2016 ജൂലൈ 23, ശനിയാഴ്‌ച

മാധ്യമപ്രവർത്തനവും അഭിഭാഷകവൃത്തിയും: സമന്വയത്തിന്റെ സാധ്യതകൾ

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ അസ്വാരസ്യങ്ങൾ തെരുവിലും ചർച്ചകളിലും ഇരുപക്ഷത്തുനിന്നുള്ള ഏറ്റുമുട്ടലുകളായ് കാണപ്പെട്ടു എന്നതിനേക്കാളുപരി തൊഴിലിടങ്ങളിലെ സംഘബോധത്തിന്റെ തിരിതെളിച്ചാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഈ സംഘബോധത്തിന്റെ ദിശാസൂചകങ്ങൾ ആഴത്തിലുള്ള സ്വയംബോധ്യത്തിന്റെയും പരിവർത്തനക്ഷമതയുടെയും നേർക്കാണോ അതോ കേവലം സ്പർദ്ധയുടെയും അധരവ്യായാമങ്ങളുടെയും പക്ഷത്താണോ എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. 



അസ്വാരസ്യങ്ങൾ ഉണർത്തിവിട്ടത് എന്ത് ?

ദൗർഭാഗ്യവശാൽ കഴിഞ്ഞ നാളുകളിൽ ഉരുത്തിരിഞ്ഞു വന്ന ബഹുഭൂരിപക്ഷം ചർച്ചകളും കേമത്തത്തിന്റെ ദ്വന്ദ്വ നിലപാടുകളിലൂന്നിയവയായിരുന്നു. മാധ്യമപ്രവർത്തകരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹിമ ഉയർത്തിക്കാട്ടി ഞങ്ങളാണ് അനിവാര്യർ, ഞങ്ങളാണ് സമൂഹത്തിന്റെ ചക്രം തിരിക്കുന്നവർ എന്നും, അഭിഭാഷകർ ആഭാസന്മാരും കയ്യൂക്കിൽ കാര്യം സാധിക്കുന്ന സഹിഷ്ണുതയില്ലാത്ത ജന്മങ്ങളുമാണെന്ന മട്ടിലായിരുന്നു ഏറിയ പങ്കും മാധ്യമ സുഹൃത്തുക്കളുടെ ഇടപെടൽ. മറിച്ച് ഈ ജനാധിപത്യ വ്യവസ്ഥയുടെയും നീതിന്യായ സംവിധാനത്തിന്റെയും കാവലാളാണ് തങ്ങളെന്നും സമൂഹത്തിലെയാകെ അസത്യങ്ങളെ സ്വീകാര്യതയുടെ കുപ്പായങ്ങളിടുവിച്ച് ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നവരാണ് മാധ്യമങ്ങൾ എന്ന നിലയ്ക് ഏറെക്കുറെ അഭിഭാഷകരും പറഞ്ഞുവച്ചു. മുഖ്യമായും ഇരുപക്ഷത്തിന്റെയും പങ്കാളിത്തത്തോടെയുള്ള ഏറ്റുമുട്ടൽ നടന്നത് സോഷ്യൽ മീഡിയയിലാണ്. മുഖ്യധാരാ മാധ്യമങ്ങൾതന്നെ ഒരുപക്ഷത്ത് നിലയുറപ്പിക്കുമ്പോൾ അങ്ങനെയാകാതെ തരമില്ലല്ലോ. 

വാസ്തവത്തിൽ ധനേഷ് മാഞ്ഞൂരാൻ എന്ന ഗവൺമെൻറ് പ്ലീഡർക്കെതിരെ പൊതു ഇടത്തിൽവച്ച് ഉപദ്രവിച്ചു എന്നതായി ഒരു സ്ത്രീ ഉന്നയിച്ച പരാതി നിയമത്തിന്റെ വ്യവസ്ഥാപിതമുറകളിൽ നീങ്ങുകയും മാധ്യമങ്ങ അവരുടെ റിപ്പോർട്ടിങ് ഉത്തരവാദിത്വം നിർവഹിച്ചുപോരുകയും ചെയ്യുക എന്ന സന്തുലിതമായ അവസ്ഥയിൽ നിന്നാണ് ഈ അസ്വസ്ഥജനകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത്. ഇരുചേരിയായ് തിരിഞ്ഞ്  മാധ്യമ പ്രവർത്തകരും അഭിഭാഷകരും കൈക്കൊള്ളുന്ന നിലപാടുകൾ ജനാധിപത്യസംവിധാനത്തിനും സാമൂഹ്യപുരോഗതിയ്ക്കും ഒട്ടും ആശാസ്യകരമായ ഒന്നല്ല. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ചാലക ശക്തിയാകേണ്ടുന്ന ഈ രണ്ടു വിഭാഗങ്ങളുടെയും പരിമിതികളെയും വെല്ലുവിളികളെയും മറികടക്കാനാകുംവിധമുള്ള സാഹചര്യം സൃഷ്ട്ടിക്കാൻ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് കഴിഞ്ഞാൽ മാത്രമേ ഇരുപക്ഷങ്ങൾക്കും ആത്യന്തികമായ വിജയം കൈവരിക്കാനാകൂ. 

യഥാർത്ഥത്തിൽ തർക്കങ്ങളുണ്ടാകേണ്ടതും തിരുത്തലുകളാവശ്യമായിട്ടുള്ളതും ഇരുകൂട്ടരുടെയും തൊഴിൽവ്യവസ്ഥിതിയ്ക്കുള്ളിൽ തന്നെയാണ്. അത്രമേൽ മലീമസമായ പ്രവണതകളും നീതികേടുകളും ഇരുപക്ഷത്തും ഉണ്ടെന്നത്  വസ്തുതയാണ്.ഈ സാഹചര്യത്തിൽ ഇരുകൂട്ടരും സ്വന്തം വേരുകളിൽ ആവാഹിക്കപ്പെട്ട വിഷാoശങ്ങളെപ്പറ്റിക്കൂടി ചിന്തിക്കുന്നത് ഉചിതമാകും. ഡ്രൈവിങ് ലൈസൻസ് കൈവശമില്ലെങ്കിലോ ഹെൽമെറ്റ് എടുത്തില്ലെങ്കിലോ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലോ ഒക്കെ പോലീസുകാർക്ക് മുന്നണിൽ വണ്ടിയിലൊട്ടിച്ച ലേബൽ  കാട്ടി രക്ഷപെടാൻ നോക്കുന്നവരാണ് മിക്ക മാധ്യമപ്രവർത്തകരും അഭിഭാഷകരും.ഇത്തരത്തിലെ എല്ലാ  പ്രവണതകൾക്കും അറുതിവരുത്താനാകട്ടെ നിലവിലെ ചർച്ചകൾ. 

