2021, മേയ് 16, ഞായറാഴ്‌ച

ബോംബിങ്ങും ഡാം തകർച്ചയും: ഓപ്പറേഷൻ ചാസ്റ്റൈസിന്റെ എഴുപത്തിയെട്ടാം ആണ്ട്

മനുഷ്യരുടെ ഇടപെടലുകളാലും അല്ലാതെയുമുള്ള ദുരന്തങ്ങൾ വിതച്ചു പോകുന്ന ഭീതിയുടെയും ആഘാതത്തിൻറെയും ആഴവും പരപ്പും എത്രയെന്ന് പറയേണ്ടതില്ല. ചരിത്രവും വർത്തമാനവും അനുനിമിഷം ദുരന്തങ്ങളുടെ ഭീതിതമായ മുഖമുയർത്തി നമുക്ക് മുൻപാകെ നിൽക്കുന്നുണ്ട്. അത്തരം സമഗ്ര വിനാശത്തിൻറെ മൂർത്തമായ പ്രകടനമാണ് ഒരോ യുദ്ധവും. അവ്വിധം മാനവരാശിയെ ആകെ പിടിച്ചു കുലുക്കിയ രണ്ടാം ലോക യുദ്ധത്തിൻറെ ഭാഗമായ, 'ഓപ്പറേഷൻ ചാസ്റ്റൈസ്' എന്ന പേരിൽ സഖ്യശക്തികൾ ജർമനിയിലെ അണക്കെട്ടുകൾ തകർത്തതിനെകുറിച്ചാണീ കുറിപ്പ്.

1939 മുതൽ 1945 വരെ നീണ്ടു നിന്ന രണ്ടാം ലോക യുദ്ധത്തിൽ മനുഷ്യരാശി അന്നോളമാർജ്ജിച്ച സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും അതിനെ പരിപോഷിപ്പിച്ച സമൂഹങ്ങളിലും ഭൂപ്രദേശങ്ങളിലുമാകെ കെടുതികൾ സൃഷ്ടിക്കുകയാണ് ചെയ്തത്. അങ്ങനെ യുദ്ധം കൊലയുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പിൻറെ മത്സരമായി മാറിയ കാലത്ത് 1943 മെയ് 16 നു രാത്രിയും 17 നു പുലർച്ചയുമായി ജർമനിയുടെ പടിഞ്ഞാറൻ പ്രദേശത്തെ റഹ്ർ (Ruhr) താഴ്വരയിലെ വിവിധ അണക്കെട്ടുകളെ ലക്‌ഷ്യം വച്ച് ബ്രിട്ടീഷ് വ്യോമസേന ഏറ്റെടുത്തു നടപ്പാക്കിയ ദൗത്യമാണ് 'ഓപ്പറേഷൻ ചാസ്റ്റൈസ്'.

പശ്ചാത്തലം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ തന്നെ വ്യവസായവത്കരണത്തിന്റെ അഭിവൃദ്ധിയിൽ വികസിതമായികൊണ്ടിരുന്ന പ്രദേശമായിരുന്നു ജര്മനിയിലെ റഹ്ർ. യൂറോപ്പിലെതന്നെ സുപ്രധാന നദിയായ റൈനിന്റെ പോഷകനദിയായ റഹ്റിന്റെ സാന്നിധ്യം കൊണ്ടാണ് ഈ പ്രദേശത്തിന് അങ്ങനെയൊരു പേര് ലഭിക്കുന്നത്. നദീതടങ്ങളുടെ വൈപുല്യം കൊണ്ട് കാലങ്ങളായി ആർജിച്ച കാർഷിക അഭിവൃദ്ധിക്ക് പുറമെ കൽക്കരി ഖനനവും ഉരുക്കു നിർമാണവും മറ്റുമായി പുരോഗതി പ്രാപിച്ച റഹ്ർ പ്രദേശം തന്നെയാണ് ഒന്നാം ലോകയുദ്ധകാലത്തേ ജർമനിയുടെ പ്രധാന ആയുധ നിർമാണ ഫാക്ടറി സ്ഥിതി ചെയ്തിരുന്നത്. റഹ്ർ പ്രദേശത്തെ വൈദ്യുതിഉത്പാദനത്തിനും വ്യാവസായിക ആവശ്യങ്ങൾക്കായും ഖനനത്തിനും മറ്റുമുള്ള ഒരു വലിയ വിഭവസംഭരണിയായാണ് ഇവിടെ നിലകൊണ്ടിരുന്ന നിരവധി അണക്കെട്ടുകൾ പ്രവർത്തിച്ചിരുന്നത്. ഇക്കാരണങ്ങളോടൊപ്പംതന്നെ യുദ്ധമുഖങ്ങളിൽ നിന്ന്, എത്രയും വേഗം തീവ്രമായ ആഭ്യന്തരപ്രശ്നങ്ങളിലേക്കും ആഭ്യന്തര-പുനർനിർമ്മാണത്തിലേക്കും ജർമ്മനിയുടെ ശ്രദ്ധ വ്യതിചലിപ്പിക്കണമെന്ന സഖ്യശക്തികളുടെ താല്പര്യം കൂടിച്ചേർന്നപ്പോൾ ബ്രിട്ടീഷ് സേന റഹ്ർ പ്രദേശത്തുതന്നെ ഒരാക്രമണത്തിനു പദ്ധതി തയ്യാറാക്കുകയായിരുന്നു.

1913 ൽ പണി പൂർത്തിയാക്കുമ്പോൾ യൂറോപ്പിലെതന്നെ ഏറ്റവും വലിയ അണക്കെട്ട് ആയിരുന്ന റഹ്ർ നദിയിലെ മൊഹ്‌നെ (Mohne) അണക്കെട്ടിനോടൊപ്പം തന്നെ, സമീപ പ്രദേശത്തെ എയ്‌ദർ (Eder) നദിയിലെ എയ്‌ദർസീ (Edersee) അണക്കെട്ടും തകർക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സേനയുടെ പ്രധാന ലക്‌ഷ്യം. ഈ പ്രധാന പദ്ധതിയിൽ ഏതെങ്കിലും വിധത്തിൽ ഉണ്ടാകാവുന്ന പരിമിതികളെയും തിരിച്ചടികളെയും കവച്ചുവെക്കുന്നതിനായി ഈ സുപ്രധാന ലക്ഷ്യങ്ങൾക്ക് പുറമെ റഹ്ർ പ്രദേശത്തെതന്നെ സോർപ് (Sorpe), എന്നെപെ (Ennepe) എന്നീ അണക്കെട്ടുകളും തകർക്കാനുള്ള ഒരു ഉപപദ്ധതിയും ബ്രിട്ടീഷ്ക സേന തയ്യാറാക്കിയിരുന്നു.

വെല്ലുവിളികൾ
സാങ്കേതികത്തികവാർന്ന ജർമൻ പ്രതിരോധ സങ്കേതങ്ങളെയും ദ്രുതപ്രത്യാക്രമണങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഇങ്ങനെയൊരു ദൗത്യം സഖ്യശക്തികൾക്ക് അപ്രാപ്യമാണ്. അക്കാരണം കൊണ്ട് തന്നെ സവിശേഷമായ ബോംബിങ് രീതിയും അണക്കെട്ടുകളെ തകർക്കാനാവും വിധം തികച്ചും നൂതനമായ ഒരു ബോംബും രൂപപെടുത്തിയെടുക്കുന്നതിന് ബാൻസ് വാലിസ്‌ (Barness Wallis) എന്ന ആയുധ ഗവേഷണങ്ങളിൽ തല്പരനായ എൻജിനീയറുടെ മേൽനോട്ടത്തിലുള്ള സംഘത്തിനെ ബ്രിട്ടീഷ് സേന ചുമതലപ്പെടുത്തുകയുണ്ടായി.

വലിപ്പമേറിയതും ഉയർന്ന പ്രഹരശേഷി ഉള്ളതുമായ ബോംബുകൾ നിർമിച്ച് അണക്കെട്ടുകൾ തകർക്കുന്നതിൻറെ അപ്രായോഗികതയെക്കുറിച്ച് പ്രസ്തുത സംഘം ബോധവാൻമാരായിരുന്നു. വലിയ ബോംബർ വിമാനങ്ങൾക്ക് ജർമൻ പ്രതിരോധം ഭേദിച്ച് അണക്കെട്ടുകൾ തകർക്കാനാവുമോയെന്നും ദൗത്യശേഷം സമയബന്ധിതമായി പ്രത്യാക്രമണങ്ങൾക്ക് ഇരയാകാതെയും അപകടം കൂടാതെയും തിരിച്ചെത്താനാകുമോ എന്ന ആശങ്കയുമായിരുന്നു ഒരു വെല്ലുവിളി. അല്ലാത്ത പക്ഷം ബ്രിട്ടീഷ് സേനക്ക് മുൻപാകെ ഉണ്ടായിരുന്ന മറ്റൊരു പോംവഴി ചുരുങ്ങിയത് 40000 അടി ഉയരത്തിൽ നിന്നെങ്കിലും ബോംബിങ് നടത്തി ഭൂമിയിലെ കമ്പനം കൊണ്ട് അണക്കെട്ട് തകർക്കുക എന്നതാണ്. എന്നാൽ ചുരുങ്ങിയത് 10 ടൺ എങ്കിലും ഭാരമുള്ള ബോംബിനെ ഇത്രയും ഉയരത്തിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശേഷിയുള്ള വിമാനങ്ങൾ അന്ന് റോയൽ എയർ ഫോഴ്‌സിൻറെ പക്കൽ ഉണ്ടായിരുന്നില്ല.

ബ്രിട്ടീഷ് സേനയുടെ ചിന്തയിലുണ്ടായ മറ്റൊരുപായം, ടോർപിഡോ ബോംബിങ് രീതി അവലംബിച്ച് ചെറിയ ബോംബർ വിമാനത്തിലൂടെ ബോംബുകളെ റിസർവോയറിൻറെ നീരൊഴുക്കിനടിയിലൂടെ കടത്തിവിട്ട് അണക്കെട്ടിന്റെ ഭിത്തിയിൽ സ്ഫോടനം ഉണ്ടാക്കി തകർക്കുക എന്നതാണ്. (നാവിക ആക്രമണങ്ങളിൽ ശത്രുരാജ്യത്തിൻറെ കപ്പലുകളുടെയും അന്തർവാഹിനികളുടെയും സാന്നിധ്യം തിരിച്ചറിഞ്ഞ് സമുദ്രത്തിനടിയിലൂടെ ടോർപിഡോ ഉപയോഗിച്ച് തകർക്കുന്നതിനെയാണ് ടോർപിഡോ ബോംബിങ്.) എന്നാൽ രണ്ടാം ലോകയുദ്ധത്തിൻറെ തീവ്രത മുൻകൂട്ടി കണ്ടും തന്ത്രപ്രധാന സ്ഥലങ്ങളിൽ സഖ്യശക്തികളുടെ ഏത് തരത്തിലുള്ള ആക്രമണം തടയിടുന്നതിനുമായി മുൻകരുതലുകൾ എടുത്തിരുന്ന ജർമ്മനി റഹ്ർ(Ruhr) താഴ്വരയിലെ അണക്കെട്ടുകളിലും ടോർപിഡോ ബോംബിങ് പ്രതിരോധ നെറ്റുകൾ വിരിച്ചിരുന്നു.

മുന്നൊരുക്കം

ടോർപിഡോ ബോംബിങ് പ്രതിരോധ നെറ്റുകളുടെ സാന്നിധ്യം മനസിലാക്കിയ ബാൻസ് വാലിസ്‌ ഇതിനെയെല്ലാം മറികടക്കാനാവും വിധമുള്ള ഒരു ബോംബ് തന്നെ നിർമിച്ചെടുക്കുകയായിരുന്നു. വീപ്പയുടെ ആകൃതിയിലുള്ളതായ ബോംബിനെ 'അപ്കീപ്' എന്ന് നാമകരണം ചെയ്യപ്പെട്ടു. എയർ ഡ്രോപ്പ് ചെയ്‌ത ശേഷം സ്വയം തിരിയാൻ പര്യാപ്തമായ വിധത്തിലായിരുന്നു ബോംബിൻറെ നിർമാണം. സ്വയം തിരിയുന്നു എന്നതിലുപരി ബൗൺസ് ചെയ്യാനുള്ള ശേഷിയും ബോംബിൻറെ രൂപകൽപ്പനയിൽ ഉണ്ടായിരുന്നു. ഇങ്ങനെ സ്വയം തിരിയലും ബൗൺസിങ് ശേഷിയും കൂടിച്ചേർന്ന ബോംബ് ഒരു നിശ്ചിത അകലത്തിൽ നിന്ന് കണക്കുകൂട്ടപ്പെട്ട വേഗതയിൽ ബോംബർ വിമാനത്തിൽനിന്ന് തൊടുത്താൽ റിസർവോയറിൻറെ ഉപരിതലത്തിൽ ബൗൺസ് ചെയ്ത് സ്വയം തിരിഞ്ഞ് ടോർപിഡോ പ്രതിരോധനെറ്റുകളെ മറികടന്ന് അണക്കെട്ടിൻറെ ഭിത്തിയിൽ തട്ടി, താഴേക്ക് ഊർന്നുവീഴുംവിധം ആയിരുന്നു ബോംബിൻറെ നിർമാണം. ബൗൺസിങ്ങിൻറെ ആഘാതത്തിൽ ബോംബ് പൊട്ടാതിരിക്കാനും അണക്കെട്ടിന്റെ അടിത്തട്ടിൽ വെച്ച് തന്നെ ബോംബ് പൊട്ടി അണക്കെട്ടിന് കാര്യമായ കേടുപാട് വരുത്തുക എന്ന ഉദ്ദേശത്താലും ബോംബിൽ ഹൈഡ്രോസ്റ്റാറ്റിക് ഫ്യൂസ് ഉപയോഗിച്ചിരുന്നു. പ്രസ്‌തുത ഫ്യൂസിൻറെ ഉപയോഗം കൊണ്ട് നിശ്ചിത ആഴത്തിലെ ജലമർദ്ദത്താൽ മാത്രം ബോംബ് പൊട്ടുന്ന രീതി ആയിരുന്നു അത്. 'അപ്കീപ്പി'ന്റെ രൂപപ്പെടുത്തലിനു ശേഷം വ്യത്യസ്ത തരത്തിലുള്ള പരീക്ഷണ ബോംബിങും പരീക്ഷണ പറക്കലുകളും ബ്രിട്ടനിലെ ചില കേന്ദ്രങ്ങളിൽ റോയൽ എയർ ഫോഴ്സ് നടത്തുകയുണ്ടായി.

ആക്രമണവും ഡാമിന്റെ തകർച്ചയും

അക്കാലത്ത് റോയൽ എയർ ഫോഴ്‌സിൻറെ പക്കൽ ഉണ്ടായിരുന്ന അവറോ ലങ്കാസ്റ്റർ യുദ്ധവിമാനങ്ങളെയാണ് ഓപ്പറേഷൻ ചാസ്റ്റൈസിനായി തെരഞ്ഞെടുത്തത്. ബോംമ്പിന്റെ ആകാരത്തിനനുസരിച്ചും ഭാരക്രമീകരണങ്ങൾക്കുമായി അവറോ ലങ്കാസ്റ്ററിൽ വേണ്ടത്ര മാറ്റങ്ങൾ ബ്രിട്ടീഷ് സൈന്യം വരുത്തിയിരുന്നു. അണക്കെട്ട് തകർക്കാനുള്ള ബോംബർ സംഘത്തിനായി വിങ് കമാൻഡർ ഗൈ ഗിബ്‌സൺ ന്റെ നേതൃത്വത്തിൽ പ്രത്യേകമായി ഒരു സ്ക്വാഡ്രൺ (സ്ക്വാഡ്രൺ-617 എന്ന പേരിൽ) തന്നെ രൂപീകരിക്കുകയുണ്ടായി റോയൽ എയർ ഫോഴ്സ്. അന്ന് സഖ്യശക്തികളുടെ ഭാഗമായി നിലകൊണ്ട, ബ്രിട്ടീഷ് പരിശീലനം ലഭ്യമായ മറ്റു രാജ്യങ്ങളിലെ ചില ഫൈറ്റർ പൈലറ്റുമാരും ഈ സ്ക്വാഡ്രണിൻറെ ഭാഗം ആയിരുന്നു.

