഷ്യൽ സിസ്റ്റം ഓഫീസർ ആയും ക്രിമിനൽ ജസ്റ്റിസ് അഡ്വൈസറി വിഭാഗത്തിൽ കോ-ഓർഡിനേറ്റർ ആയും അദ്ദേഹം പ്രവർത്തിച്ചു. കമ്പോഡിയയിലേതിന് സമാനമായ പരിശീലന പ്രവർത്തനങ്ങളോടൊപ്പം ബോസ്നിയയിലെ ജുഡീഷ്യൽ പരിഷ്ക്കാരങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം രൂപീകരിക്കുന്നതിൽ അദ്ദേഹം പങ്കാളിയായി. ക്യാന്റനുകളിൽ (പ്രവിശ്യകൾ) നിലനിന്നിരുന്ന വ്യത്യസ്തമായ നീതിന്യായസംവിധാനങ്ങൾക്ക് ഏകരൂപ്യം നൽകുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾ സാധ്യമായിട്ടുണ്ടെന്ന് അദ്ദേഹംതന്നെ കുറിച്ചിട്ടുണ്ട്.
ഇതേ ദൗത്യത്തിന്റെ ഭാഗമായി ക്രിമിനൽ ജസ്റ്റിസ് അഡ്വൈസറി വിഭാഗത്തിൽ റീജിയണൽ കോർഡിനേറ്റർ ആയി സേവനമനുഷ്ഠിച്ച കാലയളവിൽ, ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പോലീസ് സേനയുടെയും മറ്റുസിവിലിയൻ കാര്യങ്ങളെ സംബന്ധിച്ചും ബോസ്നിയയിലെ ഉപദേശകനായി അദ്ദേഹം പ്രവർത്തിച്ചു. പ്രാദേശിക നീതിന്യായ സംവിധാനങ്ങളുമായിചേർന്നു ഐക്യരാഷ്ട്രസഭയുടെ, നീതിന്യായവ്യവസ്ഥയെ സംബന്ധിച്ച ഉദ്ദേശലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള ഏകോപന ചുമതല അദ്ദേഹം നിർവഹിച്ചു. ഇതിനേക്കാളെല്ലാം ഉപരി യുദ്ധതടവുകാരുടെ വിചാരണയുടെ മേൽനോട്ടം വഹിക്കാൻ സാധിക്കുകവഴി ജുഡീഷ്യൽ പ്രക്രിയയിൽതന്നെ പരിവർത്തനഹേതുവാകാൻ സാധ്യമായതായും അദ്ദേഹത്തിൻറെ തന്നെ പരാമർശമുണ്ട്.
2003-ൽ അദ്ദേഹം അഫ്ഗാനിസ്ഥാനിലെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷന്റെ, മനുഷ്യാവകാശവിദ്യാഭ്യാസം സംബന്ധിച്ചകാര്യങ്ങളിൽ ടെക്നിക്കൽ അഡ്വൈസർ എന്ന നിലയിൽ സ്കൂൾ- യൂണിവേഴ്സിറ്റി തലത്തിൽ മനുഷ്യാവകാശത്തെ സംബന്ധിച്ച പാഠ്യഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള ഉദ്യമത്തിൽകൂടി പങ്കാളിയായിട്ടുണ്ട്.
ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിലെ സേവനംപൂർത്തിയാക്കി അദ്ദേഹം മടങ്ങുമ്പോൾ യു എൻ ദൗത്യത്തിലെ ഉദ്യോഗസ്ഥരുടെ ചുമതലക്കാരനായിരുന്ന യു.എൻ. ചീഫ് സിവിലിയൻ പേഴ്സണൽ ഓഫീസർ, എയ്ഡേയ് മക്കാനൻ നൽകിയ സാക്ഷ്യപത്രത്തിൽ ഇപ്രകാരം പരാമർശിക്കപ്പെടുന്നു "His valuable contributions were constantly exceeded the mission's expectations". തികച്ചും ദുർഘടമായ തൊഴിൽസാഹചര്യങ്ങളിലും യു. എൻ. ദൗത്യത്തിന്റെ പ്രതീക്ഷകളെക്കാളുപരിയായ പ്രൊഫഷണൽ നിലവാരം അദ്ദേഹം ഉത്തരവാദിത്വത്തോടെ നിറവേറ്റിയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പരാമർശം.
ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിൽ അദ്ദേഹത്തിനു കീഴിൽ പോലീസ് എക്സ്പെർട്ട്ആയി സേവനമനുഷ്ഠിച്ചിരുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ വി. ഗോപാൽ കൃഷ്ണൻന്റെ വാക്കുകൾ കൂടി ഈഘട്ടത്തിൽ പ്രസക്തമാണ്. വി.പി. മധുസൂദനൻ നായരെപറ്റി അദ്ദേഹം ഇങ്ങനെ കുറിക്കുന്നു "I was amazed by his prowess of being very capable of analysing and interpreting the intricate legal points in the most simplest manner to his seniors. I also witnessed the top brasses of the UN, rushing up for the help of Madhu for advice and guidance during imbrogli. He was accepted as trustworthy for Boznians, Croats and Serbs who otherwise fought like kilny-cats in Bosnia and Herzegovina" ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിൽ മധുസൂദനൻ നായരുടെ ഇടപെടലുകളുടെ പ്രസക്തിയും ആഴവും വെളിവാക്കുന്നതാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥന്റെതന്നെ ഈ വാക്കുകൾ.
ഇങ്ങനെയെല്ലാം അവികസിതമായ, അരക്ഷിതാവസ്ഥയുടെ ചട്ടക്കൂടുകളിൽ നിലക്കൊണ്ട രാജ്യങ്ങളിൽ ആധുനിക നിയമക്രമം സ്ഥാപിച്ചെടുക്കുന്നതിൽ ഉത്തരവാദിത്വപൂർണ്ണമായി ഇടപെടാൻ കഴിഞ്ഞു എന്നത് തന്നെ തെക്കൻ തിരുവിതാംകൂറിൽ ജനിച്ചുവളർന്ന ഈ പ്രതിഭയുടെ വിശ്വപൗരത്വത്തിനു മാറ്റ്കൂട്ടുന്നുണ്ട്.
വിയോഗവും പാദമുദ്രയും
വിവിധങ്ങളായ ഐക്യരാഷ്ട്രസഭ ദൗത്യങ്ങളിലെ ഇടപെടലുകൾക്ക് ശേഷം 2004 -ൽ ആരോഗ്യപരവും കുടുംബസംബന്ധിയുമായ തീരുമാനങ്ങളാൽ അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തി. പിന്നീടങ്ങോട്ട് അഭിഭാഷകകുപ്പായം അണിയാൻ തീരുമാനിച്ച അദ്ദേഹം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലും ഇതരകോടതികളിലുമായി അഭിഭാഷകനായി പ്രാക്ടീസ് പുനരാരംഭിക്കുകയും ഉണ്ടായി. ഈ അഭിഭാഷക ജീവിതഘട്ടത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകൾകൊണ്ട് കയ്യൊപ്പ് പതിഞ്ഞ പല സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.
യു.എൻ ദൗത്യത്തിൽ നിന്നും സേവനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുമ്പോൾ യു.എൻ സർവീസിൽ പി-5 കാറ്റഗറി തലത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇനിയും ഔന്നിത്യങ്ങളിലേക്ക് തുറന്നിരിക്കുന്ന ചവിട്ടുപടികൾക്ക് എതിരെ ചുവടുവയ്ക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ശ്രീ . വി ഗോപാൽ കൃഷ്ണന്റെ ഓർമകുറിപ്പിൽ പറയുന്നത് "He was preferring voluntary retirement for the sake of his family since he had been away from them for quite long time. It was like a sunset in the noon during summer. Back in his native place, he lived in a highly down to earth, highly unassuming manner. He never bragged about, to his natives about the coveted positions he held in UN. Instead, he only told, he was just a lawyer there. Such was his persona except for individuals like me (who worked with him) ." ഇങ്ങനെയൊക്കെ ആകയാൽ ലളിതജീവിതം മുദ്രയാക്കി, ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ തൃപ്തിയോടെ നിറവേറ്റി നടന്നുപോയ ആ മഹാപ്രതിഭയുടെ പാദമുദ്രകൾ നമുക്കായ് കാലം അടയാളപ്പെടുത്തിരിക്കുന്നത് കാണാതെ പോവുക സാധ്യമല്ല.