മാധ്യമപ്രവർത്തനത്തിന്റെ  പരിസരങ്ങൾ  

ഒട്ടേറെ സഹനങ്ങളിലൂടെത്തന്നെയാണ് ഓരോ മാധ്യമപ്രവർത്തകനും തൊഴിലെടുത്തുപോരുന്നത്. എന്നാൽ വാസ്തവങ്ങളെ  അതേപടി ജനങ്ങളിൽ എത്തിക്കുക എന്ന മാധ്യമധർമം ഈ പ്രയത്നങ്ങളിൽ യഥാവിധി നിർവ്വഹിക്കപ്പെടുന്നുണ്ടോ? രാഷ്ട്രീയ വാർത്തകൾ പൊടിപ്പും തൊങ്ങലും കൂടാതെ തന്നെയാണോ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കപ്പെട്ടുന്നത്? വൻകിട വ്യവസായികളെയും പരസ്യദാതാക്കളെയും വെള്ളപൂശാൻ പലപ്പോഴും ബോധപൂർവ്വം ശ്രമിച്ചിട്ടില്ലേ ഇവിടുത്തെ മാധ്യമങ്ങൾ? ബോബി ചെമ്മണ്ണൂരിനെതിരെ അദ്ദേഹത്തിന്റെ തൊഴിലാളിയായ സ്ത്രീ നൽകിയ പരാതിയും ചെമ്മണ്ണൂരിന്റെ സാമ്പത്തിക തട്ടിപ്പും ഭൂമിതട്ടിപ്പും മറ്റുമായി ഉയർന്നുവന്ന ആരോപണങ്ങളെ നമ്മുടെ മാധ്യമസമൂഹം കണ്ടില്ലെന്ന് നടിച്ചു. ആശുപത്രിയിലെ അനാസ്ഥമൂലം രോഗിയുടെ മരണമോ മാനേജ്മെന്റിന്റെ തൊഴിലാളിചൂഷണമോ ആത്മഹത്യയോ ഒക്കെ സംഭവിച്ചതാണെന്ന് പ്രകടമായാൽക്കൂടി ആശുപത്രിയുടെയോ തൊഴിൽസ്ഥാപനത്തിന്റെയോ  പേരുപറയാതെ സ്വകാര്യ ആശുപത്രി എന്നോ പ്രമുഖ സ്ഥാപനം എന്നോ ഒക്കെ ഒറ്റവാക്കിൽ ഒതുക്കി കളയുന്നതാണോ യഥാർത്ഥ മാധ്യമ ധർമം. കല്യാണിലും മറ്റും തൊഴിലാളികൾ നടത്തിയ സമരങ്ങളെ കണ്ടില്ലെന്നു നടിച്ചത് ആർക്കുവേണ്ടിയാണ്. കുരീപ്പുഴയുടെ നേതൃത്വത്തിൽ സാംസ്കാരികമായ വലിയ മുന്നേറ്റം തീർത്ത് കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ നടന്ന മതാതീത സാംസ്കാരികയാത്ര സ്വദേശാഭിമാനിയുടെ പൈതൃകം പേറുന്ന മലയാള മാധ്യമങ്ങൾക്ക് എന്തുകൊണ്ട് പ്രധാനമായില്ല. 
എറണാകുളത്തും തിരുവനന്തപുരത്തും അഭിഭാഷകരുമായി ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ പരിക്കേൽക്കുകയും അവശതയനുഭവിക്കുകയും ചെയ്ത അഭിഭാഷകരെപ്പറ്റി എന്തിനു മൗനം പേറണം? ഇതൊക്കെയും പൊതുസമൂഹത്തിന്റെ മുന്നിലേയ്ക് അവതരിപ്പിക്കപ്പെട്ടത് സൈബർ ഇടങ്ങളിലെ ചെറുമാധ്യമങ്ങളും സോഷ്യൽമീഡിയയുമൊക്കെ നടത്തിയ ഇടപെടലുകൽകൊണ്ട് മാത്രമാണ്. ഇതിനോടൊക്കെ ഐക്യപ്പെടാൻ മാധ്യമപ്രവർത്തകരുടെ സംഘബോധത്തിനു എത്രകണ്ട് കഴിഞ്ഞിട്ടുണ്ട് ?മാധ്യമങ്ങളുടെ സാമ്പത്തികമായ സ്രോതസുകളും വിധേയത്വവും തന്നെ നയങ്ങൾ നിശ്ചയിക്കുമ്പോൾ, അതേതു മാധ്യമവുമാകട്ടെ അതിനെതിരെ ഒരു ചർച്ച സംഘടിപ്പിക്കാനുള്ള കരുത്താണ് യഥാർത്ഥത്തിൽ മാധ്യമപ്രവർത്തകരുടെ സംഘശക്തി കാണിക്കേണ്ടത്. ഇത്തരം വിഷയങ്ങൾ ഒരുപരിധിവരെയെങ്കിലും ചർച്ചയായി നിലനിർത്തുന്നത് ഇവിടുത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്. 

ഇപ്പോൾ ഉണ്ടായിട്ടുള്ള സംഘബോധത്തിന്റെ കരുത്ത് മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾക്കും അതിനുവേണ്ടി നിലക്കൊള്ളുന്നവരുടെ ക്ഷേമത്തിനും വേണ്ടിയുമായ് ഒഴുകുകയാണ് വേണ്ടത്. ദൃശ്യ മാധ്യമ രംഗത്ത് അടിയന്തരമായി വേതനവ്യവസ്ഥകൾ സ്ഥാപിക്കപ്പെടണം. അച്ചടി-ദൃശ്യ മാധ്യമങ്ങൾക്ക് സമാനമായ ക്ഷേമ വ്യവസ്ഥകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. മാനേജ്മെന്റിന്റെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തുന്നവരെ പിരിച്ചുവിടുകയോ സ്വയം പിരിഞ്ഞു പോകലിന് നിര്ബന്ധിതരാക്കുകയോ സ്ഥലം മാറ്റുകയോ ഒക്കെ ചെയ്യുന്ന രീതികൾ ഉണ്ട്. ഇതിനൊക്കെ എതിരെ ഒറ്റയ്ക്കായി പൊരുതുക എന്ന നയം മാറ്റി സമൂഹത്തിന്റെ ആകെ പിന്തുണ ഉറപ്പുവരുത്തുകയും മാനേജ്‌മെന്റ് ഭേദമന്യേ മാധ്യമ യൂണിയനുകൾ കാര്യക്ഷമമായി ഇടപെടുകയും വേണം.  ഇത്തരത്തിൽ ന്യൂസ് സെൻസേഷണലിസതിനപ്പുറത്തേയ്ക് ഉയരാനുളള കാഹളമായി നിലവിലെ സാഹചര്യങ്ങളെ കാണാൻകഴിഞ്ഞാൽത്തന്നെ മാധ്യമ രംഗത്ത് വലിയൊരു മുന്നേറ്റം സാധ്യമാകും . 

അഭിഭാഷകവൃത്തത്തിന്റെ വ്യാസവും വിസ്തൃതിയും 

മാധ്യമപ്രവർത്തനത്തിന്റെ അന്തസത്തയാണ്  ചർച്ചചെയ്യപ്പെടുന്നതെങ്കിലും സാങ്കേതികവിദ്യാ രംഗത്തുണ്ടായ മുന്നേറ്റങ്ങളും സാമൂഹ്യക്രമത്തിന്റെ മാറിവന്ന പരിതഃസ്ഥിതിക്കുമൊക്കെയനുസരിച്ച് ഒട്ടനവധി ഘടനാപരമായ മാറ്റങ്ങൾ മാധ്യമരംഗത്ത് ഉണ്ടായിട്ടുണ്ട്. അച്ചടിമാധ്യമങ്ങൾ മാത്രം നിലനിന്നിരുന്ന അവസ്ഥയിൽനിന്ന് സാങ്കേതികവിദ്യയുടെ വികാസം, വാർത്താമാധ്യമങ്ങളെ  മനുഷ്യന്റെ വിരൽത്തുമ്പിൽ എത്തിക്കാനും തത്സമയം അറിയിക്കാനുമുള്ള രൂപഭാവങ്ങൾ പ്രാപിച്ചു.അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ തൊഴിലിടങ്ങളിൽ ഉറപ്പുവരുത്തുകയുണ്ടായിട്ടുണ്ട്. എന്നാൽ ഈ സാങ്കേതികവിദ്യയുടെ കുതിപ്പുകളെ വേണ്ടും വിധത്തിൽ നീതിനിർവ്വഹണപ്രക്രിയയുടെ ഭാഗമാക്കിമാറ്റിയെടുക്കുന്നതിൽ ഒരു ഇഴച്ചിൽ ഇപ്പോഴും പ്രകടമാണ്. ഓൺലൈൻ ആയി കേസ് ഫയൽ ചെയ്യുന്നതിനും കോടതിഫീസ് നൽകുന്നതിലും മുതൽ ജഡ്‌ജിമെന്റിന്റെ സർട്ടിഫൈഡ് കോപ്പി കിട്ടുന്നതിൽ വരെ ഈ പിന്നാക്കാവസ്ഥ പ്രകടമാണ്. ഒട്ടുമിക്ക കീഴ്കോടതികളിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് നേരിടുന്നുണ്ട്. ന്യായാധിപന്മാർക്ക് പോലും വേണ്ടത്ര സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ വീഴ്ചയുണ്ട്. നീതിന്യായ വ്യവസ്ഥയോടുള്ള സർക്കാരുകളുടെ നയസമീപനം തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണം. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലൊക്കെയും ഏതാണ്ടെല്ലാക്കാലത്തും അഭിഭാഷക സമൂഹത്തിന്റെ പ്രതിനിധികൾ താക്കോൽസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. അവർക്കൊന്നും അല്ലെങ്കിൽ അവരിൽ സമ്മർദ്ദം ചെലുത്തി ഇത്തരം കാര്യങ്ങൾ നേടിയെടുക്കുന്നതിൽ അഭിഭാഷക സംഘത്തിന് വീഴ്ചപറ്റിയിട്ടുണ്ട്.  നീതി നടപ്പാക്കാൻ കോടതിയെ സഹായിക്കേണ്ട ഉദ്യോഗസ്ഥരായ അഭിഭാഷകർ അതിന്റെ നിർവ്വഹണം എത്രകണ്ട് സാധ്യമാക്കുന്നുണ്ട് ? കോടതിയിലെ കൊളോണിയൽ ചര്യകളുടെ വസ്ത്രധാരണംതൊട്ട് അഭിസംബോധനയും നടപടിക്രമങ്ങളുംവരെ കാലത്തിനും കാലാവസ്ഥയ്ക്കും അനുസൃതമായി മാറ്റിതീർക്കാനുള്ള ശബ്ദം ഉയരേണ്ടുന്നതും ഇതേ അഭിഭാഷകരിൽനിന്നാണ്. ദൗർഭാഗ്യവശാൽ ഒട്ടുമിക്കവരും ഇതിൽ അഭിരമിച്ചുപോരുന്നവരാണ്. 