ബ്രിട്ടനിലെ സ്‌ക്യാമ്പ്ടണിൽ (Scampton) താവളമാക്കിയ സ്ക്വാഡ്രണിന്റെ ദൗത്യത്തിൽ ആകെ 19 യുദ്ധവിമാനങ്ങൾ മൂന്നു ഗ്രൂപ്പുകളായാണ് പങ്കെടുത്തത്. ആദ്യ രണ്ടു ഗ്രൂപ്പുകൾ യഥാക്രമം മൊഹ്‌നെ (Mohne) അണക്കെട്ട്, സോർപ് (Sorpe) അണക്കെട്ട് എന്നീ ആക്രമണങ്ങൾക്കായും മൂന്നാമത്തെ ഗ്രൂപ്പ് ആവശ്യമെങ്കിൽ ഉപപദ്ധതികൾ നടപ്പാക്കാനുമായി ചുമതലയേറ്റു. ഇത്തരമൊരു തന്ത്രപ്രധാനമായ ദൗത്യം നിർവ്വഹിക്കാൻ രാത്രിയാണ് ഉചിതം എന്നതിൽ യാതൊരു സംശയവും സഖ്യശക്തികൾക്ക് ഉണ്ടായിരുന്നില്ല. ആക്രമണം നടന്ന 1943 മെയ് 16 നു രാത്രി ഒൻപതരയോടെയാണ് സ്‌ക്യാമ്പ്ടണിൽ നിന്ന് 'അപ് കീപ്പും' പേറി ആദ്യ വിമാനം പറന്നുയരുന്നത്. ജർമൻ വ്യോമവേധ തോക്കുകളെയും ആയുധസന്നാഹങ്ങളെയും മറികടക്കാനും റഡാറിൻറെ പരിധിയിൽ പെടാതിരിക്കാനും താഴ്ന്ന-സഞ്ചാരപാതയിൽ ഏതാണ്ട് 100 അടി ഉയർത്തിലായാണ് ദൗത്യ സംഘം പറന്നത്. ദൗത്യസംഘത്തിലുണ്ടായിരുന്ന എതാനും ബോംബറുകൾക്ക്, ജർമൻ വിമാനവേധ തോക്കുകളാലും സാങ്കേതികപ്രശ്നങ്ങളാലും ഇലക്ട്രിക്ക് കേബിളുകളിൽ തട്ടിയും ഒക്കെയായി ലക്ഷ്യസ്ഥാനത്തെത്തും മുൻപേ പതനം സംഭവിച്ചിരുന്നു.

ആദ്യ ഗ്രൂപ്പിലെ വിമാനങ്ങൾ മൊഹ്‌നെ അണക്കെട്ട് തകർക്കുന്നതിൽ ലക്ഷ്യം കണ്ടു. എയ്‌ദർസീ അണക്കെട്ടിലേക്ക് പുറപ്പെട്ട ചില വിമാനങ്ങൾക്ക് തിരിച്ചടി ഉണ്ടായെങ്കിലും അണക്കെട്ട് തകർക്കുന്നതിൽ അവർക്ക് വിജയിക്കാനായി. ഉപപദ്ധതിയായി നിലക്കൊണ്ട മൂന്നാം സംഘത്തിന് സോർപ് (Sorpe) അണക്കെട്ടിൻറെ മുകൾ ഭാഗം മാത്രമേ തകർക്കാനായുള്ളു. ഉപപദ്ധതി പ്രകാരം മറ്റു ചില ചെറു അണക്കെട്ടുകൾ കൂടി ലക്‌ഷ്യം വച്ചെങ്കിലും അവിടെങ്ങളിൽ നാശം വരുത്താനായില്ല, ബോംബർ വിമാനങ്ങളുടെ മടങ്ങി വരവിൽ ചില ഉയർന്ന മരങ്ങളിലും ചില്ലകളിലും തട്ടി 2 വിമാനങ്ങൾ കൂടി നഷ്ടപെടുകയുണ്ടായി ബ്രിട്ടീഷ് സേനയ്ക്. 19 അവറോ ലങ്കാസ്റ്റർ ബോംബർ വിമാനങ്ങൾ 133 സൈനികരുമായാണ് ദൗത്യത്തിന് തിരിച്ചതെങ്കിലും മെയ് 17ന് പുലർച്ചെ 3.11 നും 4. 15 നും ഇടയിലായി 9 ബോംബറുകളാണ് സ്‌ക്യാമ്പ്ടൺ എയർ ബേസിൽ മടങ്ങിയെത്തിയത്. അത്യന്തം വെല്ലുവിളിനിറഞ്ഞ ഈ ദൗത്യത്തിൽ സഖ്യ ശക്തികളുടെ 53 സേനാoഗങ്ങൾ കൊല്ലപ്പെടുകയും 3 പേർ യുദ്ധതടവുകാരായി മാറുകയും ചെയ്തു.

ചെറിയ നഷ്ടങ്ങൾ ഉണ്ടായെങ്കിലും എല്ലാ പ്രകാരത്തിലും പഴുതടച്ച പ്രകടനം ദൗത്യത്തിലുണ്ടായില്ലെങ്കിലും അണക്കെട്ട് തകർക്കുക എന്ന ലക്‌ഷ്യം കാണാൻ സഖ്യ ശക്തികൾക്കായി. അണക്കെട്ടുകളുടെ തകർച്ച റഹ്ർ (Ruhr) താഴ്വരയിലാകെ വെള്ളപ്പൊക്കത്തിനും മരണങ്ങൾക്കും കാരണമായി. ഏതാണ്ട് 1200നും 1600നും ഇടയ്ക് ആളുകൾ അണക്കെട്ടിന്റെ തകർച്ചയെത്തുടർന്ന് മരിച്ചതായി വ്യത്യസ്ത റിപ്പോർട്ടുകൾ ഉണ്ട്. മൊഹ്‌നെ അണക്കെട്ടിന്റെ തകർച്ചയെതുടർന്ന് വെള്ളം ഏതാണ്ട് 10 മീറ്റർ ഉയരത്തിലും മണിക്കൂറിൽ ശരാശരി 24 കിലോമീറ്റർ വേഗതയിലും കുത്തിയൊലിക്കുകയാണുണ്ടായത്. അണക്കെട്ട് തകർക്കപ്പെട്ട നദീതടങ്ങളിലാകെയുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധിയായ ഫാക്ടറികൾക്ക് നാശനഷ്ടം സംഭവിച്ചു വീടുകൾ തകർന്നടിഞ്ഞു. ഖനികൾ വെള്ളത്തിനടിയിലായി. പാലങ്ങൾ തകരുകയും റോഡ്, റെയിൽ ഗതാഗതം ആകെ നിലയ്ക്കുകയും ചെയ്തു. ഏതാണ്ട് 80 കിലോമീറ്ററോളം പ്രദേശത്ത് വെള്ളപ്പൊക്കകെടുതികൾ രൂക്ഷമായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ഏറെ ഗുരുതരമായ മറ്റു പ്രശ്നങ്ങൾ ജർമനിയുടെ പടിഞ്ഞാറൻ പ്രദേശത്തെ ജലവൈദ്യുതശേഷി ഏതാണ്ട് നിലച്ചുവന്നതാണ്. ആഴ്ചകളോളം റഹ്ർ പ്രദേശം ഇരുട്ടിലായി. കൽക്കരി ഉല്പാദനത്തിൽ ഇടിവുണ്ടായി. യുദ്ധമുന്നേറ്റത്തിന്റെ കുന്തമുനയായ ആയുധ നിർമ്മാണത്തെയും ഈ ആക്രമണം ബാധിച്ചു.

തകർച്ചയ്ക്ക് ശേഷം

വെള്ളപ്പൊക്കത്താലുണ്ടായ മരണസംഖ്യയിൽ ഭൂരിഭാഗവും വിദേശതൊഴിലാളികളും യുദ്ധതടവുകാരുമായിരുന്നു എന്നത് സഖ്യ ശക്തികളെ തെല്ലും ആശ്ചര്യപ്പെടുത്തിയില്ല എന്നുമാത്രമല്ല 'ഓപ്പറേഷൻ ചാസ്റ്റൈസ്' അക്കാലത്തെ സഖ്യശക്തികളുടെ സേനാoഗങ്ങളുടെ പ്രചോദനത്തിനും ആത്മവിശ്വാസത്തിനുമുള്ള ബിംബമായി അവർ ഉപയോഗപ്പെടുത്തി.

ഉന്നതമായ സാങ്കേതിക-മാനവ വിഭവശേഷിയും വൈദഗ്ധ്യവുംകൊണ്ട് അക്കാലത്തെ പരിമിതമായ സാഹചര്യങ്ങളിൽ ഏതാണ്ട് 1943 ജൂൺ മാസം അവസാനത്തോടെ സ്ഥിതിഗതികൾ ജർമ്മനി നിയന്ത്രണവിധേയമാക്കി. സാമ്പത്തികമായും വിഭവപരമായും ഈ തകർച്ച ജർമ്മനിക്ക് നഷ്ട്ടം വരുത്തി എന്നത് ഒരുപക്ഷെ യുദ്ധത്തെ നേരിടുന്നതിൽ ഒരുപരിധിവരെ പിന്നോട്ടടിച്ചിട്ടുമുണ്ടാകാം. എന്നിരുന്നാലും മനുഷ്യരാശിയുടെ വൈജ്ഞാനിക-സാങ്കേതിക വൈദഗ്ധ്യങ്ങൾ അതിന്റെതന്നെ മികവിനെ തച്ചുതകർക്കുന്നതിന്റെ ഉത്തമഉദാഹരണമാണ് 'ഓപ്പറേഷൻ ചാസ്റ്റൈസ്'. ഇത്തരമൊരു ചരിത്രത്തിന്റെ ആവർത്തനം ഉണ്ടാകാതിരിക്കാനുള്ള ഓർമ്മയുടെ അടയാളപ്പെടുത്തൽ മാത്രമാണീ കുറിപ്പ്.


Reference:

1. Ralf Blank, The Night of May 16-17, 1943-Operation Chastening: The Destrcution of Mohne Dam (www.lwl.org)
2. Imperial War Meuseums, The Incredible story of the Dambusters Raid (www.iwm.org.uk)
3. Militarywikia, Operation Chastise (www.military.wikia.org)
4. Commonwealth War Graves, 10 Things you Need to Know about the Dambusters (www.cwgc.org)
5. BBC, On this Day: 17 May 1943: RAF Raid smashes German Dams (https://bbc.in/33NRwn0)

2020, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

പ്രതിഭയുടെ പാദമുദ്രകൾ: വി.പി മധുസൂദനൻ നായർ

 ലോക സമാധാനത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ വിവിധ ദൗത്യങ്ങളിൽ പ്രവർത്തിക്കുകയും നിയമവാഴ്ചയുടെ സ്ഥാപനത്തിനും മനുഷ്യാവകാശ സംരക്ഷണ ദൗത്യങ്ങളിലും ക്രിയാത്മകമായ പങ്കുവഹിക്കുകയും ചെയ്ത ശ്രീ വി.പി. മധുസൂദനൻ നായർ, ഇക്കഴിഞ്ഞ ജൂലൈ 22 ആം തീയതി ഹൃദയസംബന്ധിയായ അസുഖത്തെ തുടർന്ന് അന്തരിച്ചു. അരക്ഷിതമായ സാമൂഹ്യ-രാഷ്ട്രീയ ഇടങ്ങളിൽ ആധുനികലോകം കെട്ടിപ്പടുക്കുന്ന പ്രയത്നത്തിൽ പങ്കാളിയായിക്കൊണ്ട് സാർത്ഥകമായ ജീവിതദൗത്യം നിറവേറ്റിപോന്ന ആ പ്രതിഭാധനനെപ്പറ്റിയാണ് ഈ കുറിപ്പ്.



അക്കാദമിക് പശ്ചാത്തലം


1958 മെയ്മാസം മാസം പത്താം തീയതി തെക്കൻ തിരുവിതാംകൂറിന്റെ ഭാഗമായ, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊല്ലംകോട് ആണ് അദ്ദേഹത്തിൻറെ ജനനം. അദ്ദേഹത്തിന്റെ ജീവിതപാത പരിശോധിച്ചാൽ തുടർച്ചയായ പഠനപ്രവർത്തനങ്ങളിൽ മികവോടെ അദ്ദേഹം ഏർപ്പെട്ടിരുന്നതായി മനസ്സിലാക്കാം. അറിവാർജ്ജിക്കാനുള്ള ത്വര കൈവശമാക്കിയ ഏതൊരാളെയും പ്രചോദിപ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളമുള്ള അക്കാദമിക് പ്രവർത്തനങ്ങൾ. 1978-ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1982-ൽ കേരള സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ബിരുദവും പൂർത്തിയാക്കി. തുടർന്ന് 1985-ൽ കേരള ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് 1988-ൽ അന്താരാഷ്ട നിയമത്തിൽ എൽ.എൽ.എം. ബിരുദവും കൈവശമാക്കി. ഒരു പഠിതാവെന്ന നിലയിൽ വൈവിധ്യപൂർണ്ണമായ വിജ്ഞാന ശാഖകളിൽ ചേക്കേറിയിരുന്ന അദ്ദേഹത്തെ തേടി ഉന്നതഗവേഷണത്തിനുള്ള തമിഴ്നാട് സർക്കാരിന്റെ സ്കോളർഷിപ്പും എത്തി. ആ സ്കോളർഷിപ്പോടെ അദ്ദേഹം ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് 1989-91 കാലഘട്ടത്തിൽ എം.ഫിൽ ബിരുദവും കരസ്ഥമാക്കി. തുടർന്ന് ലെക്ചർഷിപ്പിനുള്ള യുജിസി യോഗ്യതപരീക്ഷകൂടി പാസ്സായ ശേഷം 1992-ൽ ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. നാഷണൽ ലോ സ്കൂളിലെ ചുരുങ്ങിയ അധ്യാപക ജീവിതകാലത്തും വിവിധങ്ങളായ പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി മുഴുകിയിരുന്നു.