ഏതൊരാളെയും അത്രമേൽ പ്രചോദിപ്പിക്കുന്ന ജീവിതാനുഭവങ്ങളാണ് നമ്മെ വിട്ടുപിരിഞ്ഞ മധുസൂദനൻ നായർക്ക് ഉണ്ടായിരുന്നത്. അദ്ദേഹം ലോകസമാധാനത്തിന്റെയും മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുടെയും മുന്നണി പോരാളിയായി നിലകൊണ്ടു എന്നതും അടയാളപെടുത്താതെവയ്യ. ഇന്നത്തേതിൽ നിന്ന് ഏറെ വിഭിന്നമായ, പ്രായോഗികമായ ബുദ്ധിമുട്ടുകൾ അഭിമുഖീകരിച്ചിരുന്ന കാലഘട്ടത്തിലും അസ്വസ്ഥതകളുടെ ഭൂമികയിലും ഐക്യരാഷ്ട്രസംഘടനാ ദൗത്യങ്ങളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു എന്നത്, ആത്മഭാവമായി മാറിയ നിയമ-നീതി സംരക്ഷണത്തിന്റെ ഇച്ഛാശക്തിയാണ് തുറന്നുകാട്ടുന്നത്. കൊല്ലങ്കോട് എന്ന ഗ്രാമത്തിൽ നിന്നും ഐക്യരാഷ്ട്രസഭാ ദൗത്യങ്ങൾ വരെ നീളുന്ന ആ ജീവിതപാതയിൽ അദ്ദേഹം പരിപൂർണ്ണമായ പഠനോൽത്സുകത കൈമുതലാക്കിയിരുന്നുവെന്നും അദ്ദേഹത്തിൻറെ ജീവിതം നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഇക്കാലയളവിനുള്ളിൽത്തന്നെ വിവിധങ്ങളായ ഗവേഷണാധിഷ്ഠിത രചനകളും അദ്ദേഹത്തിന്റേതായുണ്ട്. സ്റ്റേറ്റ് ഇമ്മ്യൂണിറ്റിയുടെ അതിർവരമ്പുകൾ മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിയമം വരെയുള്ള വിഷയങ്ങളിലുള്ള അത്തരം രചനകൾ പിയർ-റിവ്യൂഡ് ജേര്ണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിൻറെ യു.എൻ പ്രവർത്തനങ്ങൾ സംബന്ധിച്ചും മനുഷ്യാവകാശ-നിയമവാഴ്ച സംരക്ഷണദൗത്യങ്ങളെ സംബന്ധിച്ചും ഇനിയും പഠനങ്ങളും അന്വേഷണങ്ങളും ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നുണ്ട് . ഏതൊരു നിയമജ്ഞനെ സംബന്ധിച്ചും ഏറെ വെല്ലുവിളിയാകുന്നത് പഠിച്ച അടിസ്ഥാനപരമായ നിയമതത്വങ്ങളും നീതിബോധവും, സംഘർഷഭരിതമായ സാഹചര്യങ്ങളിലും പ്രാവർത്തികമാക്കുന്നതിൽ ഭാഗഭാക്കാകുക എന്നതാണ്. അത്തരമൊരു സാഹചര്യത്തിലാണ് വി.പി. മധുസൂദനൻ നായർ മറ്റുള്ളവർക്ക് മാതൃകയായി സ്വയം പ്രവർത്തന പന്ഥാവ് വെട്ടിത്തെളിച്ച് മുന്നിട്ടിറങ്ങിയത്. അത്തരത്തിൽ നമുക്കെല്ലാം മാതൃകയും മാർഗ്ഗവിളക്കുമായി അദ്ദേഹത്തിൻറെ ജീവിതരേഖ നിലകൊള്ളുന്നുണ്ട്.
****************