മാധ്യമപ്രവർത്തകരുമായുണ്ടായ സംഘർഷത്തിന്റെ ഭാഗമായി കോടതിയിലെ മീഡിയ റൂം
അടച്ചുപൂട്ടിയതെന്തിനാണ്? അവകാശസംരക്ഷണത്തിന്റെ മുന്നണിപോരാളികൾക്ക്  ഭൂഷണമാണോ അത്തരം ചെയ്തികൾ?  സാധാരണക്കാരന് നീതിലഭ്യമാകും വിധം പ്രാപ്യമാണോ ഇവിടുത്തെ സമുന്നതകോടതികൾ? സീനിയർ അഭിഭാഷകരുടെ ഫീസും കോടതിചിലവുകളുമൊക്കെ സാധാരണക്കാരന് താങ്ങാനാകുന്നതാണോ? തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച്‌ വരുന്നതിനെ എറണാകുളത്തെ അഭിഭാഷകർ എതിർക്കുന്നതിന്റെ കാരണം സാമാന്യബോധമുള്ളവരൊക്കെ മനസിലാക്കിയിട്ടുള്ളതാണ്. എറണാകുളത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ ബെഞ്ചിന്റെ കാര്യത്തിൽ ഹൈക്കോടതി അഭിഭാഷകർ കൈക്കൊണ്ട വേറിട്ട താല്പര്യം കാര്യക്ഷമമായ നീതിനിർവ്വഹണത്തെപറ്റിയുള്ള കാഴ്ചപ്പാടിന്റെ വൈരുധ്യങ്ങൾ തന്നെയല്ലേ? പുതുതായി ഒരു കോർട്ട് ഓഫ് അപ്പീലോ സുപ്രീം കോടതി ബെഞ്ചോ ബംഗളൂരിലോ ചെന്നൈയിലോ വേണം എന്നു വാദിച്ചാൽ തന്നെ  ഇടിവ് ഉണ്ടാകും ദേശീയതലത്തിൽപോലും ഈ സംഘബോധത്തിന്. ഇത്തരം ചോദ്യങ്ങളെയൊക്കെ മറികടക്കാനാകാത്തപക്ഷം സാർത്ഥകമായ നീതിനിർവ്വഹണ ഉത്തരവാദിത്വത്തിൽനിന്ന് അഭിഭാഷകർക്ക് പിന്നാക്കം പോവുക അസാധ്യമാണ്. ജൂനിയർ അഭിഭാഷകർക്ക്  കുറഞ്ഞ വരുമാനം/സ്റ്റൈപ്പെൻഡ് ഉറപ്പുവരുത്താനുള്ള നടപടികൾക്ക് ഇപ്പോഴുള്ള ഐക്യബോധം കൊണ്ട് ഉണ്ടാകേണ്ടതുണ്ട്. പൊതുജനങ്ങൾക്ക് സമീപസ്ഥമായ അവസ്ഥയിൽ നീതിനിർവഹണം സാധ്യമാക്കാനുള്ള കാഴ്ചപ്പാട് പ്രഖ്യാപിച്ചുകൊണ്ടുതന്നെയാകണം അഭിഭാഷകരുടെ ഒത്തൊരുമ മുന്നോട്ട് പോകേണ്ടുന്നത്. കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണം. ഇത്തരത്തിൽ പ്രഖ്യാപിത നയങ്ങളിൽ നിന്നു വ്യതിചലിക്കുന്നവർക്കെതിരെയാകട്ടെ ബാർ അസോസിയേഷനുകളുടെ നിലപാട്. അനാവശ്യമായ മത്സരബുദ്ധിയും പ്രകടനപരതയും ഈ തൊഴിൽമേഖലയിൽനിന്ന് തൂത്തെറിയുകതന്നെ വേണം. 

സമന്വയത്തിന്റെ ഊർജ്ജഭാവങ്ങൾ 

മാധ്യമപ്രവർത്തനത്തെയും അഭിഭാഷകവൃത്തിയേയും അവയുടെ സാമൂഹ്യധർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നോക്കികാണുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ് രണ്ടും എന്നു വ്യക്തമാണ്. ജനങ്ങളുടെ വൈജ്ഞാനിക-രാഷ്ട്രീയ അവബോധതെ നിർമ്മിക്കുന്നതിൽ മാധ്യമങ്ങളും, അവകാശങ്ങളും കടമകളും സാധ്യമാക്കിത്തീർക്കുന്നതിൽ അഭിഭാഷക സമൂഹവും നടത്തുന്ന ഇടപെടലുകൾകൊണ്ട് മാത്രം ഒരു ക്ഷേമരാഷ്ട്രത്തിന്റെ നിലനിൽപ്പും ഭാവിയും നിര്ണയിക്കപ്പെടാവുന്നതാണ്. അത്തരത്തിൽ മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും പരസ്പര സഹകരണം കാംക്ഷിക്കുന്ന ഒരു ചരിത്രഘട്ടത്തിലാണ് നാം ഇന്ന് നിലനിൽക്കുന്നതും. അതോടൊപ്പം തന്നെ അതതു മേഖലയിലെ വെല്ലുവിളികളെ സമഗ്രമായി നോക്കിക്കാണാനും തൊഴിൽമേഖലയിൽ ആരും തന്റേതല്ലാത്ത കാരണങ്ങളാൽ അന്യവൽക്കരിക്കപ്പെടരുത് എന്നബോധ്യത്തിലൂന്നിയ പ്രവർത്തനങ്ങളുമാണ് സംഘബോധം കൊണ്ട് ഉണ്ടാകേണ്ടുന്നത്. തൊഴിൽമേഖലയിൽ അധികാരരൂപങ്ങൾ സ്ഥാപിക്കപ്പെടുന്നതിനെതിരെയും സങ്കീർണ്ണമായ സ്ഥിതിഗതികളെ ഇഴപിരിച്ച് ലഘുവായ പാതകളിലൂടെ സർവ്വർക്കും സുഗമമായ തൊഴിൽ സാഹചര്യം  ഉറപ്പുവരുത്തുകയും വേണം.

മാധ്യമപ്രവർത്തനത്തിൽ നിക്ഷിപ്തമായിട്ടുള്ളത് അഭിഭാഷകവൃത്തിയുടെ സ്വഭാവമുള്ള തൊഴിൽരൂപം തന്നെയാണ്. വസ്തുതകളെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുകയും ജനസൗഹൃദ-ക്ഷേമ പക്ഷംപിടിച്ച് റിപ്പോർട്ടിങ് നടത്തിപ്പോരുകയും ചെയ്യുക എന്നത് നീതിനിർവ്വഹണത്തെ സഹായകമാം വിധം താങ്ങി നിർത്തുന്ന ഒന്നാണ്. അതെനിലയ്ക്ക് തന്നെ അഭിഭാഷകരും ജനക്ഷേമത്തിന്റെ വിവിധമുഖങ്ങളെ നീതിവ്യവസ്ഥയ്ക്ക് മുൻപിൽ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ബാക്കിയൊക്കെയും തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനതയും ജനാധിപത്യവും ഭരണഘടനാവ്യവസ്ഥയുമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ആ ക്ഷേമ സങ്കല്പങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി പരസ്പരബഹുമാനത്തോടെ കൈകൾകോർക്കാം. 

2016 ജൂലൈ 22, വെള്ളിയാഴ്‌ച

സുരക്ഷയുടെ തറക്കല്ലുതേടുന്ന മലയാളി

* ഉപരിപ്ലവമായ വർത്തമാനമാണിത്. ആഴത്തിലുള്ള വർത്തമാനം വിദഗ്ധർ പറയാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. ആ ഒച്ചകൾക്ക് ആർപ്പുകൂട്ടാൻ മാത്രം ഈ കുറിപ്പ്.




കുളക്കടവുകൾ മുതൽ പൊതുനിരത്തുകൾ വരെയും ഇസ്തിരിയിടുന്നതുമുതൽ ഓഫീസുമുറികൾ വരെയുമാകെ ശീലിച്ചുപോരേണ്ടുന്ന പ്രാഥമിക ജീവിത സുരക്ഷയെപ്പറ്റി മലയാളിയുടെ കാഴ്ചപ്പാടെന്താണെന്ന് ഒരന്വേഷണം അനിവാര്യമായിരിക്കുകയാണ്. വ്യക്തിശുചിത്വത്തിലും വിദ്യാഭ്യാസത്തിലും ചികിത്സാവിധികളെപ്പറ്റിയുമെല്ലാംസുചിന്തിതമായ ബോധ്യമുള്ള മലയാളിയ്ക്ക് വ്യക്തിസുരക്ഷയുടെ ബോധ്യം തികച്ചും അന്യമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുങ്ങിമരിക്കലും വൈദ്യുതാഘാതവും തീപിടുത്തവുമൊക്കെയായി പ്രതിവർഷം കേരളത്തിൽ 8000 മനുഷ്യജീവനുകളാണ് പൊലിഞ്ഞു പോകുന്നത്. ഒട്ടനവധിപേർ അനുബന്ധമായ പരിക്കുകൾപേറി ജീവിക്കുകയും ചെയ്യുന്നു. വിനോദയാത്രയ്ക് പോകുന്ന വിദ്യാർത്ഥികൾ മുതൽ ജനപ്രതിനിധികൾവരെ സർവ്വ മനുഷ്യജീവനെയും അവരുടെ സാമൂഹ്യബന്ധങ്ങളെയും നിശ്ചയിക്കാനുതകും വിധമൊന്നാണ് സുരക്ഷയുടെ ധാരണകൾ എന്നു കാണാൻ കഴിയും. അടുത്തിടെ തിരുവനന്തപുരം നഗരസഭയിലെയൊരു ജനപ്രതിനിധി ഇസ്തിരിയിടുന്നതിനിടെ വൈദ്യതാഘാതമേറ്റ് മരണപ്പെട്ടത് ഓർക്കുക. അവിടുത്തെ രാഷ്ട്രീയ ബലാബലങ്ങളെയും നിലവിലെ കേരളരാഷ്ട്രീയ സ്ഥിതിഗതികൾപോലും അളന്നുനോക്കുന്നതായും മാറാൻ പോവുകയാണ് അവിടെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. അതോടൊപ്പം സുരക്ഷാ വീഴ്ചയുടെ ഭാരം പേറുന്ന ഒട്ടനവധികുടുംബങ്ങളെ നമ്മൾ ഇങ്ങനെ അനുദിനം സൃഷ്ട്ടിച്ചുപോരുന്നു.