അന്താരാഷ്ട്ര ദൗത്യസംഘങ്ങളിൽ


1993-ൽ ഐക്യരാഷ്ട്രസഭയുടെ കംബോഡിയൻ  ട്രാൻസിഷൻ അതോറിറ്റിയുടെ ദൗത്യങ്ങളിൽ ഹ്യൂമൻ റൈറ്റ്സ് ലോയർ ആയിട്ടാണദ്ദേഹം തന്റെ അന്താരാഷ്ട്ര ദൗത്യങ്ങളിൽ ഇടപെടൽ ആരംഭിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ തന്നെ ചരിത്രത്തിൽ ഒരു രാജ്യത്തിൽ ഇത്രയേറെ ഭരണനിർവ്വഹണരംഗത്ത് നേരിട്ട് ഇടപെടുകയും തെരെഞ്ഞെടുപ്പ് പ്രക്രിയയ്‍യുടെ ചുക്കാൻ പിടിക്കുകയും ചെയ്ത മറ്റൊരു ദൗത്യം അതിനുമുൻപ് ഉണ്ടായിട്ടുണ്ടാകാൻ ഇടയില്ല. അത്തരമൊരു ദൗത്യത്തിന്റെ ഭാഗമായുള്ള അദ്ദേഹത്തിന്റെ സേവനകാലഘട്ടത്തിൽ കംബോഡിയയിലെ കോടതികളുടെയും ജയിലുകളുടെയും പ്രവർത്തനങ്ങളെ നിരീക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം അദ്ദേഹം നിർവ്വഹിച്ചു പോന്നു. ജയിലുകളിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ പറ്റിയുള്ള അന്വേഷണത്തിന് അദ്ദേഹം മേൽനോട്ടം വഹിക്കുകയും ചെയ്തുപോന്നു

കംബോഡിയൻ പട്ടാളത്തിനും പോലീസ് സേനയ്ക്കും മറ്റു ഗവൺമെന്റിതര സംഘടനകൾക്കും മനുഷ്യാവകാശത്തെ സംബന്ധിച്ചും നിയമവാഴ്ചയെ സംബന്ധിച്ചും പരിശീലനം നൽകുക എന്നതും അദ്ദേഹത്തിൻറെ കർത്തവ്യമായി നിലക്കൊണ്ടു.

കമ്പോഡിയയിലെ യു എൻ ട്രാന്സിഷൻ അതോറിറ്റിയുടെ കീഴിലെ മനുഷ്യാവകാശ വിഭാഗം ഡയറക്ടർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യും വിധമായിരുന്നു അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ എന്നത് മനുഷ്യാവകാശത്തെപ്പറ്റിയുള്ള യു എൻ നയങ്ങളെ വലിയ ഉത്തരവാദിത്വത്തോടെ എക്സിക്യൂട്ട് ചെയ്യുന്ന ചാലകഘടകമായി അദ്ദേഹം വർത്തിച്ചു എന്നതിന്റെ തെളിവാണ്.



1993-ൽ കമ്പോഡിയയിൽ യു എൻ ട്രാന്സിഷണൽ അതോറിറ്റിയുടെ ദൗത്യം അവസാനിച്ച ശേഷം 1995-96 കാലഘട്ടത്തിൽ അദ്ദേഹം ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷണറും യു,എൻ പ്രൊജക്റ്റ് സർവീസും നേരിട്ട് കംബോഡിയയിൽ നടത്തിപ്പോന്ന ജുഡീഷ്യൽ മെൻറ്റർ പ്രോഗ്രാമിൽ ജുഡീഷ്യൽ കൺസൾട്ടന്റ ആയി ചുമതല വഹിച്ചു. തിരഞ്ഞെടുപ്പ് നടക്കുകയും അനന്തരം രൂപപ്പെട്ട ഭരണഘടനയ്ക്കനുസൃതമായും സമാധാനത്തിനും നിയമവാഴ്ചയ്ക്കും വിധേയമായതുമായ ഒരു ജുഡീഷ്യൽ സിസ്റ്റം രൂപപ്പെടുത്തി നിലനിർത്തുക എന്ന ചുമതലയിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നത്.


അക്കാലഘട്ടത്തിൽ കംബോഡിയയിലെ പ്രൊവിൻഷ്യൽ ന്യായാധിപന്മാർക്കും പ്രോസിക്യൂട്ടർമാർക്കും സുസ്ഥിരമായ ജുഡീഷ്യൽ സംവിധാനം നിലനിർത്തുന്നതിനനുസൃതമായ ഉപദേശം നൽകുക എന്ന ഉത്തരവാദിത്വം അദ്ദേഹം നിർവഹിച്ചു. ഉദ്യോഗസ്ഥർക്കും പോലീസ് സേനയ്ക്കും ആവശ്യമായ പരിശീലനം നൽകുക, ചുമതലയിലുണ്ടായിരുന്ന പ്രൊവിൻസുകളിൽ മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങൾ അദ്ദേഹം നിറവേറ്റി.


ജുഡീഷ്യൽ കൺസൽട്ടൻറ് ആയിരുന്ന അദ്ദേഹം 1997-98 കാലഘട്ടത്തിൽ പ്രസ്തുത പരിപാടിയിൽ ജുഡീഷ്യൽ മെൻറ്റർ ആയി സേവനമനുഷ്ഠിച്ചു. ജനാധിപത്യവും നിയമവാഴ്ചയും സംരക്ഷിക്കുന്നതിനായി കംബോഡിയയിലെ യു.എൻ. ഏജൻസികളുടെ തന്നെ ഒരു തനതു പദ്ധതി ആയിരുന്നു ജുഡീഷ്യൽ മെന്റർ സംവിധാനം. ജഡ്‌ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും പോലീസിനും ഉൾപ്പെടെ നിയമ വ്യവസ്ഥയെ സംബന്ധിച്ച വിവിധങ്ങളായ പരിശീലന പരിപാടികളിൽ നേതൃത്വപരമായ പങ്കുവഹിക്കാൻ അദ്ദേഹത്തിനായി. സ്വതന്ത്രമായ ജുഡീഷ്യറി കംബോഡിയയിൽ കെട്ടിപ്പടുക്കുന്നതിൽ യുഎൻ ദൗത്യത്തിന്റെ ഭാഗമായ അദ്ദേഹത്തിൻറെ പങ്ക് വിലമതിക്കാനാവാത്തതാണ്. പ്രൊവിൻഷ്യൽ കോടതിസംവിധാനങ്ങളിൽ, കോടതിമുറികളേയും വ്യവഹാര രേഖകളുടെ ഉപയോഗസംവിധാനത്തെപ്പറ്റിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരുവപ്പെടുത്തിയെടുക്കുന്നതിനു അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. പ്രാദേശിക ഭരണസംവിധാനങ്ങളും പോലീസ്-സൈനിക സംവിധാനങ്ങളുമായും സഹകരിച്ചും ഏകോപിപ്പിച്ചുംകൊണ്ട് സ്വതന്ത്രമായ ഒരു ഒരു നീതിന്യായവ്യവസ്ഥ കംബോഡിയയിൽ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പങ്കുവച്ചു.





കമ്പോഡിയൻ ദൗത്യത്തിന് ശേഷം അദ്ദേഹം 1998 മുതൽ 2002 വരെയുള്ള കാലഘട്ടത്തിൽ ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിനെ ചുമതലകളുടെ ഭാഗമായാണ് പ്രവർത്തിച്ചത്. ജുഡീഷ്യൽ സിസ്റ്റം ഓഫീസർ ആയും ക്രിമിനൽ ജസ്റ്റിസ് അഡ്വൈസറി വിഭാഗത്തിൽ കോ-ഓർഡിനേറ്റർ ആയും അദ്ദേഹം പ്രവർത്തിച്ചു. കമ്പോഡിയയിലേതിന് സമാനമായ പരിശീലന പ്രവർത്തനങ്ങളോടൊപ്പം ബോസ്നിയയിലെ ജുഡീഷ്യൽ പരിഷ്‌ക്കാരങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം രൂപീകരിക്കുന്നതിൽ അദ്ദേഹം പങ്കാളിയായി. ക്യാന്റനുകളിൽ (പ്രവിശ്യകൾ) നിലനിന്നിരുന്ന വ്യത്യസ്തമായ നീതിന്യായസംവിധാനങ്ങൾക്ക് ഏകരൂപ്യം നൽകുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾ സാധ്യമായിട്ടുണ്ടെന്ന് അദ്ദേഹംതന്നെ കുറിച്ചിട്ടുണ്ട്.


ഇതേ ദൗത്യത്തിന്റെ ഭാഗമായി ക്രിമിനൽ ജസ്റ്റിസ് അഡ്വൈസറി വിഭാഗത്തിൽ റീജിയണൽ കോർഡിനേറ്റർ ആയി സേവനമനുഷ്ഠിച്ച കാലയളവിൽ, ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പോലീസ് സേനയുടെയും മറ്റുസിവിലിയൻ കാര്യങ്ങളെ സംബന്ധിച്ചും ബോസ്നിയയിലെ ഉപദേശകനായി അദ്ദേഹം പ്രവർത്തിച്ചു. പ്രാദേശിക നീതിന്യായ സംവിധാനങ്ങളുമായിചേർന്നു ഐക്യരാഷ്ട്രസഭയുടെ, നീതിന്യായവ്യവസ്ഥയെ സംബന്ധിച്ച ഉദ്ദേശലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള   ഏകോപന ചുമതല അദ്ദേഹം നിർവഹിച്ചു. ഇതിനേക്കാളെല്ലാം ഉപരി യുദ്ധതടവുകാരുടെ വിചാരണയുടെ മേൽനോട്ടം വഹിക്കാൻ സാധിക്കുകവഴി ജുഡീഷ്യൽ പ്രക്രിയയിൽതന്നെ പരിവർത്തനഹേതുവാകാൻ സാധ്യമായതായും അദ്ദേഹത്തിൻറെ തന്നെ പരാമർശമുണ്ട്.


2003-ൽ അദ്ദേഹം അഫ്ഗാനിസ്ഥാനിലെ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷന്റെ, മനുഷ്യാവകാശവിദ്യാഭ്യാസം സംബന്ധിച്ചകാര്യങ്ങളിൽ ടെക്നിക്കൽ അഡ്വൈസർ എന്ന നിലയിൽ സ്കൂൾ- യൂണിവേഴ്സിറ്റി തലത്തിൽ മനുഷ്യാവകാശത്തെ സംബന്ധിച്ച പാഠ്യഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള ഉദ്യമത്തിൽകൂടി പങ്കാളിയായിട്ടുണ്ട്.




ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിലെ സേവനംപൂർത്തിയാക്കി അദ്ദേഹം മടങ്ങുമ്പോൾ യു എൻ ദൗത്യത്തിലെ ഉദ്യോഗസ്ഥരുടെ ചുമതലക്കാരനായിരുന്ന യു.എൻ. ചീഫ് സിവിലിയൻ പേഴ്സണൽ ഓഫീസർ, എയ്ഡേയ് മക്കാനൻ നൽകിയ സാക്ഷ്യപത്രത്തിൽ ഇപ്രകാരം പരാമർശിക്കപ്പെടുന്നു "His valuable contributions were constantly exceeded the mission's expectations". തികച്ചും ദുർഘടമായ തൊഴിൽസാഹചര്യങ്ങളിലും യു. എൻ. ദൗത്യത്തിന്റെ പ്രതീക്ഷകളെക്കാളുപരിയായ പ്രൊഫഷണൽ നിലവാരം അദ്ദേഹം ഉത്തരവാദിത്വത്തോടെ നിറവേറ്റിയിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പരാമർശം.


ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിൽ അദ്ദേഹത്തിനു കീഴിൽ പോലീസ് എക്സ്പെർട്ട്ആയി സേവനമനുഷ്ഠിച്ചിരുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ വി. ഗോപാൽ കൃഷ്ണൻന്റെ വാക്കുകൾ കൂടി ഈഘട്ടത്തിൽ പ്രസക്തമാണ്. വി.പി. മധുസൂദനൻ നായരെപറ്റി അദ്ദേഹം ഇങ്ങനെ കുറിക്കുന്നു "I was amazed by his prowess of being very capable of analysing and interpreting the intricate legal points in the most simplest manner to his seniors. I also witnessed the top brasses of the UN, rushing up for the help of Madhu for advice and guidance during imbrogli. He was accepted as trustworthy for Boznians, Croats and Serbs who otherwise fought like kilny-cats in Bosnia and Herzegovina" ബോസ്നിയ-ഹെർസിഗോവിന ദൗത്യത്തിൽ മധുസൂദനൻ നായരുടെ ഇടപെടലുകളുടെ പ്രസക്തിയും ആഴവും വെളിവാക്കുന്നതാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥന്റെതന്നെ ഈ വാക്കുകൾ.


ഇങ്ങനെയെല്ലാം അവികസിതമായ, അരക്ഷിതാവസ്ഥയുടെ ചട്ടക്കൂടുകളിൽ നിലക്കൊണ്ട രാജ്യങ്ങളിൽ ആധുനിക നിയമക്രമം സ്ഥാപിച്ചെടുക്കുന്നതിൽ ഉത്തരവാദിത്വപൂർണ്ണമായി ഇടപെടാൻ കഴിഞ്ഞു എന്നത് തന്നെ തെക്കൻ തിരുവിതാംകൂറിൽ ജനിച്ചുവളർന്ന ഈ പ്രതിഭയുടെ വിശ്വപൗരത്വത്തിനു മാറ്റ്കൂട്ടുന്നുണ്ട്.


വിയോഗവും പാദമുദ്രയും


വിവിധങ്ങളായ ഐക്യരാഷ്ട്രസഭ ദൗത്യങ്ങളിലെ ഇടപെടലുകൾക്ക് ശേഷം 2004 -ൽ ആരോഗ്യപരവും കുടുംബസംബന്ധിയുമായ തീരുമാനങ്ങളാൽ അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തി. പിന്നീടങ്ങോട്ട് അഭിഭാഷകകുപ്പായം അണിയാൻ തീരുമാനിച്ച അദ്ദേഹം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലും ഇതരകോടതികളിലുമായി അഭിഭാഷകനായി പ്രാക്ടീസ് പുനരാരംഭിക്കുകയും ഉണ്ടായി. ഈ അഭിഭാഷക ജീവിതഘട്ടത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകൾകൊണ്ട് കയ്യൊപ്പ് പതിഞ്ഞ പല സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.


യു.എൻ ദൗത്യത്തിൽ നിന്നും സേവനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുമ്പോൾ യു.എൻ സർവീസിൽ പി-5 കാറ്റഗറി തലത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇനിയും ഔന്നിത്യങ്ങളിലേക്ക് തുറന്നിരിക്കുന്ന ചവിട്ടുപടികൾക്ക് എതിരെ ചുവടുവയ്ക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ശ്രീ . വി ഗോപാൽ കൃഷ്ണന്റെ ഓർമകുറിപ്പിൽ പറയുന്നത് "He was preferring voluntary retirement for the sake of his family since he had been away from them for quite long time. It was like a sunset in the noon during summer. Back in his native place, he lived in a highly down to earth, highly unassuming manner. He never bragged about, to his natives about the coveted positions he held in UN. Instead, he only told, he was just a lawyer there. Such was his persona except for individuals like me (who worked with him) ."  ഇങ്ങനെയൊക്കെ ആകയാൽ ലളിതജീവിതം മുദ്രയാക്കി, ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ തൃപ്തിയോടെ നിറവേറ്റി നടന്നുപോയ ആ മഹാപ്രതിഭയുടെ പാദമുദ്രകൾ നമുക്കായ് കാലം അടയാളപ്പെടുത്തിരിക്കുന്നത് കാണാതെ പോവുക സാധ്യമല്ല.