പിഴവുകളുണ്ടെങ്കിൽ ഇത്തരം അപകടങ്ങൾ എപ്പോഴും സംഭവിച്ചേക്കാം എന്ന അറിവിന്റെ അടിസ്ഥാനത്തിൽതന്നെയാണ് മലയാളികളാകെയും ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നത്. എന്നാൽ ആത്മവിശ്വാസത്തിന്റെ ആധിക്യംകൊണ്ടും മുന്കരുതലുകളുടെ അഭാവംകൊണ്ടും നഷ്ട്ടങ്ങൾ മാത്രം സംഭവിക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ ശാസ്ട്രീയമായ വസ്തുതകളും മുൻകരുതൽ സംവിധാനങ്ങളും പ്രാപ്യമാണെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകുമെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മലയാളികൂടിയായ ഡോ. മുരളി തുമ്മാരുകുടി, സുരക്ഷാകാര്യ വിദഗ്ധൻ എന്ന നിലയ്ക് ഇത്തരത്തിൽ ഒട്ടനവധി വിഷയങ്ങൾ കേരളീയസമൂഹത്തിന്റെ ശ്രദ്ധയ്ക്കായ് നിരന്തരം മുന്നോട്ടുവയ്ക്കുന്നു. ഒരാൾ വെള്ളത്തിൽ മുങ്ങിപ്പോയാൽ ആദ്യത്തെ ഉപായം എന്ന നിലയ്ക് കരയ്ക്കുനിൽക്കുന്ന നീന്തലറിയാവുന്നയാൾ ചാടിപ്പോയി രക്ഷപ്പെടുത്തുക എന്ന നമ്മുടെയെല്ലാം ചിന്താഗതി യഥാർത്ഥത്തിൽ ദുരന്തത്തിന്റെ ആഘാതങ്ങൾ കൂട്ടുകമാത്രമേയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറിച്ച് സുരക്ഷാബോധ്യം ഉള്ള പൗരസമൂഹത്തിൽ ഓരോ അപായങ്ങൾക്കും പ്രാഥമികവും ദ്വിതീയവും തൃതീയവുമായ ഘട്ടങ്ങൾ ഉണ്ടെന്നും അതിന്റെ ശാസ്ത്രീയയമായ അറിവ് ആർജ്ജിക്കുകയും പ്രാവർത്തികമാക്കുകയുമാണ് വേണ്ടതെന്നുമുള്ള അഭിപ്രായം ഇത്തരം വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നു.

ജീവിതനിലവാരവും പാരിസ്ഥിതികവെല്ലുവിളികളുമൊക്കെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചർച്ചാവിഷയമാകുമ്പോൾ അതോടൊപ്പം തന്നെ എന്തുകൊണ്ട് മലയാളി സുരക്ഷയെ ഗൗരവമായി കാണാൻ മടിക്കുന്നു? ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഖേദപ്രകടനം നടത്തുക എന്നതിനപ്പുറം ക്രിയാത്മകമായ എന്ത് പ്രതിവിധികളാണ് നമ്മുടെ സർക്കാരുകളും രാഷ്ട്രീയ നേതൃത്വവും വച്ചു പുലർത്തുന്നത്? പുരോഗമനപരവും ക്ഷേമകരവുമായ പരിപ്രേക്ഷ്യങ്ങളോടെ അവതരിപ്പിക്കപ്പെട്ട 2016ലെ കേരള ബഡ്ജറ്റിൽ സുരക്ഷാവിഷയങ്ങൾ ഉൾച്ചേർത്തുകാണാത്തത്തിൽ സുരക്ഷാകാര്യ വിദഗ്ധർ സാമൂഹ്യ മാധ്യമങ്ങളിലാകെ ആശങ്ക രേഖപ്പെടുത്തുകയാണുണ്ടായത്. ബഡ്ജറ്റ് ചർച്ചയുടെ ഭാഗമായി ശ്രീ. വി.ടി. ബൽറാം നിയമസഭയിൽ ഈ പ്രശ്നം ഉന്നയിക്കുകയും ചെയ്തിരിക്കുകയാണ്.

വ്യക്തിസുരക്ഷ വൈദ്യുതി വകുപ്പിലും മറ്റു അപായസാഹചര്യങ്ങൾ നിലനിൽക്കുന്ന വ്യവസായശാലകളിലുമൊക്കെ ഒരു തൊഴിൽസുരക്ഷ പ്രശ്നമായ് പോലും നിലനിൽക്കെ തൊഴിൽ നിയമങ്ങളിൽ അതിനനുസൃതമായ പൊളിച്ചെഴുത്ത് അനിവാര്യമാണ്. കാലഹരണപ്പെട്ട നിയമവ്യവസ്ഥകൾ മാറ്റി ആധുനിക സുരക്ഷ സംവിധാനങ്ങളുടെ ലഭ്യതയും സംരക്ഷണവും തൊഴിലാളികൾക്ക് ഉറപ്പുവരുത്തണം.പാമ്പു പിടിത്തക്കാർക്കും പട്ടിപിടിത്തക്കാർക്കും ആപത്ക്കരമായ തൊഴിലിടങ്ങളിൽ ജോലിചെയ്യുന്നവർക്കും സുരക്ഷസാമഗ്രികളും പരിശീലനവും നിര്ബന്ധമാക്കികൊണ്ട് വ്യവസ്ഥചെയ്യണം.


സർക്കാർ നയങ്ങളിൽ സുരക്ഷാബോധ്യവും സുരക്ഷാസംവിധാനങ്ങളുടെ അനിവാര്യതയും പരമപ്രധാനമായി പ്രതിഫലിക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാംവിധം നടപ്പാക്കുകയും വേണം. മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സന്നദ്ധരായ വിദഗ്ധരുടെ സേവനം സർക്കാരുകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സുരക്ഷാവബോധത്തെ ഒരു സാമൂഹ്യ നിർമ്മിതിയായി മാറ്റിത്തീർക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം. ഇത്തരത്തിൽ കേരളീയ സമൂഹം ഉയർന്ന സുരക്ഷാ മുൻകരുതലുകൾ കയ്യേൽക്കുകയും പ്രാവർത്തികമാക്കുകയും ചെയ്താൽ ആയുർദൈർഘ്യത്തിലും ജീവിതനിലവാരത്തിലുമെല്ലാം ഇനിയും മുന്നേറ്റം സാധ്യമാണ്. സമ്പന്നവും കാര്യക്ഷമവുമായ സമൂഹത്തിന്റെ ഭാവിക്ക് അത് അത്യാന്താപേക്ഷിതവുമാണ്.

രാജാവിന്റെ മകനും ഇന്ത്യൻ ഭരണഘടനയും

‘പാരമ്പര്യത്തിന്റെ പകിട്ടിൽ മൈസൂർ രാജാവ് വിവാഹിതനായി’ എന്ന തലക്കെട്ടിൽ മലയാളത്തിലെയൊരു മുതിർന്ന പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ജൂൺ ഇരുപത്തിയേഴാം തീയതി വന്ന വാർത്തയാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത് എന്ന് ആദ്യമേ പറഞ്ഞുവയ്ക്കട്ടെ. രാവിലെ 9.05നും 09.35നും ഇടയിലുള്ള മുഹൂർത്തത്തിൽ' മൈസൂർ രാജാവ്' യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ ത്രിഷിക കുമാരിയുടെ കഴുത്തിൽ താലി ചാർത്തിയ വിവരമാണ് അന്നേദിവസം ഉച്ചക്ക് 12:02ന് സ്വാതന്ത്ര്യ സമരത്തിന്റെ ജിഹ്വയായി വർത്തിച്ച പത്രമുത്തപ്പന് ലോകമൊട്ടുക്കുമുള്ള മലയാളികൾക്കിടയിലേക്ക് ചിത്രങ്ങൾ സഹിതം പ്രസിദ്ധപ്പെടുത്താനായത്. എല്ലാ പത്രമാധ്യമങ്ങൾക്കും വാർത്തകളിന്മേൽ അവരവരുടേതായ താല്പര്യങ്ങൾ ഉണ്ടാകും. മറ്റേതു വാർത്തകളും പോലെ ഈ വിവാഹവും മലയാളി സമൂഹത്തിനിടയിലേയ്ക് പകർന്നു നൽകേണ്ടതുമാണ്. പക്ഷേ വാർത്തയിലുടനീളം മുൻപ് ഒരു നാട്ടുരാജ്യത്തിന്റെ അധികാരിയായിരുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളെ രാജാവ്, മഹാറാണി എന്നെല്ലാം ഈ ജനാധിപത്യ മഹാരാജ്യത്ത് ഇന്ന് അഭിസംബോധന ചെയ്യേണ്ടതുണ്ടോ? ഏതാണ്ടെല്ലാ ഇന്ത്യൻ മാധ്യമങ്ങളും ഈ വിവാഹത്തിന്, സമാനമായ റിപ്പോർട്ടിങ് ആണ് നടത്തിയിട്ടുമുള്ളത്. ജനങ്ങളുടെ ആധിപത്യം നിലനിൽക്കുന്ന അല്ലെങ്കിൽ നിലനിൽക്കേണ്ടുന്ന ഒരു രാഷ്ട്രത്തിലും സമൂഹത്തിലും അതിനനുഗുണമായ നിലപാടുകളാണോ മാധ്യമങ്ങൾ അനുവർത്തിക്കുന്നത് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയും മുൻപ് രാജവാഴ്ച നിലനിന്നിരുന്ന ഭൂപ്രദേശങ്ങളും ഒന്നുചേർന്ന് സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയ ഇന്ത്യ 1950 ജനുവരി 26ന് നിലവിൽ വന്നു. അന്നോളം അധികാരത്തിന്റെ മധുരം നുകർന്നുപോന്ന രാജാക്കന്മാരുടെ സൗകര്യങ്ങളെ ഇന്ത്യൻ റിപ്പബ്ലിക് തന്ത്രപരമായാണ് നേരിട്ടത്. മഹാഭൂരിഭാഗം നാട്ടുരാജ്യങ്ങളിലും രാജപ്പട്ടം നിലനിന്നിരുന്ന 'തിരുമനസുകളെ'ത്തന്നെ 'രാജപ്രമുഖ്' ആയി അവരോധിച്ചു. 1956-ലെ സംസ്ഥാന പുനരേകീകരണ നിയമം 'രാജപ്രമുഖ്' സ്ഥാനം നീക്കം ചെയ്തുകൊണ്ട് 'രാജപ്രമുഖ്' പദവി നിലനിന്നിരുന്ന ഇടങ്ങളിൽ ഗവർണ്ണർസ്ഥാനം കൊണ്ടു വരികയും ചെയ്തു. പിന്നീടങ്ങോട്ട് രാഷ്ട്രീയമുന്നേറ്റങ്ങളും പരിവർത്തനവും സാധ്യമാകാത്ത ഇടങ്ങളിൽ ഇതേ മുൻ-രാജകുടുംബാംഗങ്ങൾ രാഷ്ട്രീയാധികാരത്തിലും നേതൃത്വത്തിലും ഒക്കെ തുടർന്നു പോന്നു. പാർട്ടി നേതാക്കളായും മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും എംപിയും എംഎൽഎയുമൊക്കെയായി കുടുംബ മഹിമയുടെ തണലിൽ ചിലരങ്ങ് വിരാജിച്ചു പോന്നു. കോൺഗ്രസ്സ്- ബിജെപി നേതാക്കളായ കരൺ സിംഗ്, മാധവ റാവു സിന്ധ്യ, ജ്യോതിരാദിത്യ സിന്ധ്യ, വസുന്ധര രാജെ, അമരീന്ദർ സിംഗ്, പ്രണീത് കൗർ, ദിഗ് വിജയ് സിംഗ്, ജയ് വർധന സിംഗ് അങ്ങനെ പോകുന്നു ആ നിര.
1972-ൽ ഇരുപത്താറാം ഭരണഘടന ഭേദഗതിയോടെ മുൻ-രാജകുടുംബങ്ങൾക്ക് ലഭ്യമായിരുന്ന വിശേഷാനുകൂല്യങ്ങൾ പ്രിവിപേഴ്‌സ് ഉൾപ്പെടെ റദ്ദു ചെയ്യുകയാണുണ്ടായത്. അത്തരത്തിലൊരു ഭേദഗതിയ്ക്കായ് മുന്നോട്ടുവച്ച ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങളും കാരണങ്ങളുമടങ്ങുന്ന രേഖയിൽ മുൻ-രാജകുടുംബങ്ങൾ അനുഭവിക്കുന്ന വിശേഷാനുകൂല്യങ്ങൾ സമത്വാധിഷ്ഠിതമായ സാമൂഹ്യക്രമത്തിനു യോജിച്ചതല്ലെന്നും അതുകൊണ്ടുതന്നെ അത്തരം ആനുകൂല്യങ്ങൾ റദ്ദ് ചെയ്യേണ്ടതുമാണെന്ന് പ്രസ്താവിക്കുന്നു. സർവ്വോപരി ഭരണഘടനയുടെ പതിനെട്ടാം അനുഛേദം, അക്കാദമികവും സൈനികവുമായ പദവികൾ ഒഴികെ മറ്റൊന്നും വ്യക്തികളിന്മേൽ ഭരണവ്യവസ്ഥിതി ചാർത്തി നൽകരുതെന്നും ആവശ്യപ്പെടുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തിന്റെയും സാമൂഹ്യപുരോഗതിയുടെയുമെല്ലാം പ്രതിഫലനമാണ് പ്രസ്തുത അനുഛേദം. ഈ ജനാധിപത്യ റിപ്പബ്ലിക്കിനെ രൂപപ്പെടുത്തിയതും കയ്യേൽക്കുന്നതും ജനങ്ങൾ തന്നെയെന്നാണ് ഇന്ത്യയുടെ അടിസ്ഥാന നിയമ രേഖയായ ഭരണഘടനയുടെ ആമുഖം തന്നെ പ്രസ്താവിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മാധ്യമ സമൂഹവും നമ്മളും ഒക്കെചേർന്ന് ആ സുവർണാക്ഷരങ്ങളിൽ ഇന്ന് കാർക്കിച്ചു തുപ്പുകയാണ്.
ഇവ്വിധമുള്ള പദവികൾ എങ്ങനെയാണ് ആശാസ്യകരമാകുന്നത്. ജന്മി ബാലകൃഷ്ണപിള്ള എന്നോ മാടമ്പി ശ്രീകണ്ഠൻ എന്നുമൊക്കെ ഇക്കാലത്തു പറഞ്ഞുപോയാലത് ന്യായീകരിക്കുക സാധ്യവുമല്ല. ഇതെല്ലാം അടിവരയിടുന്ന സമൂഹത്തിന്റെ വർഗ്ഗഘടന ഈ ജനാധിപത്യ രാഷ്ട്രത്തിൽ ഒരു പുനഃപരിശോധനയ്ക്കു വിധേയമാക്കേണ്ടുന്നതുണ്ട്. ഇന്ത്യ റിപ്പബ്ലിക് ആയി രൂപപ്പെട്ടിട്ട് ആറരപതിറ്റാണ്ടു പിന്നിട്ടിട്ടും കുടുംബമഹിമയും കുലീനതയും സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കാഴ്ചകളിലും അച്ചുകളിലും അരികുപൊട്ടാത്ത പ്രതിഷ്ഠ നിലനിർത്തിപ്പോരുന്നു.
പാർശ്വവത്കരിക്കപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്കും ഇത്തരത്തിൽ സാമൂഹ്യ മൂലധനം കയ്യാളുന്ന കുലീനമേലാളന്മാർക്കും ചൂഷിതരും അരികുവൽക്കരിക്കപ്പെട്ടവരുമായ ജനതയ്ക്കും ഭരണകൂടത്തിന്റെയോ സേവനങ്ങളുടെയോ ലഭ്യത ഒരേ തോതിലല്ല എന്നത് ഇന്ത്യൻ ഭരണഘടനയെ തന്നെ ലജ്ജിപ്പിക്കുന്ന സത്യമായ് ഇന്നും നിലനിൽക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക ഘടനയിൽ സാമ്പത്തിനുമേൽ കുത്തകാവകാശം അവസാനിപ്പിക്കണമെന്ന് അനുച്ഛേദം 39 ആവശ്യപ്പെടുന്നു. തൊഴിലാളി ക്ഷേമവും സാമൂഹ്യ വിഭവങ്ങളുടെ നീതിപൂർവകമായ വിതരണവും പ്രസ്തുത അനുച്ഛേദത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നിട്ടും കോർപറേറ്റ് താല്പര്യങ്ങൾ മാത്രം ഭരണകൂടവും മുഖ്യധാരാമാധ്യമങ്ങളും സംരക്ഷിച്ചുപോരുന്നു.
നീതിബോധത്താലുള്ള സമത്വത്തിനുള്ള അവകാശം മൗലികമാണെന്നു പ്രഖ്യാപിക്കപ്പെട്ട ഭരണഘടനയുണ്ടെങ്കിലും അതു നടപ്പിലാക്കിയെടുക്കാൻ കോടതിയെ സമീപിക്കാൻ പോകാനാകാത്തവിധം സാമ്പത്തികശേഷിയും വിദ്യാശേഷിയും ഇല്ലാത്തവരാണ് ജനസംഖ്യയിൽ നല്ലൊരു ശതമാനവും. ആ ദുസ്സഹമായ ജനജീവിതങ്ങൾക്ക് ഒരറുതിവരുത്താനാകും വിധമാകട്ടെ നമ്മുടെ വർഗ്ഗബോധത്തിന്റെ വെളിച്ചവും പത്രമാധ്യമങ്ങളുടെ അച്ചുകൂടങ്ങളും മറ്റു സൈബർ ഇടങ്ങളും. ആ വെളിച്ചത്തിന്റെ ഊർജ്ജത്തിൽ മണ്ണിന്റെ മാറിൽ വിരിയട്ടെ സമതയുടെ പൂക്കൾ.