ഏതൊരാളെയും അത്രമേൽ പ്രചോദിപ്പിക്കുന്ന ജീവിതാനുഭവങ്ങളാണ് നമ്മെ വിട്ടുപിരിഞ്ഞ മധുസൂദനൻ നായർക്ക് ഉണ്ടായിരുന്നത്. അദ്ദേഹം ലോകസമാധാനത്തിന്റെയും മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുടെയും മുന്നണി പോരാളിയായി നിലകൊണ്ടു എന്നതും അടയാളപെടുത്താതെവയ്യ. ഇന്നത്തേതിൽ നിന്ന് ഏറെ വിഭിന്നമായ, പ്രായോഗികമായ ബുദ്ധിമുട്ടുകൾ അഭിമുഖീകരിച്ചിരുന്ന കാലഘട്ടത്തിലും അസ്വസ്ഥതകളുടെ ഭൂമികയിലും ഐക്യരാഷ്ട്രസംഘടനാ ദൗത്യങ്ങളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു എന്നത്, ആത്മഭാവമായി മാറിയ നിയമ-നീതി സംരക്ഷണത്തിന്റെ ഇച്ഛാശക്തിയാണ് തുറന്നുകാട്ടുന്നത്. കൊല്ലങ്കോട് എന്ന ഗ്രാമത്തിൽ നിന്നും  ഐക്യരാഷ്ട്രസഭാ ദൗത്യങ്ങൾ വരെ നീളുന്ന ആ ജീവിതപാതയിൽ അദ്ദേഹം പരിപൂർണ്ണമായ പഠനോൽത്സുകത കൈമുതലാക്കിയിരുന്നുവെന്നും അദ്ദേഹത്തിൻറെ ജീവിതം നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഇക്കാലയളവിനുള്ളിൽത്തന്നെ വിവിധങ്ങളായ ഗവേഷണാധിഷ്ഠിത രചനകളും അദ്ദേഹത്തിന്റേതായുണ്ട്. സ്റ്റേറ്റ് ഇമ്മ്യൂണിറ്റിയുടെ അതിർവരമ്പുകൾ മുതൽ അന്താരാഷ്ട്ര ബഹിരാകാശ നിയമം വരെയുള്ള വിഷയങ്ങളിലുള്ള അത്തരം രചനകൾ പിയർ-റിവ്യൂഡ് ജേര്ണലുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


അദ്ദേഹത്തിൻറെ യു.എൻ പ്രവർത്തനങ്ങൾ സംബന്ധിച്ചും മനുഷ്യാവകാശ-നിയമവാഴ്ച സംരക്ഷണദൗത്യങ്ങളെ സംബന്ധിച്ചും ഇനിയും പഠനങ്ങളും അന്വേഷണങ്ങളും ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നുണ്ട് . ഏതൊരു നിയമജ്ഞനെ സംബന്ധിച്ചും ഏറെ വെല്ലുവിളിയാകുന്നത് പഠിച്ച അടിസ്ഥാനപരമായ നിയമതത്വങ്ങളും നീതിബോധവും, സംഘർഷഭരിതമായ സാഹചര്യങ്ങളിലും പ്രാവർത്തികമാക്കുന്നതിൽ ഭാഗഭാക്കാകുക എന്നതാണ്. അത്തരമൊരു സാഹചര്യത്തിലാണ് വി.പി. മധുസൂദനൻ നായർ മറ്റുള്ളവർക്ക് മാതൃകയായി സ്വയം പ്രവർത്തന പന്ഥാവ് വെട്ടിത്തെളിച്ച് മുന്നിട്ടിറങ്ങിയത്. അത്തരത്തിൽ നമുക്കെല്ലാം മാതൃകയും മാർഗ്ഗവിളക്കുമായി അദ്ദേഹത്തിൻറെ ജീവിതരേഖ നിലകൊള്ളുന്നുണ്ട്.


****************



(വി.പി. മധുസൂദനൻ നായരുടെ കുടുംബാംഗങ്ങളിൽ നിന്നും വി.ഗോപാൽ കൃഷ്ണൻ ഐ.പി.എസ് (റിട്ട.) ൽ നിന്നും ലഭ്യമായ വിവരങ്ങളുടെകൂടി അടിസ്ഥാനത്തിൽ തയ്യാറാക്കിയത്)

2017, ഡിസംബർ 1, വെള്ളിയാഴ്‌ച

'ഇണ'തേടുന്ന അവകാശങ്ങൾ



വ്യക്തികളുടെ സ്വയംനിർണ്ണയാവകാശം പരമപ്രധാനമാണ്. അതിനെ ചവിട്ടിയരച്ചുകൊണ്ട് മറ്റൊരധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച  മതാന്ധതയുടെയും രാഷ്ട്രീയാധികാരത്തിന്റയും ഇടപെടലുകൾ ഇരുൾനിറഞ്ഞതും ദുരിതം വിതയ്ക്കുന്നവയുമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്..  അടിമകളിൽ നിന്ന് വ്യക്തികളിലേയ്ക് മനുഷ്യജീവി പരിണമിച്ചത് വ്യക്തിബോധത്തിന്റെ അന്തസ്സ് സമൂഹത്തിന്റെ തുറസ്സുകളിൽ അംഗീകരിച്ചെടുക്കാനായതിനാലാണ്. അടിച്ചേല്പിക്കപ്പെട്ട സാമൂഹ്യക്രമങ്ങളേക്കാൾ, മാനവികതയിലൂന്നിയ ജനാധിപത്യബോധം മുദ്രാവാക്യങ്ങളായി പടർന്നതുകൊണ്ടാണ്  ഇന്നാട്ടിൽ അയിത്താചാരങ്ങൾ അവസാനിച്ചത്. അങ്ങനെയൊക്കെ വ്യക്തിസ്വാതന്ത്ര്യബോധം ഉൾക്കൊണ്ടതുകൊണ്ടാണ്    ഈ ലോകം ഇന്നുകാണുംവിധം പരിണമിച്ചെത്തിയത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, സ്വന്തം ഇണയെ/ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇന്നും നമ്മുടെ സമൂഹത്തിൽ പരിപൂർണ്ണമായും വ്യക്തികളിന്മേൽ വന്നുചേർന്നിട്ടില്ല. ജാതിയുടെ, മതത്തിന്റെ, കുടുംബ മഹിമയുടെ, ആകാര സൗന്ദര്യത്തിന്റെ, പാരമ്പര്യ സ്വത്തിന്റെ, തുടങ്ങി അനവധി രക്ഷകർത്തൃ/സാമുദായിക മാനദണ്ഡങ്ങളാൽ ഇക്കാര്യത്തിൽ വ്യക്തിസ്വാതന്ത്ര്യം ചുരക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യപുരോഗതിയുടെ ചാലകശക്തിയായി നിലകൊള്ളുന്ന വ്യക്തിസ്വാതന്ത്ര്യത്തെ  അംഗീകരിക്കാൻ കൂട്ടാക്കാത്ത, സാമ്പ്രദായികരീതി പിന്തുടരുന്ന മതവ്യവസ്ഥിതിയാണ് മുഖ്യമായും ഇതിന് തടസ്സം നിൽക്കുന്നത്.  ഇത്തരത്തിൽ മതവ്യവസ്ഥയുടെ ഉരുക്കുചട്ടയ്ക്കുള്ളിൽ നിലയുറപ്പിച്ചു പോരുന്നവർ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നടപ്പിൽവരുത്തുന്ന വ്യക്തികളുടെ സ്വാതന്ത്ര്യത്തെ മുഷ്ടിയും ഖോ-ഖോ വിളികളും കൊണ്ടാണ് നേരിടുന്നത്.    . 


നമ്മളും നമ്മുടെമുൻതലമുറയും എല്ലാംതന്നെ അവരവരുടെ സാഹചര്യങ്ങൾക്ക് (രക്ഷാകർത്തൃ-സാമുദായിക മാനദണ്ഡങ്ങൾക്ക് വിധേയമായോ അല്ലാതെയോ) അനുസൃതമായി നിലപാടുകൾ കൈക്കൊള്ളുകയോ, അങ്ങനെ ചെയ്യാൻ വിധേയരാവുകയോ ചെയ്യുന്നവരാണ്. ഏതു സാഹചര്യത്തിലും തങ്ങൾക്കനുഗുണമായ മാനദണ്ഡങ്ങളിൽപെട്ട ഇണയെ/ ജീവിതപങ്കാളിയെ ആശിക്കുന്നവരാണ് സമസ്ത ജീവജാലങ്ങളും. ഒരു വ്യക്തിയുടെ വിവാഹത്തെ സംബന്ധിച്ച അങ്ങനെയൊരു നിലപാട് ആവശ്യം വരുന്നഘട്ടത്തിൽ, മറ്റൊരാളുടെ മാനദണ്ഡങ്ങൾ അദ്ദേഹവും പിന്തുടരണം എന്ന് ശാഠ്യo പിടിക്കുന്നതിന്റെ ഭൂരിപക്ഷയുക്തി എന്താണ് ?  വകതിരിവില്ലാത്ത ബാല്യകാലത്തേ  'ഇൻഡോക്ടറിനേറ്റ്' ചെയ്യപ്പെട്ട മതത്തിന്റെ രീതികൾക്ക് അനുസരിച്ച് വിവാഹിതരാവുന്ന ഇതേ ഭൂരിഭാഗം ആണ് ഒരാൾ ഇതര മതസ്ഥനെ വിവാഹം ചെയ്യുകയോ, മതം മാറുകയോ ചെയ്താൽ, അവരെ സ്വബോധം നഷ്ട്ടപ്പെട്ടവരായി കണക്കാക്കുന്നത്. 

 അവരവരുടെ ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഒരു പൗരൻ എന്നതിലുപരി ജൈവത്തായഅവസ്ഥയുടെ അടിസ്ഥാനസത്ത കൂടെ ആണ്. ഏതൊരു വ്യക്തിയുടെയും ആ അടിസ്ഥാന അവകാശം  സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സ്റ്റേറ്റിനും ഉണ്ട്. ഇന്ത്യയിൽ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികളുടെ അവകാശമാനങ്ങളിൽ ഇതൊക്കെ ഉൾച്ചേർന്നിട്ടുണ്ട്. ഞാൻ കുറ്റവാളിയെ പ്രണയിച്ചാലും കൊലപാതികയെ ഭോഗിച്ചാലും രാജ്യദ്രോഹിയെ വിവാഹം ചെയ്താലും, ഇതൊന്നുമല്ലാതെ ഒന്നിച്ചുകഴിഞ്ഞാലും ഇന്നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് എന്റെ വ്യക്തിജീവിതത്തിന് കൂച്ചുവിലങ്ങിടാൻ നിർവ്വാഹം ഇല്ല.. ശാരീരിക-മാനസിക ആരോഗ്യത്തോടെ, സ്വന്തം താല്പര്യത്തിനനുസരിച്ച് ഞാൻ കൈക്കൊള്ളുന്ന എന്റെ നിലപാടുകളുടെ പരിണിതഫലം അനുഭവിക്കേണ്ടുന്നതും ഞാൻ തന്നെ. പിന്നെ, കുറ്റം, അർത്ഥശങ്കയ്ക്കിടയില്ലാതെ തെളിയിക്കപ്പെടാതെ ആരെയും കുറ്റാവാളിയെന്ന് മനസിൽപോലും കരുതരുതെന്നാണ് ഇന്ത്യയുടെ നീതിനിർവ്വഹണതത്വം കൽപ്പിക്കുന്നത് (ചിലർക്ക് പാട്ടുകേൾക്കുമ്പോൾമാത്രം  എഴുന്നേൽക്കുന്ന രാജ്യസ്നേഹം, നീതിയുടെതത്വത്തിലുംകൂടി ഉണരേണ്ടുന്നതുണ്ട്). 

ലോകത്താകമാനമുള്ള മനുഷ്യരുടെ ജന്മസിദ്ധമായ അടിസ്ഥാന  അവകാശങ്ങളെ ആധുനിക ലോകക്രമം അടയാളപ്പെടുത്തിയത്  1948-ലെ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലാണ്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും കുടുംബംനിലനിർത്തിപോരാനുമുള്ള അവകാശത്തെ ഉയർത്തിപിടിക്കുന്നതാണ് മനുഷ്യാവകാശത്തെ സംബന്ധിച്ച ഈ അടിസ്ഥാന രേഖ.  പ്രസ്തുത പ്രഖ്യാപനത്തിന്റെ അനുച്ഛേദം 16 ഇപ്രകാരം അനുശാസിക്കുന്നു. 

അനുച്ഛേദം 16 
(1) ജാതിമതദേശഭേദമന്യേ പ്രായപൂർത്തിവന്ന ഏതൊരു പുരുഷനും സ്ത്രീയ്ക്കും വിവാഹംചെയ്ത് കുടുംബസ്ഥനാകാനുള്ള അവകാശം ഉണ്ട്. വിവാഹിതരാകുവാനും വൈവാഹികജീവിതം നയിക്കുവാനും വിവാഹമോചനത്തിനും അവർക്ക് തുല്യ അവകാശമുണ്ട്.  
(2) വധൂവരന്മാരുടെ പൂർണ്ണ സമ്മതത്തോടുകൂടിയെ വിവാഹബന്ധത്തിലേർപ്പെടാൻ പാടുള്ളൂ.
(3) കുടുംബം സമൂഹത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമായതിനാൽ അത് സമൂഹത്തിൽനിന്നും രാജ്യത്തിൽനിന്നും സംരക്ഷണം അർഹിക്കുന്നു. 

വ്യക്തികളുടെ തീരുമാനങ്ങളെയും കുടുംബത്തെയും പരിരക്ഷിക്കാനുതകുന്നതാണ് ഈ പ്രഖ്യാപനം.ഇന്ത്യ ഇത് അംഗീകരിച്ചതുമാണ്. ഈ സാർവ്വദേശീയപ്രഖ്യാപനത്തിന്റെ വാക്കും അന്ത:സത്തയും സംരക്ഷിക്കാൻ നമ്മുടെ രാജ്യം പ്രതിജ്ഞാബദ്ധമാണ്. (അങ്ങനെയാകയാൽ രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർ ഇവിടെയും അത് ഉയർത്തിപിടിക്കേണ്ടതും, ഇതിനോട് കൂറ്പ്രഖാപിക്കേണ്ടുന്നതുമാണ്, അല്ലാത്തപക്ഷമാണ് രാജ്യദ്രോഹം).  

വ്യക്തികളുടെ വിവാഹസംബന്ധിയായ ഒരൊറ്റതീരുമാനത്തിൽ അറ്റുപോകുന്ന വൃഷ്ടിപ്രദേശമാണ് മതത്തിനുള്ളതെന്ന സത്യത്തിന്റെ ഭീതിയും, അതുമല്ലെങ്കിൽ ബാല്യകാലത്തേയുള്ള മറ്റൊരു  'ഇൻഡോക്ടറിനേഷന്റെ' അവസരനഷ്ട്ത്തിന്റെ വിലാപവുമല്ലാതെ, മറ്റൊന്നുമല്ല ഇക്കാര്യത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള വിലങ്ങുകൾ. പ്രണയവും ഇഷ്ടവിവാഹങ്ങളും ഈ ചങ്ങലകളെ പൊട്ടിച്ചെറിയുകതന്നെ ചെയ്യും.


*ചിത്രം കടപ്പാട്: www.coe.int 

2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഭൂഗർഭ ജലം: താഴുന്ന ജലനിരപ്പും ഉയരുന്ന വെല്ലുവിളികളും

ചിത്രം കടപ്പാട്: www.twdb.texas.gov
നിജസ്ഥിതിയും ആശങ്കകളും 

ഭൂമുഖത്ത് മനുഷ്യവാസം സാധ്യമാക്കിത്തീർക്കുന്നതിൽ ജലത്തിന്റെ ലഭ്യതയ്ക് അവിഭാജ്യമായ സ്ഥാനമാണുള്ളത്. സർവ്വ സസ്യ-ജന്തുജാലങ്ങളുടെയും ഉല്പത്തിയും നിലനിൽപ്പും ഭാവിയുമെല്ലാം ജലത്തിന്റെ ലഭ്യതയെ ആശ്രയിച്ചാണെന്നത് അവിതർക്കമായ വസ്തുതയാണ്. മനുഷ്യരാശിയുടെ ഇന്നോളമുണ്ടായിട്ടുള്ള വികാസത്തിനും പുരോഗതിയ്ക്കും ജലത്തിന്റെ ലഭ്യതയും വിനിയോഗവുമായും ഇഴപിരിയാത്ത ബന്ധമുണ്ട്. കൃഷിയ്ക്കും അനുബന്ധ ജലസേചനത്തിനും ഊർജ്ജോത്പാദനത്തിനും മത്സ്യബന്ധനത്തിനും മറ്റ് ജീവസന്ധാരണ പ്രക്രിയകൾക്കുമൊക്കെയായി മനുഷ്യൻ ജലസ്രോതസുകളെ  ആശ്രയിച്ചുപോരുന്നു. അതില്തന്നെയും നാമൊക്കെയും ശുദ്ധജലത്തിനായി വലിയൊരു പങ്കും കിണറും കുഴൽക്കിണറും മറ്റുമായി ഭൂഗർഭജലത്തിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ കുടിവെള്ള സ്രോതസിന്റെ 80 ശതമാനവും ജലസേചനത്തിന്റെ 60 ശതമാനവും ഭൂഗർഭജലത്തെ ആശ്രയിച്ചാണ്. പ്രതിവർഷം 230 ക്യുബിക് കിലോമീറ്റർ വ്യാപ്തിയുണ്ട് ഒരാണ്ടിലെ ഇന്ത്യയുടെ ഭൂഗർഭജല വിനിയോഗമെന്ന് ലോക ബാങ്കിന്റെ ജലവിഭവ പഠന സംഘം  കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ മൊത്തം ഉപഭോഗത്തിന്റെ നാലിലൊന്നിനെക്കാൾ കൂടുതലാണ് ഈ ഉപഭോഗം. 