സീരിയൽ നിയന്ത്രണങ്ങളുടെ നിറങ്ങൾ എന്ത് ?

ടെലിവിഷൻ സീരിയലുകളെ പരിശോധനയ്ക്കു വിധേയമാക്കാനുള്ള സംവിധാനം നടപ്പാക്കുന്നതിലേക്കായ് കേരള സർക്കാർ കേന്ദ്ര വാർത്തവിനിമയ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. ടെലിവിഷന് പരിപാടികളെ മുഖ്യമായും വിവരകൈമാറ്റത്തിനും വിനോദത്തിനുള്ളവയെന്നും പൊതുവെ രണ്ടായി തിരിക്കാം. നിലവിൽ വിനോദാധിഷ്ഠിത സീരിയലുകളിന്മേലാണ് ഇപ്പോൾ ഇവ്വിധം നിലപാടെടുത്തിരിക്കുന്നത്. അത്തരം സീരിയലുകൾ കേരളീയ സമൂഹത്തിലേയ്ക് കടത്തിവിടുന്ന സന്ദേശങ്ങളും അതിന്റെ ഉള്ളടക്കം ഉദ്ദീപിപ്പിക്കുന്ന നെഗറ്റീവായ വൈകാരികാവസ്ഥകളും കുടുംബബന്ധങ്ങളെ സാരമായി ബാധിക്കുന്നുവെന്ന പരാതി പരക്കെ നിലനിൽക്കുന്നുണ്ട്. ഇത്തരം സീരിയലുകൾ മലയാളിക്കുമേൽ തള്ളിവിടുന്ന വൈകാരികതയുടെ അധോമുഖീകരണം എല്ലാ അർത്ഥത്തിലും വ്യക്തികളുടെ മാനസികാരോഗ്യത്തെ ഗൗരവമായ് സ്വാധീനിക്കുന്നുമുണ്ട്. ഏറെക്കുറെയായിന്നു കാണുന്ന സീരിയലുകൾ അമ്മായിയമ്മ- മരുമകൾ സ്റ്റീരിയോടൈപ്പ്‌ പ്രശ്നങ്ങൾ, അതിൽ ഭർത്താവിന്റെ റോൾ, ഭാര്യ- ഭർതൃ ബന്ധത്തിനിടയ്ക് മറ്റൊരാളുടെ രംഗ പ്രവേശം, സഹായ മനസ്കരായ മനുഷ്യർ ചൂഷണം ചെയ്യപ്പെടുന്ന ചുറ്റുപാടുകൾ , അനുകമ്പ കാണിക്കുന്നവരെ പിന്നിൽ നിന്ന് കുത്താൻ തയ്യാറായി നിൽക്കുന്നവർ, ബിസിനസ്സ് പങ്കാളികൾക്കിടയിലെ വഞ്ചന എന്നിങ്ങനെ വിവിധ രീതിയിൽ ഉള്ളടക്കങ്ങളുടെ സത്ത നിലനിൽക്കുന്നുണ്ട്.


ഒരു കലാരൂപം എന്ന നിലനിലയിൽ സീരിയലുകളെ യുക്തിസഹമായി അവതരിപ്പിക്കാൻ അതിന്റെ പ്രസവകാരണ ഭൂതർക്ക് ആരാലും ഉല്ലംഘിക്കാനാകാത്ത എല്ലാ അവകാശവും ഉണ്ട്. സർവ്വോപരി കലാസൃഷ്ടികൾക്ക്മേൽ ഭരണകൂടം നിയന്ത്രണം കൊണ്ടുവരുന്നതൊക്കെ പുരോഗമനപരവും പ്രത്യാശാഭരിതവുമാണെന്ന് ചരിത്രം ഇന്നോളം സാക്ഷ്യപ്പെടുത്തിയിട്ടുമില്ല. ഇത്തരം സാഹചര്യത്തിൽ ഈ അവസ്ഥയ്ക് എന്ത് പരിഹാരം എന്ന ചോദ്യം പ്രസക്തമാവുകയാണ്.

മദ്യനയത്തിന്റെ കാര്യത്തിൽ സ്വയംബോധ്യത്തിലൂന്നിയ വർജ്ജനമാണ് വേണ്ടതെന്ന് ശഠിക്കുകയും അതിനനുസരിച്ചുള്ള നിലപാടുകൾ കൈക്കൊള്ളാനൊരുങ്ങുകയുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സർക്കാർ ടി. വി സീരിയലുകളുടെ കാര്യത്തിൽ മാത്രം കഴിഞ്ഞ സർക്കാരിന്റെ നിലപാടിന്റെ പിന്താങ്ങി എന്തിനിങ്ങനെ സെൻസർഷിപ്പ് അനിവാര്യമാണെന്ന് നിലപാടെടുക്കുന്നു? രണ്ട് എലമെന്റുകളും ഒരുതരത്തിൽ ലഹരിയാണ്. വ്യക്തിയുടെ മനോവ്യവഹാരങ്ങളോടും  കുടുംബാന്തരീക്ഷത്തോടും  ചങ്ങാത്തത്തോടും  ഒക്കെ ബന്ധിതമാണത്തിന്റെ സ്വാധീനം. വസ്തുത അങ്ങനെയൊക്കെ ആകെയാൽ ടെലിവിഷന് ചാനലുകൾക്കും സ്ഥാപന മേധാവികൾക്കും അതിന്റെ പ്രക്ഷേപണ നയത്തിനും ഒക്കെയാണ് ഉത്തരവാദിത്വം. വാർത്താധിഷ്ഠിത ആക്ഷേപഹാസ്യം എന്ന പേരിൽ ചാനലുകളിൽ നിത്യേന നടത്തുന്ന പരിപാടികൾ രാഷ്ട്രീയ നേതാക്കളുടെ വാക്കുകളെ അടർത്തിയെടുത്ത് അവർ കുടിക്കുന്നതും കിടക്കുന്നതുമെല്ലാം ക്ലിപ്പുകളാക്കി മറ്റു സന്ദര്ഭങ്ങളുമായി ചേർത്ത എഡിറ്റു ചെയ്ത് അവതരിപ്പിക്കുന്നതിനുമേൽ വിലക്കുകൾ ആവശ്യമെന്ന് ആരും പറഞ്ഞു കണ്ടില്ല.ഇത്തരം പരിപാടികളിന്മേൽ, അടിച്ചേൽപ്പിക്കേണ്ട നിയന്ത്രണമല്ല അനിവാര്യം എന്ന വാദം അതേപടി സീരിയലുകളുടെ കാര്യത്തിലും സ്വീകാര്യമാകേണ്ടതുണ്ട്.

നാളെ സീരിയലുകളിൽ  ഭരണരാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന കൊലപാതകമോ മറ്റു സാഹചര്യങ്ങളോ എന്നു തോന്നിപ്പിക്കുന്ന ഒരു അവസ്ഥ പുനരാവിഷ്കരിക്കുകയാണെങ്കിൽ ഈ സെന്സര് സംവിധാനത്തിന്റെ നിലപാടെന്താകും ?. മാധവിക്കുട്ടിയുടെ സാഹിത്യ രചനകളെത്ത ന്നെ ദൃശ്യവൽക്കരിക്കണമെന്നു വിചാരിച്ചാൽ എന്തു സമീപനം സ്വീകരിക്കും ?. ഇവിടെയാണ് ഭരണകൂടത്തിന്റെ സെൻസറിങ് ഭൂഷണമല്ലാതാവുക. തികച്ചും പോസിറ്റീവ് ആയ ഒരു മാറ്റം കാംക്ഷിച്ചു എടുക്കുന്ന നിലപാട് തിരിച്ചടി മാത്രം പ്രദാനം ചെയ്യുന്ന അവസ്ഥ രൂപപ്പെടും. പ്രമേയത്തോട് വിയോജിപ്പുകൾ വച്ചുപുലർത്തുമ്പോഴും മലയാള ഭാഷാപ്രയോഗങ്ങൾ എല്ലായിടത്തുനിന്നും അന്യമാകുന്ന പരിതസ്ഥിതിയിൽ സീരിയലുകൾ കടുകുമണിയോളമെങ്കിലും പ്രതിരോധം തീർക്കുന്നുണ്ട്. 'ന്യൂസ് അറ്റ്‌ നയൻ', 'കൗണ്ടർ പോയിൻറ്', 'ന്യൂസ് നയൻ', 'എഡിറ്റേഴ്സ് അവർ' എന്നിങ്ങനെയൊക്കെ ഇംഗ്ലീഷ് പേരുകളിലും കോട്ടും സ്യുട്ടും ഇട്ടാലെ പ്രൊഫെഷണൽ ആകൂ എന്ന മിഥ്യാധാരണ നിലനിൽക്കുന്നതുമായ ഇടത്തിലാണ് പേരിലെങ്കിലും ഒരു കറുത്ത മുത്തും ചന്ദന മഴയും പരസ്പരവും ഒക്കെ നിലനിൽക്കുന്നത്. എന്നുവച്  പ്രമേയത്തിൽ നീതിപുലർത്തുന്നും ഇല്ല. അടുക്കളയിൽ പോലും 8000 രൂപയുടെ സാരിയിലേ സീരിയൽ കഥാപാത്രങ്ങൾ നടക്കൂ.