ആസൂത്രണ കമ്മീഷൻ അതു നിലനിന്നിരുന്ന അവസാന കാലത്ത്  നടത്തിയ പഠനങ്ങളിൽനിന്ന് വെളിവാകുന്നത് ഇന്ത്യയുടെ പലഭാഗങ്ങളിലും ഭൂഗർഭജലവിതാനം പ്രതിവർഷം 4 സെന്റിമീറ്ററോളം താഴുന്നുവെന്നാണ്.ഇത്തരത്തിൽ അനുസ്യൂതം തുടർന്നുപോരുന്ന ഭൂഗർഭജല ആശ്രയത്വം ഭാവിയെപ്പറ്റി കടുത്ത ആശങ്കകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ നാലാം ഗ്ലോബൽ എൻവിറോണ്മെന്റല് ഔട്ട്ലുക് റിപ്പോർട് പ്രകാരം 2025 ആകുമ്പോഴേയ്ക്കും ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ ഭൂഗര്ഭജലത്തിന്റെ ഊറ്റിയെടുക്കൽ നിലവിൽ വലിച്ചെടുക്കുന്നതിനേക്കാൾ  50 ശതമാനവും വികസിത രാജ്യങ്ങളിൽ 18 ശതമാനവും  ഉയരുമെന്നു പ്രതിപാദിക്കുന്നു. ഇത്തരമൊരു ലോകസാഹചര്യത്തിൽ ജലവിഭവ ചൂഷണത്തിന്റെ പതാകവാഹകരായിത്തന്നെ മലയാളി സമൂഹവും ചേർന്നു പോകുന്നുണ്ട് എന്നത് അവിതർക്കമായ കാര്യമാണ്.  

ജനജീവിതത്തിന്റെ പരിസരങ്ങളും അവകാശങ്ങളും  

ഇത്തരത്തിൽ അതിശീഘ്രം താഴ്ന്നു വരുന്ന ജലനിരപ്പിന്റെ ആശങ്കകളോടൊപ്പംതന്നെ ലഭ്യമായ ഭൂഗർഭ ജലവിഭവത്തിന്മേലുള്ള മലിനീകരണവും അതിഭീതിതമായ വെല്ലുവിളി ഉയർത്തുന്നു. കാർഷിക മേഖലയിലുപയോഗിക്കുന്ന രാസത്വരകങ്ങളും കീടനാശിനികളും വ്യവസായശാലകളിൽനിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങളും മറ്റു ഖരമാലിന്യങ്ങളുമെല്ലാം ഈ മലിനീകരണത്തിന് കാരണമാകുന്നു. തണ്ണീർത്തടങ്ങളുംവയൽനിലങ്ങളിലുമെല്ലാം നഗരവത്ക്കരണത്തിന്റെ ഭാഗമായി വൻതോതിൽ മാലിന്യങ്ങൾ പുറന്തള്ളുന്നതും ഭൂഗർഭജലസഞ്ചയത്തിലേയ്ക് മാലിന്യങ്ങൾ വന്നുചേരുന്നതിനിടയാക്കുന്നു. ഇതൊക്കെയും ശുദ്ധജല ലഭ്യതയ്ക്കുള്ള വ്യക്തിയുടെ അവകാശങ്ങൾക്കുമേലാണ് വിഘ്നം തീർക്കുന്നത്. രാഷ്ട്രീയാധികാരങ്ങളിൽനിന്ന് അകലംപാലിക്കപ്പെട്ട്  പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ആവാസഭൂമികകളിൽ തുടർന്നുപോരുന്ന ഖനനപ്രക്രിയകൾ നൈസർഗ്ഗികമായ ഭൂജല സംഭരണത്തിന്റെ ഘടനയെത്തന്നെ മാറ്റം വരുത്തുമെന്നും വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആദിവാസികളുടെയും അവരധിവസിക്കുന്ന വനഭൂമികളുടെയും സ്വാഭാവിക ജൈവത നഷ്ട്ടപ്പെടുത്തുന്നതിൽ അധികാരികൾക്ക് യാതൊരു സങ്കോചവും ഇന്നേവരെ ഉണ്ടായിട്ടില്ല എന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ താഴ്ന്ന ജലവിതാനവും മലിനീകരണവും മനുഷ്യവാസത്തെയും ജൈവവ്യവസ്ഥയെയും എല്ലാത്തലത്തിലും പ്രതികൂലമായി ബാധിക്കുന്നു. കുടിവെള്ള ക്ഷാമം, ആരോഗ്യപ്രശ്നങ്ങൾ, അഭയാർത്ഥി പ്രശ്നങ്ങൾ, വനനശീകരണം, ജൈവവൈവിധ്യത്തിന്റെ ശോഷണം,  സമ്പദ്ഘടനയുടെ തകർച്ച എന്നിങ്ങനെ സാമൂഹ്യ അധഃസ്ഥിതാവസ്ഥയുടെ സർവ്വമണ്ഡലങ്ങളേയും ബാധിക്കുമാറ് ഈ വെല്ലുവിളിതീവ്രമായിക്കൊണ്ടിരിക്കുന്നു. ശുദ്ധമായ കുടിവെള്ളത്തിനുള്ള അവകാശം പരമപ്രധാനമായ മനുഷ്യാവകാശമാണെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തിയിട്ടുള്ളതാണ്. ഇന്ത്യയുടെ സുപ്രീംകോടതിയും ശുദ്ധമായകുടിവെള്ളത്തിനുള്ള അവകാശം മൗലികമായ അവകാശങ്ങളുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത നിലയ്ക് അവകാശസംരക്ഷണത്തിന്റെ മാനങ്ങളും കൂടി ജലസംരക്ഷണത്തിനു വന്നുചേരുന്നു. 

മലയാളിയുടെ അതിരുകൾക്കുള്ളിൽ 

ഒരു പതിറ്റാണ്ടിലേറെ പഴക്കത്തോടെ കേട്ടു തഴമ്പിച്ച വർത്തമാനങ്ങളും പ്ലാച്ചിമടയിലെതുൾപ്പെടെയുള്ള   അനുഭവങ്ങളുടെ  പാഠപുസ്തകവും പേറുന്ന മലയാളിക്ക് ഇന്നും ഭൂജലവിനിയോഗത്തിന്റെ ബാലപാഠങ്ങളുടെ പരീക്ഷയിൽ വിജയപ്രതീക്ഷയില്ല.  കേന്ദ്ര ഭൂജല ബോർഡിന്റെ സ്ഥിതിവിവരകണക്കു പ്രകാരം കേരളത്തിന്റെ ഭൂജലവിതാനത്തിന്റെ പിൻവാങ്ങൽ  തോത് 71.26 % ആണ്. കേരളത്തിലെ 606 കിണറുകൾ പഠനവിധേയമാക്കിയതിൽ 434 കിണറുകളിലും ജലനിരപ്പിന്റെ താഴ്ച പ്രകടമായതായും ഭൂജലബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. സുമാർ 3000 മില്ലി മീറ്റർ മഴ ലഭ്യമാകുന്നതും ഭൗമോപരിതലജലാശയങ്ങൾ ഒട്ടുമിക്കയിടങ്ങളിലും ഉള്ളതുമായ കേരളത്തിൽ ഇങ്ങനെകണ്ടുവരുന്ന പ്രവണത ഒട്ടും ആശാവഹമല്ല.ഇതിനൊക്കെ ഇടയിലാണ് ആഗോളതാപനത്തിന്റെയും കാലാവസ്ഥവ്യതിയാനത്തിന്റെയുമൊക്കെ ഉച്ചസൂര്യന്മാർ ഭീതിവിതയ്ക്കുന്നത്. ഇക്കഴിഞ്ഞ വേനൽക്കാലം മലയാളിക്കു വിട്ടുതന്ന വരൾച്ചയുടെ പാഠങ്ങൾ  ഉൾക്കൊണ്ടില്ലെങ്കിൽ വലിയ പാരിസ്ഥിതിക വെല്ലുവിളികൾക്കും ജൈവാവസ്ഥയുടെ ശോഷണത്തിനും നമ്മൾ വിധേയരാകും എന്നത് തീർച്ചയാണ്. വേനലിൽ പെട്ടന്ന് നേരിട്ട വരൾച്ചയെ മറികടക്കാൻ ഒട്ടുമിക്കയിടങ്ങളിലും വ്യക്തികളോ സർക്കാർ  സ്ഥാപനങ്ങളോ ദൂരങ്ങളിൽ നിന്നും ജലം  ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തിപ്പോന്നു. മറ്റുള്ളവർ കുഴൽക്കിണർ ഒരു പ്രതിവിധിയായിക്കണ്ട് അതിനെ ആശ്രയിക്കുകയാണുണ്ടായത്. എന്നാൽ വലിയ തോതിൽ കുഴൽക്കിണറുകൾ പ്രത്യക്ഷപെട്ടതോടെ സമീപങ്ങളിലെ കിണറുകളിലെയും മറ്റും ജലനിരപ്പ് പിൻവാങ്ങിത്തുടങ്ങിയാതായിക്കാണാം. പാലക്കാടുപോലുള്ള ജില്ലകളിൽ ഇതിന്റെ  ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ട്. 

നൂറ്റിയന്പതും ഇരുന്നൂറും മീറ്ററുകൾ താഴ്ചയിൽനിന്ന് കുഴൽക്കിണറുകളിലൂടെ വെള്ളം ഊറ്റിയെടുക്കുന്നതോടെ ചുറ്റുവട്ടത്തുള്ള കിണറുകൾ ഉൾപ്പെടെ ഒട്ടനവധി  ജലസ്രോതസുകൾക്ക് നിലനില്പില്ലാതെയാവുകയാണ്. അതിലുപരിയായി ഭൗമാന്തർഭാഗത്തെ ആഴങ്ങളിൽ വിശേഷിച്ചു പാറരൂപങ്ങളിൽനിന്നും വലിച്ചെടുക്കുന്ന വെള്ളത്തിൽ ഉയർന്നതോതിൽ അതിസാന്ദ്രതാലോഹങ്ങളുടെ സാന്നിദ്ധ്യം ഉള്ളതായി  ശാസ്ത്രീയമായി തെളിയിപ്പെട്ടിട്ടുണ്ട്.  ആഴ്‌സെനിക്, കാഡ്മിയം, ലെഡ്,  ഫ്ലൂറൈഡുകൾ  ഇത്യാദി രാസമൂലകങ്ങളുടെ സാന്നിദ്ധ്യം കൂടി ചേർന്ന ഈ വെള്ളത്തിന്റെ ഉപയോഗം ക്യാൻസർ ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകുന്നതായി ശാസ്ത്രലോകം ശരിവയ്ക്കുന്നു. സെപ്റ്റിടാങ്കിന്റെ സാന്നിധ്യത്തെയും കോളിഫോം ബാക്റ്റീരിയയെയുംപറ്റി മാത്രം ആശങ്കപ്പെട്ടിരുന്ന കാലം അതിക്രമിച്ച് അതിതീവ്രമായ ഒരുപറ്റം ചോദ്യങ്ങൾക്കുമുന്പിൽ ഇന്ന് മലയാളി നിലകൊള്ളുന്നു. 

അതിജീവനത്തിന്റെ പോംവഴികൾ 

ചിത്രം കടപ്പാട്: ഡെക്കാ ഹെറാൾഡ്
കൃത്യമായ മഴവെള്ള സംഭരണ പ്രവർത്തനങ്ങളിലൂടെയും മേൽമണ്ണിന്റെ  പ്രകൃതി-സൗഹൃദ ഉപയോഗക്രമത്തിലൂടെയും നല്ലൊരു പങ്ക് ഭൂഗർഭ ജലശേഖരണം സാധ്യമാണ്. മഴക്കുഴികൾ നിർമ്മിച്ചും തോടുകളിലും ചാലുകളിലും തടയണകൾ  തീർത്തും ഒക്കെ ചെറിയ ചുവടുകൾ വെയ്‌ക്കേണ്ടതുണ്ട്. ഇടതൂർന്ന സസ്യവിതാനങ്ങൾക്ക് മണ്ണിലേക്കുള്ള മഴവെള്ളത്തിന്റെ വരവിനെയും മറ്റും നിയന്ത്രിക്കാൻ  ശേഷിയുണ്ട്. വീട്ടുമുറ്റത്തും വഴിയോരത്തും പുറമ്പോക്കിലും എല്ലാം നടീൽ പ്രവർത്തനങ്ങളും വനവത്കരണവും ഒക്കെ ഊർജ്ജിതമാക്കി മണ്ണൊലിപ്പ് തടയലും ജലസ്രോതസുകളെ പുഷ്ടിപ്പെടുത്തലും കാര്യക്ഷമമാക്കേണ്ടതുണ്ട്. ജനങ്ങളുടെയും സർവ്വ ജീവജാലങ്ങളുടെയും  ശുദ്ധജലത്തിനുള്ള അവകാശത്തിന്റെയും അതിജീവനത്തിന്റെയും  പ്രശ്നമാകയാൽ ജനകീയവും  വികേന്ദ്രീകൃതവുമായ പദ്ധതി ആവിഷ്ക്കരണവും ഇടപെടലും കാല-ദേശ ഭേദങ്ങൾക്കനുസൃതമായി ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതുണ്ട്.   തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന ചില പദ്ധതികൾ ഈ പ്രവർത്തനത്തിന് ഏറെ സഹായകരമാണ്. എന്നാൽ  ഭരണഘടനാപരമായും പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി നിയമ പ്രകാരവുമെല്ലാം നിക്ഷിപ്തമായ അധികാരങ്ങളുപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൈവിധ്യപൂർണ്ണമായ തനതു പരിപാടികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. വാർഡ് തലത്തിൽ കുടുംബങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രവർത്തനങ്ങളിലൂന്നിയ ബോധവൽക്കരണം സാധ്യമാക്കേണ്ടതുണ്ട്. ജനകീയമായ ഇടപെടലോടെയും സഹകരണത്തോടെയും ഇതൊരു പ്രസ്ഥാനമായി മുന്നേറണം . ഒഴിഞ്ഞ പറമ്പുകളിലും ഉയർന്ന പ്രദേശങ്ങളിലും ഒക്കെ അതാതു പ്രദേശത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പരമാവധി മഴവെള്ളം ശേഖരിക്കാനാകണം. മണ്ണിടിച്ചിലിന്റെയും ഉരുള്പൊട്ടലിന്റെയും സാധ്യതകളെപ്പറ്റിയും കെട്ടിടങ്ങളുടെയും സുരക്ഷയെപ്പറ്റിയുമുള്ള ധാരണയുടെ അടിസ്ഥാനത്തിൽ  ആകണം സ്ഥലങ്ങൾ നിശ്ചയിക്കേണ്ടത്.അത്തരം മേഖലകൾ നിശ്ചയിക്കാനും മറ്റും ശാസ്ത്രപ്രചാരകരും വിദ്യാർത്ഥികളുമടങ്ങുന്ന കർമ്മസേന തന്നെ തദ്ദേശസ്ഥാപനങ്ങൾക്ക് രൂപീകരിക്കാവുന്നതാണ്. 
 ഗാർഹികാവശ്യങ്ങൾക്കുൾപ്പെടെ സ്ഥാപിക്കപ്പെടുന്ന കുഴൽക്കിണറുകൾക്ക് ലൈസൻസിങ് ഏർപ്പെടുത്തണം. വെള്ളത്തിന്റെ ഗുണനിലവാരവും ജലനിരപ്പും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് തക്കതായ ഇടപെടലുകൾ ബന്ധപ്പെട്ട സർക്കാർ-സർക്കാരിതര സംവിധാനങ്ങളുമായി സഹകരിച്ച് നടപ്പിൽ വരുത്തേണ്ടതാണ്. ശുദ്ധജല ലഭ്യത എല്ലാ വീടുകളിലും ഉറപ്പുവരുത്തുകയും വേണം. ജനസാന്ദ്രതകൂടിയ പ്രദേശങ്ങളിൽ ജലപുനരുപയോഗത്തിനുള്ള ശുദ്ധീകരണപ്ലാന്റുകൾ സ്ഥാപിക്കപ്പെടുന്നത് വഴി ടോയ്‌ലറ്റ്  ഫ്ലെഷിങിനും അടുക്കളത്തോട്ടവും പൂന്തോട്ടവും നനയ്ക്കാനും വാഹനങ്ങൾ കഴുകാനും മറ്റുമായി ഇതേ വെള്ളംതന്നെ  ഉപയോഗിക്കാവുന്നതുമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാനാവശ്യമായ സാമ്പത്തിക വിഹിതം ഉറപ്പുവരുതാനാവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള ഉത്തരവാദിത്വവും സർക്കാരുകൾക്ക് ഉണ്ട്.വ്യക്തികളുടെ  ജല പാദമുദ്ര (വാട്ടർ ഫൂട്പ്രിൻറ്)  പരമാവധി കുറയ്ക്കുക എന്ന നിലയിലേയ്ക് സമൂഹത്തെക്കൊണ്ടെത്തിക്കാനുതകുന്ന വിദ്യാഭാസപ്രവർത്തനങ്ങൾ ഇതിൽ ഉൾചേരേണ്ടതുമുണ്ട്. 

തണ്ണീർതടങ്ങളുടെയും വയൽനിലങ്ങളുടെയും സംരക്ഷണവും നൈസർഗ്ഗികമായ നിലനിൽപ്പും  ഉറപ്പുവരുത്തുന്നതിനോടൊപ്പം അതിന്റെ പാലകരായ് നിലകൊള്ളുന്ന ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇവ്വിധം സമഗ്രമായ വിഭവ-പാലന വികാസ സാധ്യതകൾക്ക് ഉതകുംവിധം ഭരണകൂടത്തിന്റെ നയങ്ങൾ  പരിഷ്‌ക്കരിക്കേണ്ടതുണ്ട്. രാഷ്ട്രീയപാർട്ടികൾ ഇതൊരു മുഖ്യ അജണ്ടയായിക്കണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. എന്തുകൊണ്ടും സാമ്പത്തികവും പാരിസ്ഥിതികവുമായ വിഭവങ്ങളുടെ ചൂഷണത്തിനെതിരെയുള്ള സമരരൂപങ്ങൾ  ക്രിയാത്മകമായും പ്രതിരോധാത്മകവമായും പരിഷ്‌ക്കരിക്കേണ്ടതുണ്ട്. ജലസ്രോതസുകളുടെ പരിരക്ഷയിലും  അതിന്മേലുള്ള അവകാശത്തിലും ഏവർക്കും തുല്യമായ പങ്കാണുള്ളതെന്നും അത്തരമൊരു തിരിച്ചറിവിലൂന്നിയ പ്രവർത്തനങ്ങൾകൊണ്ട് ഭാവിതലമുറയ്ക്കൂടി അവകാശപ്പെട്ട പ്രകൃതിവിഭവങ്ങൾ കാത്തുകൊള്ളാനായാൽ മാത്രമേ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നത് ഇനിയും വിസ്മരിച്ചുകൂടാ.

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

മത്സ്യബന്ധനം: ഉപജീവനത്തിന്റെ ചങ്ങലകളും കടലതിരിന്റെ രാഷ്ട്രീയവും

                                                                                                                    
മത്സ്യബന്ധനതൊഴിലാളികൾ അയൽരാജ്യങ്ങളുടെ സമുദ്രാതിർത്തികൾ  ലംഘിക്കുന്നുവെന്ന കാരണത്താൽ പലഘട്ടങ്ങളിലും രാജ്യങ്ങൾ അവരെ പിടികൂടുകയോ തടവിലാക്കുകയോ ചെയ്യാറുണ്ട്. താരതമ്യേന അടുത്തടുത്ത തീരങ്ങളുള്ളതും മുഖ്യ ഭൂമികയിനിന്ന് വേർതിരിക്കുന്ന കടലുകളിൽ ദ്വീപുകൾ നിലനിൽക്കുന്നതുമായ രാജ്യങ്ങളുടെ സമുദ്രാതിർത്തികളിലുമാണ്  അടിയ്ക്കടി ഈ പ്രശ്നം ഉണ്ടാകാറുള്ളത്.  ഇന്ത്യ-ശ്രീലങ്ക ബന്ധത്തിനിടയിലെ ഒരു സുപ്രധാന പ്രശ്നമായി മത്സ്യബന്ധന തൊഴിലാളികളുടെ തടവിലാക്കൽ മാറാറുണ്ട്. 

 എന്നാൽ കഴിഞ്ഞ മെയ് 27ന് സമുദ്രാതിർത്തി ലംഘിച്ചുവെന്ന  കാരണത്താൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കു പടിഞ്ഞാറേ ഭാഗത്തെ ബ്രിട്ടീഷ് ദ്വീപ് പ്രദേശമായ ഡീഗോ ഗാർഷ്യയുടെ സമുദ്രാതിർത്തി ലംഘിക്കപ്പെട്ടതിന്റെ പേരിൽ  6 മലയാളികളടങ്ങുന്ന 19 അംഗ സംഘത്തെ  അറസ്റ് ചെയ്യുകയുണ്ടായി.തുടർന്നു ഒരു മാസത്തോളമായി കേന്ദ്ര-കേരള സർക്കാരുകൾ നടത്തിവന്ന ഇടപെടലുകളുടെ ഫലമായി വിടുതൽ നേടുകയും ചെയ്തു. ഇന്ത്യയുടെ തെക്കേ മുനമ്പിൽനിന്ന് സുമാർ 1100 മൈൽ അകലെ ആഴക്കടലിലേയ്ക്  മത്സ്യസമ്പത്തിന്റെ ജീവനോപാധി തിരയാൻ ചെറുയാനത്തിന് വഴികാട്ടിയതോ വഴിപിഴപ്പിച്ചതോ എന്ത് എന്നതാണ് ഏറെ പ്രസക്തമായുയരുന്ന ചോദ്യം. ഇങ്ങനെ തുടരെ തുടരെയുണ്ടാകുന്ന തടവിലാക്കലുകളും  മോചനവുമല്ലാതെ ഇതോടനുബന്ധിച് മത്സ്യബന്ധന മേഖല നേരിടുന്ന യഥാർത്ഥ പ്രശനങ്ങളുടെ ആഴങ്ങളിലേയ്ക് നാം ഇനിയും ഇറങ്ങി ചെല്ലേണ്ടതുണ്ട്. 

                                                                                                                                                            (ചിത്രം കടപ്പാട് :www.socialnews.xyz)

ഇന്ത്യയുടെ എക്സ്ക്ലൂസിവ് എക്കണോമിക് സോൺ (EEZ) നുമപ്പുറത്ത്‌ പുറം കടലിലേയ്ക് മത്സ്യസമ്പത്ത് തേടി അലയേണ്ട സാഹചര്യം എങ്ങനെ സംജാതമായി? നവ ലിബറൽ സാമ്പത്തിക നയങ്ങളുടെയും ലോക വ്യാപാര സംഘടന കരാറിന്റെയും മറ്റും അടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളിലെ വൻകിട ട്രോളറുകൾക്കും ഫാക്ടറി ഷിപ്പുകൾക്കും ഇന്ത്യൻ സമുദ്രാതിർത്തിയ്ക്കുള്ളിൽ നിന്നു പോലും മത്സ്യ വേട്ട സാധ്യമാക്കിയത് നമ്മുടെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. 1990 കളുടെ തുടക്കം മുതൽ അനുവർത്തിച്ചു പോന്ന ഈ നയം മാറി മാറി വന്ന യു.പി.എ-എൻ.ഡി.എ   സർക്കാരുകൾ അതേപടി തുടർന്നുവെന്നു മാത്രമല്ല പൂർവ്വാധികം ശക്തിയോടെ എക്കാലവും പരിപോഷിപ്പിച്ചു. ഇത്തരത്തിൽ ഇന്ത്യയുടെ മത്സ്യസമ്പത്ത് കൊള്ളയടിക്കപ്പെട്ട് വിദേശങ്ങളിലേയ്ക്  കയറ്റിയയക്കപ്പെടുന്ന സ്ഥിതിവിശേഷം രൂപപ്പെട്ടു. അനന്തരം കേരളത്തിലേതുൾപ്പെടെ ഇന്ത്യയിലെ ചെറുകിട മത്സ്യബന്ധനത്തെയും തൊഴിലാളികളെയും ഇന്ത്യയിലെ മത്സ്യവിപണിയെയും സാരമായി ബാധിച്ചു. 

തീരദേശവാസികളുടെ വരുമാനവും അന്നവും, സമൂഹത്തിന്റെയാകെ ഭക്ഷ്യ സംസ്കാരത്തിന്റെയും ആരോഗ്യത്തിന്റെയുമൊക്കെ കടയ്ക്കൽ കത്തിവെയ്ക്കുന്ന നയങ്ങളായാണ് കേന്ദ്ര സർക്കാരിന്റെ ഈ നിലപാടുകൾ തുടർന്നു പോരുന്നത്. 1982 ലെ അന്തർദേശീയ സമുദ്രനിയമ (United Nations Convention on Law of the Seas-UNCLOS) ത്തിലെ വ്യവസ്ഥകൾ പ്രകാരം തീരത്തുനിന്നുള്ള 200 നോട്ടിക്കൽ മൈൽ ദൂരം ഇന്ത്യയുടെ EEZ ആണ്. പ്രസ്തുത ഉടമ്പടിപ്രകാരം തന്നെ EEZ പ്രദേശത്തെ എല്ലാ വിഭവങ്ങളുടെമേലും സാമ്പത്തികവും അല്ലാത്തതുമുൾപ്പെടെ, നമ്മുടെ രാജ്യത്തിനു പരമാധികാരം നിലനിൽക്കുന്നുണ്ട്. അങ്ങനെയിരിക്കെത്തന്നെയാണ് അന്തർദേശീയ സാമ്പത്തിക-വ്യാപാര ബന്ധങ്ങളുടെ പേരുപറഞ്ഞും ഉദാരവൽക്കരണ നയങ്ങളെ പിൻപറ്റിയും 12  നോട്ടിക്കൽ മൈൽ വരെയുള്ള 'ടെറിട്ടോറിയൽ സീ' (UNCLOS-ൽ നിർവചിക്കപ്പെട്ടത്) വരെ വിദേശ ട്രോളറുകൾക്ക് മത്സ്യബന്ധനത്തിനു അനുവാദം നൽകിപ്പോന്നത്. 'ടെറിട്ടോറിയൽ സീ'  യഥാർത്ഥത്തിൽ ഒരു രാജ്യത്തിന്റെ കരഭൂമിയുടെ തുടർച്ചയെന്നോണമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ അതു സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശവുമാണ്.അതായത് യഥാർത്ഥത്തിൽ രാജ്യത്തിനു അധികാരമുള്ള സമുദ്രപ്രദേശത്തിന്റെ 188 നോട്ടിക്കൽ മൈൽ പ്രദേശവും (തുറസ്സായ കടൽ പ്രദേശങ്ങൾ ആണ് ഇവിടെ പ്രതിപാദ്യം. EEZ ന്റെ പരിധിക്കുള്ളിൽ വച്ചു തന്നെ മറ്റൊരു രാജ്യത്തിന്റെ അധികാര പരിധി തുടങ്ങുകയാണെങ്കിൽ അവിടെ വരെ) വിദേശ ട്രോളിംഗ് കമ്പനികൾക്ക് കൊള്ളയടിക്കാൻ വിട്ടു നൽകിയിരിക്കുകയാണ്. 

ഇത്തരത്തിൽ വൻകിട യന്ത്രവല്കൃത യാനങ്ങളിൽ മത്സ്യസമ്പത്തുക്കൾ തൂത്തുവാരിയെടുത്തു പോകുമ്പോൾ ചെറുകിട മത്സ്യ ബന്ധനത്തിനും തീരത്തോടടുത്ത പ്രദേശങ്ങളിൽ മത്സ്യ ലഭ്യതയ്ക്കുള്ള സാധ്യതയും പാടെ അവസാനിക്കുകയാണ്. ഇതു തൊഴിലാളികളെയാകെത്തന്നെ ആഴക്കടലിന്റെ  പുതിയ മേച്ചിൽപുറങ്ങൾ തേടാൻ നിർബന്ധിതരാകുന്നു. അവിടെയും സ്ഥിതി മെച്ചമല്ലതാനും. ഒരു ഭാഗത്തു സംസ്ഥാനം ചെറു ബോട്ടുകളുടെ ട്രോളിംഗ് നിരോധിക്കുകയും മറുഭാഗത് വൻകിട വിദേശക്കപ്പലുകൾ മത്സ്യക്കൊയ്ത് നടത്തുകയും ചെയ്യുമ്പോൾ തന്നെ ഈ ട്രോളിംഗ് നിരോധനം അർത്ഥ പൂർണ്ണമല്ലാതാകുന്നു. ഇതിനുപുറമെയാണ് ആഗോളാടിസ്ഥാനത്തിലുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെയും സമുദ്രമലിനീകരണത്തിന്റെയുമൊക്കെ ഫലമായുള്ള ബാധ്യതകളും നമ്മുടെ കടൽസമ്പത്തും മത്സ്യ ബന്ധന മേഖലയും പേറുന്നത്. ആഗോളപ്രതിഭാസമായി സമുദ്രങ്ങളെ പിടികൂടിയ വർധിക്കുന്ന അമ്ലത്വവും സമുദ്രോഷ്മാവും തീരങ്ങളിലും ആഴക്കടലിലും പുറന്തള്ളുന്ന ഖര-രാസ-അജൈവ മാലിന്യങ്ങലും ഒക്കെ കൂടിചേർന്ന് സമുദ്ര ജൈവാവസ്ഥയെ (Marine Ecosystem) ശുഷ്ക്കിപ്പിക്കുന്നു. കേരളം പോലുള്ള പ്രദേശങ്ങളിൽ കടലിലേയ്ക് നദികളിൽ നിന്നുള്ള നീരൊഴുക്കിന്റെ വ്യതിയാനവും മത്സ്യസമ്പത്തിന്റെ ഇടിവിനു കാരണഭൂതമായിട്ടുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

ഉദാരവത്കരണ കാലത്തെ ആദ്യകാല കോൺഗ്രസ്സ് സർക്കാരുകളുടെ നിലപാടുകലിന്മേൽ അന്നുതന്നെ ഉയർന്നു വന്ന എതിർപ്പുകൾ അഭിസംബോധന ചെയ്യാനായിതന്നെ 1995-ല്‍ ആഴക്കടൽ മത്സ്യ ബന്ധന നയപരിശോധിക്കാനായി നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശയാനങ്ങൾക്ക് അനുസ്യൂതം മത്സ്യസമ്പത് വേട്ടയ്ക് അനുമതി നൽകുന്ന പെർമിറ്റുകൾ നിയമവിധേയമായി റദ്ദു ചെയ്യണമെന്നും മറ്റുള്ളവയ്ക് പെര്മിറ്റി കാലാവധി അവസാനിക്കുന്നമുറയ്ക്ക്  പുതുക്കിനല്കാതിരിക്കാനും സർക്കാരിനോട് ശുപാർശ ചെയ്യുതു. എന്നാൽ ഇതിനെയാകെ അവഗണിക്കുന്ന നിലപാടാണ് പിന്നീടുള്ള സർക്കാരുകൾ കൈക്കൊണ്ടത്. രണ്ടാം യു.പി.എ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി  തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ കാര്യപ്രാപ്തിയും സാങ്കേതിതികവും കൈവരിക്കുംവരേയ്ക്കും വിദേശയാനങ്ങൾക്ക് യഥേഷ്ടം സമ്പത് കൊള്ള ചെയ്തുകൊള്ളാം എന്നും പറഞ്ഞു വയ്ക്കുന്നു. 