ഈ ടെലിവിഷന് ചാനലുകളൊക്കെയും അറിഞ്ഞും അറിയാതെയുമൊക്കെ കടത്തിവിടുന്ന സൗന്ദര്യബോധവും വർണ്ണ-വംശീയ ലാവണ്യബോധത്തിന്റെ ഒളിച്ചുകടത്തലും ഒക്കെ ചർച്ചാവിധേയമാക്കേണ്ടതുണ്ട്. ഇത്തരം അവസ്ഥകളെക്കൂടി മുഖവിലയ്‌ക്കെടുത്തുകൊണ്ട് ചാനൽ- മാധ്യമ സ്ഥാപന മേധാവികളും പരിപാടി ആസൂത്രകരുമടങ്ങുന്ന സമൂഹം ഒന്നടങ്കം ഇച്ഛാശക്തി പ്രകടിപ്പിച്ചാൽ മാത്രമേ ഇതിനൊരു മാറ്റം വരൂ. ഇത്തരത്തിൽ പൊതുസ്വീകാര്യമായ തരത്തിൽ നയരൂപീകരണം സാധ്യമെങ്കിൽ ചാനലുകൾക്ക് പെട്ടെന്നുണ്ടാകുന്ന മാറ്റം കൊണ്ട് രൂപപ്പെടാവുന്ന മാർക്കെറ്റിംഗിന്റെ പരിമിതികളെ മറികടക്കാനുമാകും.  സീരിയൽ കഥ/തിരക്കഥ രചനയോട് ലാഘവബുദ്ധിയോടെയുള്ള നിർമ്മാതാക്കളുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ട്. സർക്കാർ മുൻകൈയ്യെടുത് നിലവാരമുള്ള സീരിയലുകൾക്ക് പ്രചോദനമെന്നോണം ഉയർന്ന സാമ്പത്തിക പാരിതോഷികം നൽകണം. ചാനലുകൾ, സീരിയലുകൾമാത്രമാണ് സായാഹ്നങ്ങളിലെ സാമ്പത്തികവേട്ടയുടെ സുപ്രധാന ഉപാധി എന്ന നയം ത്തിരുത്തണം. പരിപാടികളിലെ വൈവിധ്യവൽക്കരണവും അതിന്റെയൊക്കെ സമയക്രമങ്ങളിലും ഘടനാപരമായ മാറ്റം വരുത്തേണ്ടതുണ്ട്. 

ഇത്തരത്തിൽ കലയുടെ പരിപോഷണത്തിനും, സാംസ്‌കാരികമായ ഇടപെടലിലൂടെ സാമൂഹ്യ പരിവർത്തനത്തിനു ടെലിവിഷൻ ചാനലുകളും, സർക്കാരും, പൊതുസമൂഹവും  ഒരേ ബോധ്യത്താൽ മുന്നോട്ടു നീങ്ങിയാൽ സർവ്വോന്മുഖമായ വികാസത്തിന്റെ പാതയിൽ മലയാളിയെത്തിച്ചേരുമെന്ന് നിസ്സംശയം കരുതാം.

ലഹരിയുടെ മറവിയിടങ്ങളെ ഉണര്‍ത്തുന്ന ഉഡ്ത പഞ്ചാബ്

കാലികവും സാമൂഹ്യപ്രസക്തവുമായ ചലച്ചിത്രങ്ങള്‍ ബോളിവുഡില്‍ വിരളമായേ സാന്നിധ്യം രേഖപ്പെടുത്താറുള്ളൂ. സെന്‍സര്‍ ബോര്‍ഡിന്റെ തിട്ടൂരങ്ങളും തുടര്‍ന്നുണ്ടായ കോടതി വ്യവഹാരങ്ങളും 'A' സര്‍ട്ടിഫിക്കറ്റ് കൊണ്ടുമെല്ലാം ചര്‍ച്ചയാകപ്പെട്ട 'ഉഡ്ത പഞ്ചാബ്', ഹിന്ദി ചലച്ചിത്ര ലോകത്ത് അത്തരത്തില്‍ പ്രതിബദ്ധതയുടെ മുദ്ര പതിപ്പിക്കുന്നുണ്ട്.മയക്കുമരുന്നിന്റെ ലഭ്യതയും ഉപയോഗവും അതോടനുബന്ധിച്ച കുറ്റകൃത്യങ്ങളും പെരുകിവരുന്ന സാഹചര്യം നിലനില്‍ക്കുന്ന ഭൂമികയില്‍ നിന്നുകൊണ്ട് 'ഉഡ്താ പഞ്ചാബ്' എന്ന ചലച്ചിത്രത്തെ നോക്കിക്കാണുമ്പോള്‍, കലാസൃഷ്ടി കാഴ്ചക്കാരനിലേയ്ക്കും സമൂഹത്തിലേക്കും സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്ന ലഹരി വിമുക്തിയുടെ അനിവാര്യതയ്ക്ക് കൈയ്യടിക്കാതെ പറ്റില്ല.

149 മിനിട്ടു ദൈര്‍ഘ്യമുള്ള ചലച്ചിത്രത്തില്‍ 82 ഇടങ്ങളില്‍ കത്രികപ്രയോഗം നടത്താനാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്തത്. കോടതിയുടെ ഇടപെടലുകളാല്‍ കത്രികപ്രയോഗം തടയാനായെങ്കിലും അസഭ്യമായ പദപ്രയോഗങ്ങളുടെ ആധിക്യത്താലും മറ്റു രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടും സെന്‍സര്‍ ബോര്‍ഡ് 'A' സര്‍ട്ടിഫിക്കറ്റു നല്‍കി ഉഡ്ത പഞ്ചാബിനെ ആദരിക്കുക'യാണുണ്ടായത്. കഞ്ചാവും ഹെറോയിനും ചരസും അഫീമും ഇതര രാസമിശ്രിതങ്ങളുമെല്ലാം പഞ്ചാബിന്റെ സാമൂഹ്യപാഠങ്ങളില്‍ വേരൂന്നിയിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കടന്നു വരവ് എന്നതാണിതിന്റെ പ്രസക്തി. ഈ പ്രദേശത്ത് അഞ്ചുവര്‍ഷം പിന്നിട്ട എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഈ പൊതുപ്രശ്‌നത്തെ കലാമാധ്യമത്തിലൂടെ വെളിവാക്കാനുള്ള ശ്രമം നീതിയുക്തമായി നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടെന്ന് പറയാതെ തരമില്ല. പൊതുനിരത്തുകളുടെയും ഹൈവേയുടെയും വശങ്ങളില്‍ മാരിജുവാന പച്ചപ്പത്തി വിടര്‍ത്തി നില്‍ക്കുന്നത് ചുറ്റുവട്ടങ്ങളില്‍ വിരളമായ കാഴ്ചയല്ല. അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ലഹരിയിലകള്‍ ഭക്ഷിച്ച് അബോധരൂപത്തില്‍ നടുറോഡിലും കുടിയിരിക്കാറുണ്ട്. പെന്റീഫില്ലറിനുള്ളിലും അലുമിനിയം ഫോയില്‍ ചുരുളുകള്‍ക്കിടയിലുമൊക്കെ ഉത്തേജനത്തിന്റെ പൊടിപടലങ്ങളും പുകച്ചുരുളുകളും യൗവ്വനത്തിന്റെ ഉള്ളിലേയ്ക് ഊറിയിറങ്ങുന്ന കാഴ്ചയും അന്യമല്ല. ലഹരിയുടെ പതിവുകള്‍ കിട്ടാതാകുമ്പോള്‍ ബൂട്ട് പോളീഷില്‍ അഭയം പ്രാപിക്കുന്നതും ഒരു ജനതയ്ക്ക് ശീലമായി മാറുന്നു. ഗുരുദ്വാരയിലെ പ്രസാദമെന്ന് തെറ്റിദ്ധരിപ്പിച്ച് 'മരിജുവാന ടിക്കി' കഴിപ്പിച്ച് സ്വബോധനഷ്ടത്തിന്റെ അനുഭവമുണ്ടാക്കി തന്നിട്ടുണ്ടെനിക്ക് ഈ പഞ്ചാബ് വാസം.