ഇതിന്റെയെല്ലാം ഭാരം ഏറ്റുവാങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ മനസ്ഥിതിയും ജീവിത സാഹചര്യങ്ങളും പുഷ്ടിപ്പെടുത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ഭരണഘടനാപരമായും ഇതര നിയമവ്യവസ്ഥപ്രകാരവുമെല്ലാം ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് പരിരക്ഷ ലഭിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് നിയമപരിരക്ഷകളോ സഹായപദ്ധതികളുടെ ലഭ്യതയോ വേണ്ടുംവിധം ലഭ്യമാകാതെയുണ്ട്. ഒരു കാറ്റിലോ കടൽക്ഷോഭത്തിലോ ഒക്കെ വേരറ്റുപോകാവുന്ന കൂരകളിൽ അധിവസിക്കുന്ന മഹാഭൂരിഭാഗം മത്സ്യ തൊഴിലാളികളുടെ ജീവിതത്തെ ഇനിയും ചവിട്ടിയരയ്ക്കാൻ ഭരണകൂടത്തെ അനുവദിച്ചുകൂട. ലഭ്യമാകുന്ന മത്സ്യത്തിന്റെ മൂല്യം ഇന്ധനത്തിന്റെ ചിലവോ ബോട്ടുടമയുടെയോ ഇടനിലക്കാരെന്റെയോ ഒക്കെ ലാഭവിഹിതങ്ങളിൽ ചെന്നുപെട്ടിട്ടുമാണ് വാങ്ങുന്നവന്റെമേൽ വിലക്കനം തീർക്കുന്നത്. ഇതിനൊരറുതി വരുത്താൻ മത്സ്യ മാർക്കറ്റിംഗ് രംഗത്ത് സർക്കാർ കാര്യക്ഷമമായ് ഇടപെടണം. സഹകരണ മേഖലയിൽ മത്സ്യബന്ധനത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനുതകുന്ന നയരൂപീകരണത്തിന് ഭരണകൂടത്തിന് കഴിയണം.

                                                                                                                                                   (ചിത്രം കടപ്പാട് :www.greenpeace.org)

തീരദേശങ്ങളും കടലും മലീമസമാകാതെ അതിന്റെയൊക്കെ കാവലാളുകളായ് തീർന്ന്  സ്വന്തം ഉപജീവനത്തിന് കടലമ്മയെ നെഞ്ചേറ്റി ജീവിക്കുന്ന ഒരു ജനതയുടെ പൊക്കിൾക്കൊടി ബന്ധത്തെയാണ് സർക്കാർ നയങ്ങൾ കോര്പറേറ്റ് ണാധികാരത്തിന്റെ വെറ്റിലക്കൊടികളി കൊണ്ടുചെന്നു കെട്ടുന്നത്. മുരാരി കമ്മിറ്റിയുടെ പ്രസക്തമായ ശുപാർശകൾ അടിയന്തരമായി നടപ്പാക്കുകതന്നെ വേണം. സമഗ്രമായ ഒരു സമുദ്രജൈവാവസ്ഥ നിർണ്ണയത്തിനുള്ള(Ecological Assessment of Marine Ecosystem) നടപടികൾ കാലവിളംബം കൂടാതെ അക്കാദമിക് സമൂഹവുമായി ചേർന്ന് നടപ്പാക്കുവാൻ സർക്കാരുകൾ മുന്നിട്ടിറങ്ങണം. 

മത്സ്യത്തൊഴിലാളികളെ മുഖവിലയ്ക്ക് എടുത്തുകൊണ്ട് അവരുടെകൂടി പങ്കാളിത്തത്തോടെ തീരങ്ങളുടെയും കടലിന്റെയുമുൾപ്പെടെ അവരുടെ ആവാസവ്യവസ്ഥയുടെ പാരിസ്ഥിതികസംരക്ഷണത്തിന് ജാഗ്രത സമിതികൾ രൂപീകരിക്കേണ്ടതുണ്ട്. തീരദേശപരിപാലന നിയമം മത്സ്യതൊഴിലാളികളുടെ ജൈവ മേഖല എന്ന നിലയ്ക്ക് കൂടി പൊളിച്ചെഴുതണം. മത്സ്യബന്ധനത്തിനുള്ള തൊഴിലാളികളുടെ കീഴ്വഴക്ക അവകാശത്തിനു (Customary Right) വിധേയമായിക്കൊണ്ട് മാത്രമേ വിദേശകമ്പനികൾക്ക് ഈ മേഖലയിൽ എന്തെങ്കിലും വിധത്തിലുള്ള കടന്നു കയറ്റത്തിന് വഴിതുറക്കാവൂ. ഈ പരിതസ്ഥിതിയിൽ ജനജീവിതത്തിനും ജൈവസമ്പത്തിനും സംരക്ഷണം നല്കുവാനുള്ള ഉത്തരവാദിത്വമേറ്റെടുക്കുകയും പ്രകൃതി വിഭവങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗത്തിനനുസൃതമായ നിലപാടുതറകളിൽ  ഉറച്ചു നിൽക്കുകയുമാണ് രാഷ്ട്രീയ നേതൃത്വം ചെയ്യേണ്ടത്.  


2016, ജൂലൈ 23, ശനിയാഴ്‌ച

മാധ്യമപ്രവർത്തനവും അഭിഭാഷകവൃത്തിയും: സമന്വയത്തിന്റെ സാധ്യതകൾ

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ അസ്വാരസ്യങ്ങൾ തെരുവിലും ചർച്ചകളിലും ഇരുപക്ഷത്തുനിന്നുള്ള ഏറ്റുമുട്ടലുകളായ് കാണപ്പെട്ടു എന്നതിനേക്കാളുപരി തൊഴിലിടങ്ങളിലെ സംഘബോധത്തിന്റെ തിരിതെളിച്ചാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഈ സംഘബോധത്തിന്റെ ദിശാസൂചകങ്ങൾ ആഴത്തിലുള്ള സ്വയംബോധ്യത്തിന്റെയും പരിവർത്തനക്ഷമതയുടെയും നേർക്കാണോ അതോ കേവലം സ്പർദ്ധയുടെയും അധരവ്യായാമങ്ങളുടെയും പക്ഷത്താണോ എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. 



അസ്വാരസ്യങ്ങൾ ഉണർത്തിവിട്ടത് എന്ത് ?

ദൗർഭാഗ്യവശാൽ കഴിഞ്ഞ നാളുകളിൽ ഉരുത്തിരിഞ്ഞു വന്ന ബഹുഭൂരിപക്ഷം ചർച്ചകളും കേമത്തത്തിന്റെ ദ്വന്ദ്വ നിലപാടുകളിലൂന്നിയവയായിരുന്നു. മാധ്യമപ്രവർത്തകരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹിമ ഉയർത്തിക്കാട്ടി ഞങ്ങളാണ് അനിവാര്യർ, ഞങ്ങളാണ് സമൂഹത്തിന്റെ ചക്രം തിരിക്കുന്നവർ എന്നും, അഭിഭാഷകർ ആഭാസന്മാരും കയ്യൂക്കിൽ കാര്യം സാധിക്കുന്ന സഹിഷ്ണുതയില്ലാത്ത ജന്മങ്ങളുമാണെന്ന മട്ടിലായിരുന്നു ഏറിയ പങ്കും മാധ്യമ സുഹൃത്തുക്കളുടെ ഇടപെടൽ. മറിച്ച് ഈ ജനാധിപത്യ വ്യവസ്ഥയുടെയും നീതിന്യായ സംവിധാനത്തിന്റെയും കാവലാളാണ് തങ്ങളെന്നും സമൂഹത്തിലെയാകെ അസത്യങ്ങളെ സ്വീകാര്യതയുടെ കുപ്പായങ്ങളിടുവിച്ച് ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നവരാണ് മാധ്യമങ്ങൾ എന്ന നിലയ്ക് ഏറെക്കുറെ അഭിഭാഷകരും പറഞ്ഞുവച്ചു. മുഖ്യമായും ഇരുപക്ഷത്തിന്റെയും പങ്കാളിത്തത്തോടെയുള്ള ഏറ്റുമുട്ടൽ നടന്നത് സോഷ്യൽ മീഡിയയിലാണ്. മുഖ്യധാരാ മാധ്യമങ്ങൾതന്നെ ഒരുപക്ഷത്ത് നിലയുറപ്പിക്കുമ്പോൾ അങ്ങനെയാകാതെ തരമില്ലല്ലോ. 

വാസ്തവത്തിൽ ധനേഷ് മാഞ്ഞൂരാൻ എന്ന ഗവൺമെൻറ് പ്ലീഡർക്കെതിരെ പൊതു ഇടത്തിൽവച്ച് ഉപദ്രവിച്ചു എന്നതായി ഒരു സ്ത്രീ ഉന്നയിച്ച പരാതി നിയമത്തിന്റെ വ്യവസ്ഥാപിതമുറകളിൽ നീങ്ങുകയും മാധ്യമങ്ങ അവരുടെ റിപ്പോർട്ടിങ് ഉത്തരവാദിത്വം നിർവഹിച്ചുപോരുകയും ചെയ്യുക എന്ന സന്തുലിതമായ അവസ്ഥയിൽ നിന്നാണ് ഈ അസ്വസ്ഥജനകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത്. ഇരുചേരിയായ് തിരിഞ്ഞ്  മാധ്യമ പ്രവർത്തകരും അഭിഭാഷകരും കൈക്കൊള്ളുന്ന നിലപാടുകൾ ജനാധിപത്യസംവിധാനത്തിനും സാമൂഹ്യപുരോഗതിയ്ക്കും ഒട്ടും ആശാസ്യകരമായ ഒന്നല്ല. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ചാലക ശക്തിയാകേണ്ടുന്ന ഈ രണ്ടു വിഭാഗങ്ങളുടെയും പരിമിതികളെയും വെല്ലുവിളികളെയും മറികടക്കാനാകുംവിധമുള്ള സാഹചര്യം സൃഷ്ട്ടിക്കാൻ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് കഴിഞ്ഞാൽ മാത്രമേ ഇരുപക്ഷങ്ങൾക്കും ആത്യന്തികമായ വിജയം കൈവരിക്കാനാകൂ. 

യഥാർത്ഥത്തിൽ തർക്കങ്ങളുണ്ടാകേണ്ടതും തിരുത്തലുകളാവശ്യമായിട്ടുള്ളതും ഇരുകൂട്ടരുടെയും തൊഴിൽവ്യവസ്ഥിതിയ്ക്കുള്ളിൽ തന്നെയാണ്. അത്രമേൽ മലീമസമായ പ്രവണതകളും നീതികേടുകളും ഇരുപക്ഷത്തും ഉണ്ടെന്നത്  വസ്തുതയാണ്.ഈ സാഹചര്യത്തിൽ ഇരുകൂട്ടരും സ്വന്തം വേരുകളിൽ ആവാഹിക്കപ്പെട്ട വിഷാoശങ്ങളെപ്പറ്റിക്കൂടി ചിന്തിക്കുന്നത് ഉചിതമാകും. ഡ്രൈവിങ് ലൈസൻസ് കൈവശമില്ലെങ്കിലോ ഹെൽമെറ്റ് എടുത്തില്ലെങ്കിലോ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലോ ഒക്കെ പോലീസുകാർക്ക് മുന്നണിൽ വണ്ടിയിലൊട്ടിച്ച ലേബൽ  കാട്ടി രക്ഷപെടാൻ നോക്കുന്നവരാണ് മിക്ക മാധ്യമപ്രവർത്തകരും അഭിഭാഷകരും.ഇത്തരത്തിലെ എല്ലാ  പ്രവണതകൾക്കും അറുതിവരുത്താനാകട്ടെ നിലവിലെ ചർച്ചകൾ. 

മാധ്യമപ്രവർത്തനത്തിന്റെ  പരിസരങ്ങൾ  

ഒട്ടേറെ സഹനങ്ങളിലൂടെത്തന്നെയാണ് ഓരോ മാധ്യമപ്രവർത്തകനും തൊഴിലെടുത്തുപോരുന്നത്. എന്നാൽ വാസ്തവങ്ങളെ  അതേപടി ജനങ്ങളിൽ എത്തിക്കുക എന്ന മാധ്യമധർമം ഈ പ്രയത്നങ്ങളിൽ യഥാവിധി നിർവ്വഹിക്കപ്പെടുന്നുണ്ടോ? രാഷ്ട്രീയ വാർത്തകൾ പൊടിപ്പും തൊങ്ങലും കൂടാതെ തന്നെയാണോ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കപ്പെട്ടുന്നത്? വൻകിട വ്യവസായികളെയും പരസ്യദാതാക്കളെയും വെള്ളപൂശാൻ പലപ്പോഴും ബോധപൂർവ്വം ശ്രമിച്ചിട്ടില്ലേ ഇവിടുത്തെ മാധ്യമങ്ങൾ? ബോബി ചെമ്മണ്ണൂരിനെതിരെ അദ്ദേഹത്തിന്റെ തൊഴിലാളിയായ സ്ത്രീ നൽകിയ പരാതിയും ചെമ്മണ്ണൂരിന്റെ സാമ്പത്തിക തട്ടിപ്പും ഭൂമിതട്ടിപ്പും മറ്റുമായി ഉയർന്നുവന്ന ആരോപണങ്ങളെ നമ്മുടെ മാധ്യമസമൂഹം കണ്ടില്ലെന്ന് നടിച്ചു. ആശുപത്രിയിലെ അനാസ്ഥമൂലം രോഗിയുടെ മരണമോ മാനേജ്മെന്റിന്റെ തൊഴിലാളിചൂഷണമോ ആത്മഹത്യയോ ഒക്കെ സംഭവിച്ചതാണെന്ന് പ്രകടമായാൽക്കൂടി ആശുപത്രിയുടെയോ തൊഴിൽസ്ഥാപനത്തിന്റെയോ  പേരുപറയാതെ സ്വകാര്യ ആശുപത്രി എന്നോ പ്രമുഖ സ്ഥാപനം എന്നോ ഒക്കെ ഒറ്റവാക്കിൽ ഒതുക്കി കളയുന്നതാണോ യഥാർത്ഥ മാധ്യമ ധർമം. കല്യാണിലും മറ്റും തൊഴിലാളികൾ നടത്തിയ സമരങ്ങളെ കണ്ടില്ലെന്നു നടിച്ചത് ആർക്കുവേണ്ടിയാണ്. കുരീപ്പുഴയുടെ നേതൃത്വത്തിൽ സാംസ്കാരികമായ വലിയ മുന്നേറ്റം തീർത്ത് കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ നടന്ന മതാതീത സാംസ്കാരികയാത്ര സ്വദേശാഭിമാനിയുടെ പൈതൃകം പേറുന്ന മലയാള മാധ്യമങ്ങൾക്ക് എന്തുകൊണ്ട് പ്രധാനമായില്ല. 
എറണാകുളത്തും തിരുവനന്തപുരത്തും അഭിഭാഷകരുമായി ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ പരിക്കേൽക്കുകയും അവശതയനുഭവിക്കുകയും ചെയ്ത അഭിഭാഷകരെപ്പറ്റി എന്തിനു മൗനം പേറണം? ഇതൊക്കെയും പൊതുസമൂഹത്തിന്റെ മുന്നിലേയ്ക് അവതരിപ്പിക്കപ്പെട്ടത് സൈബർ ഇടങ്ങളിലെ ചെറുമാധ്യമങ്ങളും സോഷ്യൽമീഡിയയുമൊക്കെ നടത്തിയ ഇടപെടലുകൽകൊണ്ട് മാത്രമാണ്. ഇതിനോടൊക്കെ ഐക്യപ്പെടാൻ മാധ്യമപ്രവർത്തകരുടെ സംഘബോധത്തിനു എത്രകണ്ട് കഴിഞ്ഞിട്ടുണ്ട് ?മാധ്യമങ്ങളുടെ സാമ്പത്തികമായ സ്രോതസുകളും വിധേയത്വവും തന്നെ നയങ്ങൾ നിശ്ചയിക്കുമ്പോൾ, അതേതു മാധ്യമവുമാകട്ടെ അതിനെതിരെ ഒരു ചർച്ച സംഘടിപ്പിക്കാനുള്ള കരുത്താണ് യഥാർത്ഥത്തിൽ മാധ്യമപ്രവർത്തകരുടെ സംഘശക്തി കാണിക്കേണ്ടത്. ഇത്തരം വിഷയങ്ങൾ ഒരുപരിധിവരെയെങ്കിലും ചർച്ചയായി നിലനിർത്തുന്നത് ഇവിടുത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്. 

ഇപ്പോൾ ഉണ്ടായിട്ടുള്ള സംഘബോധത്തിന്റെ കരുത്ത് മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾക്കും അതിനുവേണ്ടി നിലക്കൊള്ളുന്നവരുടെ ക്ഷേമത്തിനും വേണ്ടിയുമായ് ഒഴുകുകയാണ് വേണ്ടത്. ദൃശ്യ മാധ്യമ രംഗത്ത് അടിയന്തരമായി വേതനവ്യവസ്ഥകൾ സ്ഥാപിക്കപ്പെടണം. അച്ചടി-ദൃശ്യ മാധ്യമങ്ങൾക്ക് സമാനമായ ക്ഷേമ വ്യവസ്ഥകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. മാനേജ്മെന്റിന്റെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തുന്നവരെ പിരിച്ചുവിടുകയോ സ്വയം പിരിഞ്ഞു പോകലിന് നിര്ബന്ധിതരാക്കുകയോ സ്ഥലം മാറ്റുകയോ ഒക്കെ ചെയ്യുന്ന രീതികൾ ഉണ്ട്. ഇതിനൊക്കെ എതിരെ ഒറ്റയ്ക്കായി പൊരുതുക എന്ന നയം മാറ്റി സമൂഹത്തിന്റെ ആകെ പിന്തുണ ഉറപ്പുവരുത്തുകയും മാനേജ്‌മെന്റ് ഭേദമന്യേ മാധ്യമ യൂണിയനുകൾ കാര്യക്ഷമമായി ഇടപെടുകയും വേണം.  ഇത്തരത്തിൽ ന്യൂസ് സെൻസേഷണലിസതിനപ്പുറത്തേയ്ക് ഉയരാനുളള കാഹളമായി നിലവിലെ സാഹചര്യങ്ങളെ കാണാൻകഴിഞ്ഞാൽത്തന്നെ മാധ്യമ രംഗത്ത് വലിയൊരു മുന്നേറ്റം സാധ്യമാകും . 

അഭിഭാഷകവൃത്തത്തിന്റെ വ്യാസവും വിസ്തൃതിയും 

മാധ്യമപ്രവർത്തനത്തിന്റെ അന്തസത്തയാണ്  ചർച്ചചെയ്യപ്പെടുന്നതെങ്കിലും സാങ്കേതികവിദ്യാ രംഗത്തുണ്ടായ മുന്നേറ്റങ്ങളും സാമൂഹ്യക്രമത്തിന്റെ മാറിവന്ന പരിതഃസ്ഥിതിക്കുമൊക്കെയനുസരിച്ച് ഒട്ടനവധി ഘടനാപരമായ മാറ്റങ്ങൾ മാധ്യമരംഗത്ത് ഉണ്ടായിട്ടുണ്ട്. അച്ചടിമാധ്യമങ്ങൾ മാത്രം നിലനിന്നിരുന്ന അവസ്ഥയിൽനിന്ന് സാങ്കേതികവിദ്യയുടെ വികാസം, വാർത്താമാധ്യമങ്ങളെ  മനുഷ്യന്റെ വിരൽത്തുമ്പിൽ എത്തിക്കാനും തത്സമയം അറിയിക്കാനുമുള്ള രൂപഭാവങ്ങൾ പ്രാപിച്ചു.അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ തൊഴിലിടങ്ങളിൽ ഉറപ്പുവരുത്തുകയുണ്ടായിട്ടുണ്ട്. എന്നാൽ ഈ സാങ്കേതികവിദ്യയുടെ കുതിപ്പുകളെ വേണ്ടും വിധത്തിൽ നീതിനിർവ്വഹണപ്രക്രിയയുടെ ഭാഗമാക്കിമാറ്റിയെടുക്കുന്നതിൽ ഒരു ഇഴച്ചിൽ ഇപ്പോഴും പ്രകടമാണ്. ഓൺലൈൻ ആയി കേസ് ഫയൽ ചെയ്യുന്നതിനും കോടതിഫീസ് നൽകുന്നതിലും മുതൽ ജഡ്‌ജിമെന്റിന്റെ സർട്ടിഫൈഡ് കോപ്പി കിട്ടുന്നതിൽ വരെ ഈ പിന്നാക്കാവസ്ഥ പ്രകടമാണ്. ഒട്ടുമിക്ക കീഴ്കോടതികളിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് നേരിടുന്നുണ്ട്. ന്യായാധിപന്മാർക്ക് പോലും വേണ്ടത്ര സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ വീഴ്ചയുണ്ട്. നീതിന്യായ വ്യവസ്ഥയോടുള്ള സർക്കാരുകളുടെ നയസമീപനം തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണം. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലൊക്കെയും ഏതാണ്ടെല്ലാക്കാലത്തും അഭിഭാഷക സമൂഹത്തിന്റെ പ്രതിനിധികൾ താക്കോൽസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. അവർക്കൊന്നും അല്ലെങ്കിൽ അവരിൽ സമ്മർദ്ദം ചെലുത്തി ഇത്തരം കാര്യങ്ങൾ നേടിയെടുക്കുന്നതിൽ അഭിഭാഷക സംഘത്തിന് വീഴ്ചപറ്റിയിട്ടുണ്ട്.  നീതി നടപ്പാക്കാൻ കോടതിയെ സഹായിക്കേണ്ട ഉദ്യോഗസ്ഥരായ അഭിഭാഷകർ അതിന്റെ നിർവ്വഹണം എത്രകണ്ട് സാധ്യമാക്കുന്നുണ്ട് ? കോടതിയിലെ കൊളോണിയൽ ചര്യകളുടെ വസ്ത്രധാരണംതൊട്ട് അഭിസംബോധനയും നടപടിക്രമങ്ങളുംവരെ കാലത്തിനും കാലാവസ്ഥയ്ക്കും അനുസൃതമായി മാറ്റിതീർക്കാനുള്ള ശബ്ദം ഉയരേണ്ടുന്നതും ഇതേ അഭിഭാഷകരിൽനിന്നാണ്. ദൗർഭാഗ്യവശാൽ ഒട്ടുമിക്കവരും ഇതിൽ അഭിരമിച്ചുപോരുന്നവരാണ്. 

മാധ്യമപ്രവർത്തകരുമായുണ്ടായ സംഘർഷത്തിന്റെ ഭാഗമായി കോടതിയിലെ മീഡിയ റൂം
അടച്ചുപൂട്ടിയതെന്തിനാണ്? അവകാശസംരക്ഷണത്തിന്റെ മുന്നണിപോരാളികൾക്ക്  ഭൂഷണമാണോ അത്തരം ചെയ്തികൾ?  സാധാരണക്കാരന് നീതിലഭ്യമാകും വിധം പ്രാപ്യമാണോ ഇവിടുത്തെ സമുന്നതകോടതികൾ? സീനിയർ അഭിഭാഷകരുടെ ഫീസും കോടതിചിലവുകളുമൊക്കെ സാധാരണക്കാരന് താങ്ങാനാകുന്നതാണോ? തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച്‌ വരുന്നതിനെ എറണാകുളത്തെ അഭിഭാഷകർ എതിർക്കുന്നതിന്റെ കാരണം സാമാന്യബോധമുള്ളവരൊക്കെ മനസിലാക്കിയിട്ടുള്ളതാണ്. എറണാകുളത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ ബെഞ്ചിന്റെ കാര്യത്തിൽ ഹൈക്കോടതി അഭിഭാഷകർ കൈക്കൊണ്ട വേറിട്ട താല്പര്യം കാര്യക്ഷമമായ നീതിനിർവ്വഹണത്തെപറ്റിയുള്ള കാഴ്ചപ്പാടിന്റെ വൈരുധ്യങ്ങൾ തന്നെയല്ലേ? പുതുതായി ഒരു കോർട്ട് ഓഫ് അപ്പീലോ സുപ്രീം കോടതി ബെഞ്ചോ ബംഗളൂരിലോ ചെന്നൈയിലോ വേണം എന്നു വാദിച്ചാൽ തന്നെ  ഇടിവ് ഉണ്ടാകും ദേശീയതലത്തിൽപോലും ഈ സംഘബോധത്തിന്. ഇത്തരം ചോദ്യങ്ങളെയൊക്കെ മറികടക്കാനാകാത്തപക്ഷം സാർത്ഥകമായ നീതിനിർവ്വഹണ ഉത്തരവാദിത്വത്തിൽനിന്ന് അഭിഭാഷകർക്ക് പിന്നാക്കം പോവുക അസാധ്യമാണ്. ജൂനിയർ അഭിഭാഷകർക്ക്  കുറഞ്ഞ വരുമാനം/സ്റ്റൈപ്പെൻഡ് ഉറപ്പുവരുത്താനുള്ള നടപടികൾക്ക് ഇപ്പോഴുള്ള ഐക്യബോധം കൊണ്ട് ഉണ്ടാകേണ്ടതുണ്ട്. പൊതുജനങ്ങൾക്ക് സമീപസ്ഥമായ അവസ്ഥയിൽ നീതിനിർവഹണം സാധ്യമാക്കാനുള്ള കാഴ്ചപ്പാട് പ്രഖ്യാപിച്ചുകൊണ്ടുതന്നെയാകണം അഭിഭാഷകരുടെ ഒത്തൊരുമ മുന്നോട്ട് പോകേണ്ടുന്നത്. കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണം. ഇത്തരത്തിൽ പ്രഖ്യാപിത നയങ്ങളിൽ നിന്നു വ്യതിചലിക്കുന്നവർക്കെതിരെയാകട്ടെ ബാർ അസോസിയേഷനുകളുടെ നിലപാട്. അനാവശ്യമായ മത്സരബുദ്ധിയും പ്രകടനപരതയും ഈ തൊഴിൽമേഖലയിൽനിന്ന് തൂത്തെറിയുകതന്നെ വേണം. 

സമന്വയത്തിന്റെ ഊർജ്ജഭാവങ്ങൾ 

മാധ്യമപ്രവർത്തനത്തെയും അഭിഭാഷകവൃത്തിയേയും അവയുടെ സാമൂഹ്യധർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നോക്കികാണുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ് രണ്ടും എന്നു വ്യക്തമാണ്. ജനങ്ങളുടെ വൈജ്ഞാനിക-രാഷ്ട്രീയ അവബോധതെ നിർമ്മിക്കുന്നതിൽ മാധ്യമങ്ങളും, അവകാശങ്ങളും കടമകളും സാധ്യമാക്കിത്തീർക്കുന്നതിൽ അഭിഭാഷക സമൂഹവും നടത്തുന്ന ഇടപെടലുകൾകൊണ്ട് മാത്രം ഒരു ക്ഷേമരാഷ്ട്രത്തിന്റെ നിലനിൽപ്പും ഭാവിയും നിര്ണയിക്കപ്പെടാവുന്നതാണ്. അത്തരത്തിൽ മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും പരസ്പര സഹകരണം കാംക്ഷിക്കുന്ന ഒരു ചരിത്രഘട്ടത്തിലാണ് നാം ഇന്ന് നിലനിൽക്കുന്നതും. അതോടൊപ്പം തന്നെ അതതു മേഖലയിലെ വെല്ലുവിളികളെ സമഗ്രമായി നോക്കിക്കാണാനും തൊഴിൽമേഖലയിൽ ആരും തന്റേതല്ലാത്ത കാരണങ്ങളാൽ അന്യവൽക്കരിക്കപ്പെടരുത് എന്നബോധ്യത്തിലൂന്നിയ പ്രവർത്തനങ്ങളുമാണ് സംഘബോധം കൊണ്ട് ഉണ്ടാകേണ്ടുന്നത്. തൊഴിൽമേഖലയിൽ അധികാരരൂപങ്ങൾ സ്ഥാപിക്കപ്പെടുന്നതിനെതിരെയും സങ്കീർണ്ണമായ സ്ഥിതിഗതികളെ ഇഴപിരിച്ച് ലഘുവായ പാതകളിലൂടെ സർവ്വർക്കും സുഗമമായ തൊഴിൽ സാഹചര്യം  ഉറപ്പുവരുത്തുകയും വേണം.

മാധ്യമപ്രവർത്തനത്തിൽ നിക്ഷിപ്തമായിട്ടുള്ളത് അഭിഭാഷകവൃത്തിയുടെ സ്വഭാവമുള്ള തൊഴിൽരൂപം തന്നെയാണ്. വസ്തുതകളെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുകയും ജനസൗഹൃദ-ക്ഷേമ പക്ഷംപിടിച്ച് റിപ്പോർട്ടിങ് നടത്തിപ്പോരുകയും ചെയ്യുക എന്നത് നീതിനിർവ്വഹണത്തെ സഹായകമാം വിധം താങ്ങി നിർത്തുന്ന ഒന്നാണ്. അതെനിലയ്ക്ക് തന്നെ അഭിഭാഷകരും ജനക്ഷേമത്തിന്റെ വിവിധമുഖങ്ങളെ നീതിവ്യവസ്ഥയ്ക്ക് മുൻപിൽ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ബാക്കിയൊക്കെയും തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനതയും ജനാധിപത്യവും ഭരണഘടനാവ്യവസ്ഥയുമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ആ ക്ഷേമ സങ്കല്പങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി പരസ്പരബഹുമാനത്തോടെ കൈകൾകോർക്കാം.