രാജ്യാതിര്‍ത്തിയ്ക്കപ്പുറത്തുനിന്ന് ഇന്ത്യന്‍ പഞ്ചാബിലേക്കുള്ള മയക്കു മരുന്നിന്റെ കടത്തിനെ വേണ്ടവിധം തടയാനാകുന്നില്ലെന്ന പൊതുവാദത്തെ സിനിമയില്‍ ദൃശ്യവത്കരിച്ചുകൊണ്ടാണ് 'ഉഡ്ത പഞ്ചാബി'ന്റെ തുടക്കം. ഇത്തരം മാഫിയകളുടെ ഇടപെടലും അസഭ്യഭാഷയുമെല്ലാം അവ്വിധം തന്നെ സിനിമ പകര്‍ത്തുന്നുണ്ട്. ആ തെറിയഭിഷേകങ്ങള്‍ മറ്റേതോ ബോധത്തിന്റെ, ത്വരയുടെ ഒക്കെ ആത്മപ്രകാശനങ്ങളാണെന്ന് 'ഉഡ്ത പഞ്ചാബ്' പറഞ്ഞുവെയ്ക്കുന്നു. പോലീസുകാര്‍ക്കും രാഷ്ട്രീയാധികാരികള്‍ക്കും ഈ മാഫിയകളുമായുള്ള ബാന്ധവം സിനിമയില്‍ തുറന്നു കാട്ടുന്നുണ്ട്. അധികാരികള്‍ നേരിട്ടോ അവരുടെ തണലിലോ മാത്രമാണ് ഈ ചെയ്തികള്‍ സാധ്യമാകുന്നത് എന്ന വാസ്തവം വീണ്ടും വരച്ചുകാട്ടുന്നു. സിനിമയിലെ എംഎല്‍എ, മനിന്ദര്‍ ബ്രാഡ് ലഹരി വിരുദ്ധ പ്രസംഗങ്ങളില്‍ അഭിരമിക്കുകയും ഇല്ലായ്മക്കാരായ സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി നടത്തുന്ന കച്ചവടം അടുത്തിടെ മയക്കുമരുന്നുകേസില്‍ കുറ്റാരോപിതനായ റവന്യു മന്ത്രി ബിക്രം സിംഗ് മജീദിയയുടെ ഇടപെടലുകളെ അനുസ്മരിപ്പിക്കുന്നത് വെറുതെയല്ല. 

ലഹരിക്കടിമയാക്കപ്പെട്ടവരുടെ സര്‍ഗ്ഗാത്മകതയുടെ നാശവും മനുഷ്യ സ്‌നേഹത്തിനു സര്‍ഗ്ഗചേതനയെ ഉണര്‍ത്താനാകുമെന്ന വസ്തുതയും ടോമി സിംഗ് (ഷാഹിദ് കപൂര്‍) എന്ന സംഗീത/ ഡി ജെ കഥാപത്രത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കാഴ്ചക്കാരെ ബോധ്യപ്പെടുത്തുമാറ് സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട്. പഞ്ചാബി കൃഷിയിടങ്ങളില്‍ തൊഴിലന്വേഷകയായി എത്തപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി സ്ത്രീയുടെ കഥാപാത്രം ആലിയ ഭട്ട് രൂപഭാവങ്ങളിലും അഭിനയ വൈഭവത്തിലും പൂര്‍ണ്ണതയോടെ അവതരിപ്പിച്ചു. ലഹരിക്കടിമകളാക്കപ്പെട്ട സ്ത്രീകളുടെ ജീവിതം കൂച്ചുവിലങ്ങുകളാല്‍ തളയ്ക്കപ്പെടുന്നതാണെന്നും സ്‌നേഹരഹിതമായ കാമപൂര്‍ത്തീകരണത്തിനും കാഴ്ചവെയ്പ്പിനുമുള്ള കേവല ശരീരങ്ങളായി സ്ത്രീയെ ഉപയോഗപ്പെടുത്തുന്നുവെന്നും സ്വമേധയാ ഇതില്‍ നിന്നുള്ള മോചനം സാധ്യമല്ലെന്നും സിനിമ അടയാളപ്പെടുത്തുന്നു. ചിത്രത്തിന്റെ പരിസമാപ്തി ഇത്തരം ബാന്ധവങ്ങളില്‍ നിന്നു മോചനം നേടുന്ന സ്ത്രീ പില്‍ക്കാലങ്ങളില്‍ പോലും സ്വന്തം നിലനില്‍പ്പിന് തന്നെത്തന്നെ പണയപ്പെടുത്തേണ്ട യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ടെന്നും തുറന്നുകാട്ടുന്നു.


ഉത്തരേന്ത്യയിലെ പോലീസ് സേനക്ക് പൊതുവെ ചാര്‍ത്തപ്പെട്ട അനാസ്ഥയ്ക്ക് ഉപോത്ബലകമായ രാഷ്ട്രീയ, മാഫിയ ദാസ്യവും എത്ര വലിയ അപരാധി ആയിരുന്നാലുമുള്ള സ്വജന പക്ഷപാതിത്വത്തിന്റെ പരിരക്ഷയും ഉഡ്ത പഞ്ചാബ് അനാവരണം ചെയ്യുന്നു. സമൂഹത്തെയാകെ ഗ്രസിച്ചിരിക്കുന്ന വിപത്തുകള്‍ സ്വന്തം കുടുംബത്തില്‍ ചേക്കേറുമ്പോള്‍ മാത്രം അത് ചെറുക്കപ്പെടണമല്ലോ എന്ന ബോധ്യം ഉണ്ടാകുന്ന മനുഷ്യന്റെ സങ്കുചിത ചിന്താഗതിയും അതിന്റെ പരിണിതിയില്‍ സാമൂഹ്യപ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ പ്രാപ്തനാക്കപ്പെടുകയും ചെയ്യുന്ന പോലീസുദ്യോഗസ്ഥനായ സര്‍താജ് സിംഗ് (ദല്‍ജീത് സിംഗ്) എന്ന കഥാപാത്രവും മയക്കുമരുന്നിനടിമപ്പെട്ട അദ്ദേഹത്തിന്റെ അനുജന്‍ ബല്ലിയും സമൂഹ മനഃസാക്ഷിക്കുമേല്‍ തുറന്നു പിടിച്ച കണ്ണാടിയാണ്. ബല്ലിയായ് വേഷമിട്ട പ്രഭ്‌ജ്യോത് ലഹരിയുടെ അടിമത്വം കണിശതയോടെ അവതരിപ്പിച്ചിട്ടുമുണ്ട്.


ഡോക്ടര്‍ പ്രീതി സാഹ്നിയുടെ (കരീന കപൂര്‍) മയക്കുമരുന്നിനെതിരെ യുദ്ധത്തിനുള്ള ആഹ്വാനവും ആത്മാര്‍ത്ഥതയും സേവനസന്നദ്ധരായ ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടേയുമെല്ലാം ജാഗ്രത ഇക്കാര്യത്തില്‍ അനിവാര്യമാണെന്ന പറച്ചിലായാണ് നമ്മോട് സംവദിക്കുന്നത്. ലഹരിക്കെതിരെ അത്തരത്തില്‍ പൊരുതാന്‍ നന്മയുടെ പടച്ചട്ട തീര്‍ക്കുന്ന മനുഷ്യരുടെ കഴുത്തിലൊക്കെയും പോറലേല്‍പ്പിക്കാനും ചോരവീഴ്ത്താനും കെല്‍പ്പുള്ള എതിരാളിയാണ് ഈ യുദ്ധത്തില്‍ എന്നും സിനിമ വിളിച്ചു പറയുന്നു. യാഥാസ്ഥിതിക പൗരുഷ കാഴ്ചപാടുകളും മറ്റു വിഷ്വല്‍ എഫക്ട് സങ്കേതങ്ങളും ചെറിയൊരളവില്‍ കടത്തി വിടുന്നുണ്ടെങ്കിലും സിനിമ മുന്നോട്ടു വയ്ക്കുന്ന വലിയൊരാശയത്തിന്റെ തീവ്രത തന്നെ മുഴച്ചു നില്‍ക്കുന്നു. അഭിനയ പാടവത്തില്‍ നടീ നടന്മാര്‍ ഉന്നത നിലവാരം പുലര്‍ത്തി. ആലിയ ഭട്ട് സവിശേഷമായ പ്രശംസ എന്തുകൊണ്ടും അര്‍ഹിക്കുന്നുമുണ്ട്. സംവിധാന, എഡിറ്റിംഗ് മികവിലും മൊണ്ടാഷിന്റെ സങ്കേതങ്ങളെ സിനിമയോടൊപ്പം കോര്‍ത്തുവെയ്ക്കുന്നതിലും ഉഡ്ത പഞ്ചാബ് ഒരു വിജയമാണ്. ഇത്തരം പ്രമേയങ്ങള്‍ കലാരൂപങ്ങളാക്കാന്‍ ഇറങ്ങിത്തിരിച്ച നിര്‍മാതാക്കള്‍ക്കും ഒരാശ്ലേഷം. 

മലയാളിക്കും ഉഡ്ത പഞ്ചാബ് പലതും കരുതിയിട്ടുണ്ട് പഠിക്കാന്‍. കല്യാണത്തിനും വാര്‍പ്പിനും അടിയന്തരത്തിനും ഒക്കെ മദ്യവും ലഹരിയും അനിവാര്യതയാകുന്ന മലയാളിക്ക്, വിശേഷിച്ചു യുവ തലമുറയ്ക്ക്, മനുഷ്യന്റെയും സാമൂഹ്യ വികാസത്തിന്റെയും ആത്മനിഷ്ടമായ ഊര്‍ജ്ജം കൈമോശം വരും എന്ന താക്കീത്.